മലബാറിൽ കോട്ടകൾക്കപ്പുറവും ലീഗ്

Wednesday 12 June 2024 1:42 AM IST
muslim leauge

അധികാരത്തിൽ നിന്ന് പുറത്തായാൽ മുസ്ലിം ലീഗിന് പഴയ ലീഗാവാനാവില്ലെന്ന ഇടതുപക്ഷ സ്വപ്നങ്ങളെ ചവിട്ടി മെതിച്ചാണ് മലബാറിൽ പച്ചക്കൊടി പാറിപ്പറക്കുന്നത്. മലബാറിലെ യു.ഡി.എഫ് രാഷ്ട്രീയത്തിന് കരുത്തും കെട്ടുറപ്പും പകരുന്നതാണ് തിരഞ്ഞെടുപ്പ് ഫലം. തിരിച്ചടികളെ കരുത്താക്കിയുള്ള ലീഗിന്റെ നേട്ടം കേരള രാഷ്ട്രീയ ഭാവിയിൽ നിർണായകമാവും.

ലീഗ് പാളയത്ത് നിന്ന് ആളുകളെ അടർത്തിമാറ്റി പച്ചപിടിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ചുവപ്പ് രാഷ്ട്രീയത്തെ മുസ്ലിം ലീഗിനെ അണികളെ ബോദ്ധ്യപ്പെ ടുത്താനായതാണ് മലബാറിൽ യു.ഡി.എഫിന് കണ്ണഞ്ചിപ്പിക്കുന്ന വിജയമേകിയത്. മത്സരിച്ച രണ്ട് സീറ്റികളിലും രണ്ട് ലക്ഷത്തിലധികം വോട്ടിനാണ് ലീഗ് വിജയം കൊയ്തത്. മലപ്പുറത്തത് മൂന്ന് ലക്ഷം കടന്നെങ്കിൽ എതിരാളികൾ എല്ലാ തന്ത്രങ്ങളും പയറ്റിയിട്ടും പൊന്നാനിയിലും രണ്ട് ലക്ഷത്തിലധികം വോട്ടിനാണ് ലീഗ് വിജയം കൊയ്തത്. തിരിച്ചടികളെ കരുത്താക്കാൻ ലീഗ് നേതാക്കളും അണികളും താഴെ തട്ട് മുതൽ കഠിന പ്രയത്നം നടത്തിയപ്പോൾ കോൺഗ്രസിനുമുണ്ടായത് വൻ നേട്ടം.

വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ പ്രചാരണത്തിനിടെ പതാകകൾ ഒഴിവാക്കിയതിനെ തുടർന്ന് സ്വന്തം പതാക പുറത്തു കാണിക്കാൻ വിലക്കുള്ളവരെന്ന് പരിഹാസം ഏറെ തിരഞ്ഞെടുപ്പ് കാലത്ത് ഏറ്റുവാങ്ങിയിരുന്നു മുസ്ലിം ലീഗ്. ലീഗിന്റെ പച്ചപതാകയെ പാകിസ്ഥാന്റെ പതാകയെന്ന് പറഞ്ഞ് ഉത്തരേന്ത്യയിൽ ബി.ജെ.പി പ്രചാരണം നടത്തുമെന്ന ആശങ്കയെ തുടർന്ന് രാഹുൽ ഗാന്ധിയുടെ റോഡ് ഷോകളിൽ നിന്ന് കോൺഗ്രസിന്റെയും ലീഗിന്റെയും പതാകകൾ ഒഴിവാക്കിയതിനെതിരെ ബി.ജെ.പി നേതാക്കളേക്കാൾ പരിഹാസം ചൊരിഞ്ഞത് ഇടതുപക്ഷക്കാരായിരുന്നു. ഇത് പ്രചാരണ വിഷയമാക്കുകയും ചെയ്തു.

