വീണ്ടും തലപൊക്കുന്ന ബ്ളേഡ് മാഫിയ

Wednesday 12 June 2024 12:59 AM IST

വായ്‌പാ കുടിശ്ശികയുടെ പേരിൽ ബ്ളേഡ് മാഫിയ ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് നെയ്യാറ്റിൻകരയിൽ ഒരു കുടുംബത്തിലെ മൂന്നു പേർ ജീവനൊടുക്കിയ സംഭവം ഒറ്റപ്പെട്ട ഒന്നായി മാത്രം കാണാനാകില്ല. സംസ്ഥാനത്തിന്റെ പല ജില്ലകളിലും ഇതുപോലുള്ള സംഭവങ്ങൾ നടന്നിട്ടുണ്ടെങ്കിലും അന്വേഷണം ഒരിക്കലും ബ്ളേഡ് മാഫിയാ സംഘങ്ങളിലേക്ക് നീങ്ങാറില്ല. സാമ്പത്തിക പരാധീനതയാണ് കൂട്ട ആത്മഹത്യയ്ക്ക് ഇടയാക്കിയതെന്ന് എഴുതി പൊലീസ് കേസ് ക്ളോസ് ചെയ്യും. ഒരിക്കലും ഇത്തരം കുടുംബങ്ങൾ എത്ര രൂപ പലിശയ്ക്കെടുത്തു, എത്ര രൂപ തിരിച്ചടച്ചു, ആരാണ് ഇവരെ ഭീഷണിപ്പെടുത്തിയത് തുടങ്ങിയ വിവരങ്ങൾ പുറത്തുവരുത്തില്ല. ബ്ളെയിഡുകാർ ഭീഷണിപ്പെടുത്തുന്നതു സംബന്ധിച്ച് പരാതി നൽകിയാൽ പൊലീസ് സമയോചിതമായി യാതൊരു നടപടിയും സ്വീകരിക്കാറില്ല എന്നതാണ് നിലവിലെ അവസ്ഥ.

നെയ്യാറ്റിൻകരയിൽ ജീവനൊടുക്കിയ കുടുംബവും മൂന്നുമാസം മുമ്പ് കളക്‌ഷൻ ഏജന്റുമാർ ഭീഷണിപ്പെടുത്തുന്നത് സംബന്ധിച്ച് നെയ്യാറ്റിൻകര പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും കാര്യമായ നടപടിയൊന്നും സ്വീകരിച്ചില്ല. നെയ്യാറ്റിൻകര ഊരൂട്ടുകാല 'പ്രഭാ സദന"ത്തിൽ മണിലാൽ, ഭാര്യ എസ്. സ്‌മിത, ഇരുപത്തിരണ്ട് വയസുള്ള മകൻ അഭിലാൽ എന്നിവരാണ് ബ്ളേഡുകാരുടെ ശല്യം സഹിക്കാനാവാതെ ജീവനൊടുക്കിയത്. വായ്‌പ കുടിശ്ശികയായതോടെ പണമിടപാട് സ്ഥാപനത്തിലെ കളക്‌ഷൻ ഏജന്റുമാർ സ്‌മിത ജോലിചെയ്യുന്ന തുണിക്കടയിലെത്തി മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നും മറ്റും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്ന് ഇവർ 58,000 രൂപയാണ് വായ്‌പയെടുത്തത്. മകന്റെ വിദ്യാഭ്യാസ ഫീസ് അടച്ചതിനെത്തുടർന്നുണ്ടായ സാമ്പത്തിക ഞെരുക്കം കാരണമാണ് പലിശയുടെ തിരിച്ചടവ് മൂന്നുമാസം കുടിശ്ശികയായത്. ഇതേത്തുടർന്നാണ് കളക്‌ഷൻ ഏജന്റുമാർ എന്നു പറയുന്ന, പലിശക്കാരൻ വിടുന്ന ഗുണ്ടകൾ സ്‌മിതയെ നേരിട്ടും ഭർത്താവിനെ ഫോണിലൂടെയും ഭീഷണിപ്പെടുത്തിയത്.

ജനപ്രതിനിധികളും പൊലീസും മറ്റും ഇടപെട്ടാൽ ഒഴിവാക്കാവുന്നതായിരുന്നു ഈ കുടുംബത്തിനു സംഭവിച്ച ദുരന്തം. രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് 'ഓപ്പറേഷൻ കുബേര" എന്ന പേരിൽ പൊലീസ് നടത്തിയ നടപടികൾ ബ്ളേഡ് പലിശക്കാരെ ഒതുക്കുന്നതിൽ വളരെ വിജയം കൈവരിച്ച ഒന്നായിരുന്നു. പലിശക്കാർക്കെതിരെ പരാതികൾ നൽകാനും അന്ന് സാധാരണ ജനങ്ങൾക്ക് ധൈര്യം തോന്നിയിരുന്നു. ഇപ്പോൾ അങ്ങനെയുള്ള യാതൊരു നടപടികളും ഇല്ലാത്തതിനാൽ പലിശക്കാർ യഥേഷ്ടം വിലസുകയാണ്. അഴിമതിയിലൂടെയും മറ്റും സമ്പാദിക്കുന്ന പണം പൊലീസിൽ ഉൾപ്പെടെയുള്ള ചില ഉദ്യോഗസ്ഥർ ഗുണ്ടകൾ വഴി പലിശയ്ക്കു നൽകുന്നുണ്ട്. ഇവരൊക്കെ നിഴൽ പോലെ പിറകിൽ ഉള്ളതിനാലാണ് 'പലിശ കുബേരന്മാർ"ക്കെതിരെ ആരും ഒരു നടപടിയും എടുക്കാത്തത്.

അയ്യായിരം രൂപയ്ക്ക് ദിനംപ്രതി 300 രൂപ പലിശ വാങ്ങുന്ന ടീമുകളും സംസ്ഥാനത്ത് ചില നഗരങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. ഇവരിൽ നിന്ന് 5000 രൂപ കടമെടുത്ത ഒരു പെയിന്റിംഗ് തൊഴിലാളി പതിനായിരത്തിലേറെ രൂപ തിരിച്ചടച്ചിട്ടും കടം തീരാത്തതിനാൽ ആത്മഹത്യ ചെയ്‌‌ത സംഭവം നടന്നത് രണ്ടു വർഷം മുമ്പ് തൃശൂരിലായിരുന്നു.

ജപ്‌തി നടപടിയുടെ പേരിൽ ജനങ്ങളെ പീഡിപ്പിക്കുന്നതും ആത്മഹത്യയിലേക്ക് തള്ളിവിടുന്നതും തടയാൻ നിയമത്തിൽ ഭേദഗതി വരുത്തിയ സർക്കാരാണ് ഭരിക്കുന്നത്. സ്വാഭാവികമായും ഇത്തരം നിയമങ്ങൾ വരുമ്പോൾ ഔദ്യോഗിക ബാങ്കുകൾ വായ്‌പ നൽകാൻ മടിക്കും. അപ്പോൾ ജനങ്ങൾ കൂടുതലും ആശ്രയിക്കേണ്ടി വരിക ബ്ളേഡുകാരെത്തന്നെ ആയിരിക്കും. അതിനാൽ നിയമാനുസൃതമല്ലാത്ത രീതിയിൽ പ്രവർത്തിക്കുന്ന ബ്ളേഡ് മാഫിയയ്ക്കെതിരെ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കേണ്ടത് അനിവാര്യമാണ്.

Advertisement
Advertisement