വിമാനാപകടം; മലാവി വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു

Tuesday 11 June 2024 4:51 PM IST

ലിലോംഗ്‌വേ: തെക്കു കിഴക്കൻ ആഫ്രിക്കൻ രാജ്യമായ മലാവിയുടെ വൈസ് പ്രസിഡന്റ് സോലോസ് ചിലിമ ( 51 ) കൊല്ലപ്പെട്ടു. വിമാനാപകടത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ചിലിമയ്‌ക്കൊപ്പം ഉണ്ടായിരുന്ന ഒമ്പത് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. ഇന്നലെ ഇവർ സഞ്ചരിച്ച വിമാനം കാണാതായിരുന്നു. മുൻ മന്ത്രിയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ പോയപ്പോഴായിരുന്നു അപകടം നടന്നത്.

പ്രാദേശിക സമയം, ഇന്നലെ രാവിലെ 9.17ന് തലസ്ഥാനമായ ലിലോംഗ്‌വേയിൽ നിന്ന് പറന്നുയർന്നതിന് പിന്നാലെ വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായെന്ന് മലാവി ഡിഫെൻസ് ഫോഴ്സ് അറിയിച്ചിരുന്നു. വടക്കൻ നഗരമായ എംസൂസൂവിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് സംഘം പുറപ്പെട്ടത്. സാമ്പത്തിക വിദഗ്ദ്ധൻ കൂടിയായ ചിലിമ 2020ലാണ് രണ്ടാം തവണയും വൈസ് പ്രസിഡന്റായത്. 2014- 2019 കാലയളവിലും അദ്ദേഹം പദവി വഹിച്ചിരുന്നു. വിവിധ മന്ത്രിസ്ഥാനങ്ങളും കൈകാര്യം ചെയ്തിട്ടുണ്ട്.

Advertisement
Advertisement