* അവയവ റാക്കറ്റ് ഇരയുടെ വെളിപ്പെടുത്തൽ * 20 ലക്ഷം വാഗ്ദാനം ചെയ്തു, 6 ലക്ഷം നൽകി വഞ്ചിച്ചു

Wednesday 12 June 2024 1:51 AM IST

ആലുവ: ഇറാൻ അവയവക്കച്ചവട റാക്കറ്റ് പാലക്കാട് സ്വദേശി ഷെമീറിനെ പറഞ്ഞ തുക നൽകാതെ ചതിച്ചു. മുഖ്യപ്രതികളിലൊരാളായ ആന്ധ്രാപ്രദേശ് സ്വദേശി പ്രതാപൻ 20 ലക്ഷം രൂപയാണ് ഷെമീറിന് വാഗ്ദാനം ചെയ്തത്. നൽകിയത് ആറ് ലക്ഷം മാത്രം. ബാക്കി തുകയ്ക്കായി പിന്നാലെ നടന്നെങ്കിലും നൽകിയില്ലെന്നാണ് ഷെമീർ പൊലീസിനോട് വെളിപ്പെടുത്തിയത്.

ആറ് വർഷം മുമ്പ് ഷെമീർ ജോലിക്കായി മലേഷ്യയിൽ പോയിരുന്നു. പിതാവിന്റെ അസുഖത്തെ തുടർന്ന് മടങ്ങിയെത്തി. ചൂതാട്ടത്തിലെ കമ്പം സാമ്പത്തികമായി തകർത്തപ്പോഴാണ് അവയവക്കച്ചവടത്തിന് ഒരുങ്ങിയത്. ഫേസ്ബുക്കിൽ നിന്നാണ് പ്രതാപന്റെ നമ്പർ ലഭിച്ചത്.

അവയവ കൈമാറ്റം നിയമവിരുദ്ധമാണോയെന്ന് സംശയമുണ്ടായിരുന്നെങ്കിലും ഇറാനിൽ കൈമാറ്റം നടത്തിയാൽ കേസുണ്ടാകില്ലെന്ന് പ്രതാപൻ ഉറപ്പുനൽകി. 2024 ഏപ്രിൽ 21നാണ് തായ്ലൻഡ്, മസ്കറ്റ് വഴി ഇറാനിലെത്തിയത്. മേയ് മൂന്നിന് ശസ്ത്രക്രിയ കഴിഞ്ഞ് നാട്ടിൽ മടങ്ങിയെത്തി. പൊലീസ് സാബിത്ത് നാസറിനെ അറസ്റ്റ് ചെയ്തെന്ന് അറിഞ്ഞതോടെ സ്ഥലംവിടുകയായിരുന്നു.

പൊലീസ് വ്യാജകഥ ചമയ്ക്കുകയാണെന്ന് പറഞ്ഞു ഫേസ്ബുക്കിൽ പോസ്റ്റിടാൻ പ്രതാപനും സംഘവും സമ്മർദ്ദം ചെലുത്തിയെന്നുമാണ് ഷെമീറിന്റെ മൊഴി.

ചികിത്സ ലഭ്യമാക്കും, മാപ്പുസാക്ഷിയാക്കും

ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ ഷെമീറിന് ചികിത്സ ലഭ്യമാക്കുമെന്ന് ആലുവ റൂറൽ എസ്.പി ഡോ. വൈഭവ് സക്സേന പറഞ്ഞു.

20 പേരെ ഇറാനിലെത്തിച്ച് അവയവവില്പന നടത്തിയെന്നാണ് കേസിൽ ആദ്യം അറസ്റ്രിലായ സാബിത്തിന്റെ മൊഴി. ഷെമീ‌ർ ഒഴികെ ബാക്കിയെല്ലാം ഡൽഹി, ഹൈദരാബാദ്, ലക്‌നൗ സ്വദേശികളാണ്. കേസിലെ മുഖ്യപ്രതി മധുവിനെ നാട്ടിലെത്തിക്കാൻ ആവശ്യമെങ്കിൽ ഇന്റർപോൾ സഹായം തേടുമെന്നും എസ്.പി പറഞ്ഞു.

അവയവക്കടത്ത് കേസിൽ ഷെമീറിനെ മാപ്പു സാക്ഷിയാക്കും. ഷെമീറിൻെറ രഹസ്യമൊഴി രേഖപ്പെടുത്തും.

Advertisement
Advertisement