മുസ്ലിം ലീഗിന്റെ പരമ്പരാഗത വോട്ട് ബാങ്കിൽ കണ്ണുവെച്ചുള്ള സി.പി.എമ്മിന്റെ ഒളിഞ്ഞും തെളിഞ്ഞമുള്ള പരിശ്രമങ്ങളെല്ലാം തിരഞ്ഞെടുപ്പിൽ കോട്ടകെട്ടി തടഞ്ഞു. സമസ്തയിലെ ചില നേതാക്കളുമായുള്ള അഭിപ്രായ ഭിന്നതയും വലിയ തിരഞ്ഞെടുപ്പ് ചർച്ചയായി.

എന്നാൽ നെഞ്ചിൽ തറച്ച എല്ലാ എല്ലാ അസ്ത്രങ്ങളെയും കരുത്താക്കി മുസ്ലിം ലീഗ് കോൺഗ്രസിനൊപ്പം കൈമെയ് മറന്ന് പോരാടിയതിന്റെ ഫലമാണ് വടകരയിലെയും കോഴിക്കോട്ടെയും മലപ്പുറത്തെയും പൊന്നാനിയിലെയും കണ്ണൂരിലെയും വയനാട്ടിലെയുമെല്ലാം യു.ഡി.എഫിന്റെ തകർപ്പൻ വിജയത്തന് പിന്നിലെ ഇന്ധനം.

ഇടത് കോട്ടകൾ

തകർത്തു

തെളിയിക്കാനുള്ളതെല്ലാം തെളിയിച്ചാണ് മുസ്ലിം ലീഗ് പ്രവർത്തകർ ലോകസഭ തിരഞ്ഞെടുപ്പിൽ ഹരിത പതാക വാനിലേക്കുയർത്തിയത്. ഇടതു കോട്ടകളായിരുന്ന വടകരയും കോഴിക്കോടും തിരിച്ചുപിടിക്കാനായി ലീഗിന്റെ കോട്ടകളിലേക്ക് കടന്നുയറി ന്യൂനപക്ഷ വോട്ടുകളിൽ വിള്ളലുണ്ടാക്കാനുള്ള ശ്രമങ്ങളും ഫലവത്തായില്ല. പാലസ്തീൻ ഐക്യദാർഢ്യം, ഏക സിവിൽകോഡ് വിഷയത്തിലും സി.എ.എ,​ എൻ.ആർ.സി വിഷത്തിലുമെല്ലാം അതിശക്തമായ പ്രചാരണം നടത്തിയ ഇടതുപക്ഷം ഇതിനായി ശ്രമം നടത്തിയിരുന്നു. കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും കടന്നാക്രമിക്കുകയും ചെയ്തു. എന്നാൽ പ്രതിരോധത്തിലായിപ്പോയേക്കാവുന്ന അവസ്ഥയിൽ ലീഗ് നേതാക്കളുടെ വാക്കുകളുടെ കരുത്തിലാണ് കോൺഗ്രസ് പിടിച്ചു കയറിയത്. ആദ്യം ലീഗിനെ കാര്യമായ വിമർശിക്കാതിരുന്ന സി.പി.എം ലീഗ് കരുത്തു കാട്ടുമെന്ന് ഉറപ്പായപ്പോൾ നിലപാട് മാറ്റി. വടകരയിലുൾപ്പടെ ഇത് വലിയ പോരാട്ടത്തിന് വഴിമാറി.

തിരൂരങ്ങാടി, താനൂർ, തിരൂർ, കോട്ടയ്ക്കൽ, തവനൂർ, പൊന്നാനി, തൃത്താല എന്നീ ഏഴ് മണ്ഡലങ്ങളിൽ നാലിലും ഇടത് എം.എൽ.എമാരുള്ള മണ്ഡലത്തിലാണ് ലീഗിന്റെ ഈ വമ്പൻ വിജയം.

