സ്വന്തം ബാങ്ക് അക്കൗണ്ട് ജീവിതപങ്കാളി ദുരുപയോഗം ചെയ്‌തെന്ന് പരാതി

Wednesday 12 June 2024 2:38 AM IST

തൃശൂർ: സ്വന്തം ബാങ്ക് അക്കൗണ്ട് ജീവിതപങ്കാളി ദുരുപയോഗം ചെയ്തത് മൂലം 18 ദിവസം ജയിൽവാസം അനുഭവിക്കേണ്ടി വന്നെന്നും വൻ സാമ്പത്തിക ബാദ്ധ്യതയിലായെന്നും വടക്കാഞ്ചേരി സ്വദേശി പൊന്നുവീട്ടിൽ സരിത ഗോപി. ചെങ്ങന്നൂർ സ്വദേശി കവലക്കൽ ഷെഫീക് കബീറിനെതിരെയാണ് പരാതി. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി യുവതിയുടെ അക്കൗണ്ടിലേയ്ക്ക് പണം സ്വീകരിച്ച് തട്ടിയെടുത്തെന്നാണ് പരാതി. ഷെഫീക്കിനെതിരെ ആലപ്പുഴ ജില്ലയിലെ വെൺമണി പൊലീസ് കേസെടുത്തിട്ടുണ്ടെന്നും വാർത്താ സമ്മേളനത്തിൽ സരിത പറഞ്ഞു.


സാമൂഹിക മാദ്ധ്യമം വഴി പരിചയപ്പെട്ട ഷെഫീഖിനെ ഗുരുവായൂർ ക്ഷേത്രനടയിൽ വെച്ചാണ് വിവാഹം കഴിച്ചെന്നും വ്യത്യസ്ത മതക്കാരായതിനാൽ രജിസ്റ്റർ ചെയ്യാനായില്ലെന്നുമാണ് യുവതി പറയുന്നത്. തുടർന്ന് കൊച്ചിയിലെ ഫ്‌ളാറ്റിൽ താമസിക്കുകയായിരുന്നു ഇരുവരും. ഇതിനിടെ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഷെഫീക്കിന്റെയും തന്റെയും പരിചയക്കാരിൽ നിന്ന് പങ്കാളി പണം വാങ്ങിയെന്നും ഇത് തന്റെ അക്കൗണ്ടിലൂടെയാണ് സ്വീകരിച്ചതെന്നുമാണ് യുവതി പറയുന്നത്.

ജോലി കിട്ടാത്തതിനെ തുടർന്ന് പണം നൽകിയവർ പരാതി നൽകി. കഴിഞ്ഞവർഷം മേയിൽ സരിതയെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. 18 ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്. ഷെഫീക്ക് തന്റെയും കുടുംബത്തിന്റെയും കൈയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തിട്ടുണ്ടെന്നും പലതവണ മർദ്ദിച്ചിട്ടുണ്ടെന്നും യുവതി പരാതിപ്പെടുന്നു. ഷെഫീക്കിനെതിരെ നടപടിയാവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി നൽകി.

Advertisement
Advertisement