വ്യാജ ഡോക്യുമെന്റേഷൻ നിർമ്മിച്ച് പണം തട്ടിയ കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ

Wednesday 12 June 2024 1:53 AM IST

തൃശൂർ : ബിസിനസ് സ്ഥാപനത്തിന്റെ പർച്ചേസ് ഓർഡറിന്റെ വ്യാജ ഡോക്യുമെന്റേഷൻ നിർമ്മിച്ച് കോയമ്പത്തൂർ സ്വദേശിയിൽ നിന്നും 1.21 കോടി തട്ടിയെടുത്ത കേസിലെ പ്രതികളിൽ ഒരാൾ കൂടി അറസ്റ്റിൽ. ചെങ്ങാലൂർ സൂര്യഗ്രാമം സ്വദേശി പാരഡൈസ് വില്ലയിലെ തയ്യാലയ്ക്കൽ വീട്ടിൽ മെഫിൻ ഡേവിസാണ് (36) ജില്ല ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ ആർ.മനോജ്കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. വ്യാജ പർച്ചേസ് ഓർഡർ ഹാജരാക്കി പരാതിക്കാരന്റെ സ്ഥാപനത്തിൽ നിന്നും വർക്കിംഗ് ക്യാപിറ്റലായി 1.21 കോടിയിലധികം തുക അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്ത് തിരിച്ചുനൽകാതെ തട്ടിപ്പ് നടത്തുകയായിരുന്നു. അന്വേഷണത്തിൽ പ്രതി സമാനരീതിയിലുള്ള മറ്റ് രണ്ട് കേസിൽ കൂടി ഉൾപ്പെട്ടിട്ടുള്ളയാളാണെന്നും ഈ കേസിൽ നാല് കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയതായും അറിവായിട്ടുണ്ട്. സബ് ഇൻസ്‌പെക്ടർമാരായ വി.രമേഷ്, കെ.ജി.ഗോപിനാഥൻ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർമാരായ സുഷിത എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

Advertisement
Advertisement