ലീഗ് കരുത്തിൽ യു.‌ഡി.എഫ്

മലപ്പുറത്തെ ഇ.ടി. മുഹമ്മദ് ബഷീറിന്റെ ഭൂരിപക്ഷം രാഷ്ട്രീയ കേരളത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. 3,00,118 എന്നത് മുസ്ലിം ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണ്. എം.പി.മാരെ മണ്ഡലം മാറി മത്സരിപ്പിച്ചതുൾപ്പെടെ തോൽവി ഭയന്നിട്ടാണെന്ന് പ്രചാരണം നടത്തിയവരെയെല്ലാം ഞെട്ടിക്കുന്ന വിജയം. കോഴിക്കോട്ടെയും വടകരയിലെയും വയനാട്ടിലെയും കണ്ണൂരിലെയും കാസർകോട്ടെയുമെല്ലാം വിജയം യു.ഡി.എഫ് കൊയ്തത് ലീഗിന്റെ കരുത്തിലൂടെയാണ്. കോഴിക്കോട്ട് കോൺഗ്രസ് സ്ഥാനാർത്ഥി എം.കെ. രാഘവൻ 1.46 ലക്ഷത്തിന്റെ വിജയം നേടിയതിൽ കൂടുതൽ വേട്ടും ലീഗ് കോട്ടയിൽ നിന്നാണ്. ഇടതുകോട്ടയിൽ വൻ ഭൂരിപക്ഷം നേടി നാലാമതും വിജയമുറപ്പിച്ച് പാർട്ടി ഓഫീസിൽ നിന്ന് പുറത്തുവന്ന എം.കെ. രാഘവൻ ആദ്യം ക്രെഡിറ്റ് നൽകിയതും മുസ്ലിം ലീഗിനാണ്. 38644 വോട്ടിന്റെ ഭൂരിപക്ഷമാണ് യു.ഡി.എഫിന് ലീഗിന്റെ പൊന്നാപുരം കോട്ടയായ കൊടുവള്ളി നൽകിയത്. രണ്ടാമത്തെ വലിയ ഭൂരിപക്ഷം ലഭിച്ചത് ലീഗിന്റെ മണ്ഡലമായ കുന്ദമംഗലത്ത് നിന്നാണ്. 23,302 വോട്ടുകൾ. 21063 വോട്ടിന്റെ ഭൂരിപക്ഷം നൽകി ലീഗിന്റെ ശക്തികേന്ദ്രമായ കോഴിക്കോട് സൗത്ത് പിന്നാലെയുണ്ട്.

ഷാഫിക്കൊപ്പം വടകരയിലും

വടകരയിലിലെ പ്രചാരണത്തിൽ നിറഞ്ഞ മുസ്ലിം ലീഗ് പ്രവർത്തകരുടെ ആവേശം ഇടത് ക്യാമ്പിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന് നേരെ വിരൽ ചൂണ്ടി നിരവധി ആരോപണങ്ങൾ ഉയർന്നു. എന്നാൽ ഇതിനെല്ലാം വോട്ടിംഗ് മെഷീനിലൂടെയും മറുപടി നൽകി. ലീഗിന്റെ ശക്തി കേന്ദ്രങ്ങളായ കുറ്റ്യാടിയും നാദാപുരവുമെല്ലാം ഷാഫിയ്ക്ക് നൽകിയത് കാൽ ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷം. നാദാപുരത്ത് 23877വോട്ടിന്റെയും കുറ്റ്യാടിയിൽ 23635 വോട്ടിന്റെയും ഭൂരിപക്ഷമാണ് ഷാഫി പറമ്പിലിന് ലഭിച്ചത്. ഇടത് കോട്ടകളായ തലശ്ശേരിയിലും നാദാപുരത്തും പേരാമ്പ്രയിലുമെല്ലാം മുസ്ലിം ലീഗ് നിറഞ്ഞ നിന്നപ്പോൾ ഇടതുപക്ഷത്തിന്റെ അടിയുറച്ച് വോട്ടുകൾ പോലും കൈപ്പത്തിയിൽ പതിഞ്ഞു.ഏക സിവിൽകോഡ്, സി.എ.എ, പാലസ്തീൻ ഐക്യദാർഢ്യം തുടങ്ങിയ വിഷയങ്ങളും സമസ്തയുമായി ബന്ധപ്പെട്ട വിഷയങ്ങളും ഉയർത്തി യു.ഡി.എഫിന്റെയും മുസ്ലിം ലീഗിന്റെയും ന്യൂനപക്ഷ വോട്ടുകളിൽ വിള്ളലുണ്ടാക്കാനുള്ള സി.പി.എമ്മിന്റെ ശ്രമങ്ങളെ ഏറെ ചടുലമായാണ് ലീഗ് പ്രതിരോധിച്ചത്. ലീഗിനെ കാര്യമായി വിമർശിക്കാതെ കോൺഗ്രസിനെ കടന്നാക്രമിക്കുന്ന തന്ത്രം സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും പി.എം.എ സലാമും പൊളിച്ചടുക്കി.

