ഒഡീഷയുടെ ആദ്യ ബിജെപി മുഖ്യമന്ത്രിയെ തീരുമാനിച്ചു, മോഹൻ ചരൺ മാജി സംസ്ഥാനത്തെ നയിക്കും

Tuesday 11 June 2024 7:04 PM IST

ഭുവനേശ്വർ: 24 വർഷം നീണ്ട നവീൻ പട്‌നായിക്കിന്റെ ഭരണകാലത്തിന് അവസാനം. നാല് വട്ടം എംഎൽ‌എയായ മുതിർന്ന ബിജെപി നേതാവ് മോഹൻ ചരൺ മാജി ഇനി ഒഡീഷയെ നയിക്കും. മോഹൻ ചരൺ മാജിയെ നിയമസഭാ കക്ഷി നേതാവായി നിയമസഭാ കക്ഷിയോഗത്തിൽ തിരഞ്ഞെടുത്തു. ഇതാദ്യമായാണ് ബിജെപി മുഖ്യമന്ത്രി സംസ്ഥാനത്ത് അധികാരമേറുന്നത്. കെ വി സിംഗ് ഡിയോയും പ്രവതി പരിദയും ഉപമുഖ്യമന്ത്രിമാരായി തിരഞ്ഞെടുക്കപ്പെട്ടു. ഭുവനേശ്വറിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് പ്രഖ്യാപനങ്ങൾ നടത്തിയത്. അദ്ദേഹത്തോടൊപ്പം കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവും യോഗത്തിൽ പങ്കെടുത്തിരുന്നു.

കിയോഞ്ജർ അസംബ്ളി മണ്ഡലത്തിൽ നിന്നാണ് മോഹൻ ചരൺ മാജി നിയമസഭയിലേക്ക് വിജയിച്ചെത്തിയത്. ബിജു ജനതാ ദളിന്റെ(ബിജെഡി) മിനു മാജിയെ 87,000ലധികം വോട്ടിന്റെ വമ്പൻ ഭൂരിപക്ഷത്തിലാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. മണ്ഡലത്തിലെ 40.84 ശതമാനം വോട്ട് അദ്ദേഹം നേടി. 147 സീറ്റുകളിൽ 78 സീറ്റുകൾ നേടിയാണ് ബിജെപി കാൽ നൂറ്റാണ്ട് നീളുന്ന ബിജെ‌ഡി ഭരണം അവസാനിപ്പിച്ച് ബിജെപി ഒഡീഷയിൽ അധികാരത്തിലെത്തുന്നത്.

ഗോത്രവിഭാഗത്തിൽ പെട്ട മാജി മുൻപും രണ്ട് തവണ കിയോഞ്ജർ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. 2000 മുതൽ 2009 വരെയാണ് അദ്ദേഹം മണ്ഡലത്തെ പ്രതിനിധീകരിച്ചത്. നാളെ നടക്കുന്ന സത്യപ്രതിജ്ഞയ്‌ക്ക് നവീൻ പട്‌നായിക്കിനെ ബിജെപി ക്ഷണിച്ചിട്ടുണ്ട്. 2009ൽ വെറും ആറ് സീറ്റുകളിലാണ് ബിജെപി സംസ്ഥാനത്ത് ജയിച്ചത്. 2014ൽ 10ഉം 2019ൽ 23ഉം സീറ്റുകളായി ക്രമമായി വർദ്ധിപ്പിച്ച ശേഷമാണ് ഇത്തവണ അധികാരം പിടിച്ചത്.

Advertisement
Advertisement