പ്രശ്നങ്ങൾ വോട്ടിനെ ബാധിച്ചില്ല.

കടുത്ത മത്സരം പ്രവചിക്കകപ്പെട്ട കണ്ണൂരും കാസർക്കോടും കെ.സുധാകരനും രാജ്മോഹൻ ഉണ്ണിത്താനും കരുത്തേകിയതും ലീഗ് തന്നെയാണ്. തിരഞ്ഞടുപ്പിൽ കരുത്തറിയിച്ചതോടെ സമസ്തയ്ക്ക് മുന്നിലും ലീഗ് തല ഉയർത്താനായി. സമസ്തയിലെ ചില നേതാക്കളുമായുള്ള പ്രശ്നങ്ങൾ തെല്ലും വോട്ടി ബാങ്കിനെ ബാധിച്ചില്ലെന്ന് മാത്രമല്ല. വൻ തോതിൽ വോട്ടുയർത്തുകയും ചെയ്തു. ഇതോടെ ഇനി ലീഗിനെ പ്രതിരോധത്തിലാക്കുന്ന നടപടികൾ സമസ്തയുടെ ഭാഗത്ത് നിന്ന് ഉണ്ടാവില്ലെന്ന സൂചനയും വന്നിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് തന്നെ സമസ്തയുടെ നിലാപാടിനോടുള്ള എതിർപ്പ് ലീഗ് നേതാക്കൾ വ്യക്തമാക്കിയിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാമിനെ സ്ഥാനത്ത് നിന്ന് നീക്കണമെന്ന ഉമർ ഫൈസി മുക്കത്തിന്റെ പ്രസ്താവനയ്ക്കെതിരെ സാദിഖലി തങ്ങൾ രംഗത്തെത്തിയിരുന്നു. മുസ്ലിം ലീഗിന്റെ ഭാരവാഹികൾ ആരാകണമെന്ന് തീരുമാനിക്കേണ്ടത് ലീഗാണെന്നും അത് ലീഗിന്റെ ആഭ്യന്തര കാര്യമാണെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. സമസ്തയുമായി അസ്വാസരസ്യങ്ങൾ തുടരുന്ന സാഹചര്യത്തിൽ സമസ്ത മുഖപത്രമായ സുപ്രഭാതത്തിന്റെ ഗൾഫ് എഡിഷൻ ഉദ്ഘാടന ചടങ്ങിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും വിട്ടുനിന്നിരുന്നു. സമസ്തയുടെ മുഖപത്രമായ സുപ്രഭാതവുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ ഉണ്ടായതായി കുഞ്ഞിലിക്കുട്ടി പരസ്യമായി പറയുകയും ചെയ്തു. സമസ്തയെ നേരിട്ടാക്രമിക്കാതെയായിരുന്നു പ്രതികരണം. ഇനിയും സമസ്തയുടെ ഭാഗത്ത് നിന്ന് ലീഗ് വിരുദ്ധ നീക്കങ്ങളുണ്ടായാൽ ശക്തമായി പ്രതികരിക്കാനുള്ള കരുത്ത് ലീഗിന് നൽകുന്നതാണ് ജനവിധി. ഇത് സമസ്തയും തിരിച്ചറിയുന്നുണ്ട്. കരുത്തും കഴിവും ആത്മാർത്ഥതയും തെളിയിച്ചാണ് ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം ലീഗ് നെഞ്ചുവിരിച്ച് നിൽക്കുന്നത്. കൂടുതൽ കരുത്തോടെ, പച്ചക്കോട്ടകെട്ടി.

Advertisement
Advertisement