കുതിരാൻ ഒരാഴ്ചയ്ക്കകം തുറക്കും, സുരക്ഷയില്ലാതെ പാത

Tuesday 11 June 2024 8:07 PM IST

തൃശൂർ: കുതിരാനിൽ തൃശൂർ ഭാഗത്തേക്കുള്ള ടണലിനുള്ളിലെ അറ്റകുറ്റപ്പണി അവസാന ഘട്ടത്തിലായതോടെ ഒരാഴ്ചയ്ക്കുള്ളിൽ തുറക്കുമെന്ന് ഉറപ്പായി. അതേസമയം, തൃശൂർ - പാലക്കാട് ദേശീയപാതയിൽ സുരക്ഷയില്ലാത്തത് വലിയ അപകടഭീഷണി ഉയർത്തുകയാണ്. ഇന്നലെയും മുടിക്കോട് സർവീസ് റോഡിലുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചതാേടെ യാത്രക്കാരും നാട്ടുകാരും പ്രതിഷേധത്തിലാണ്.

സുരക്ഷാ പരിശോധനയ്ക്കു ശേഷമാകും ടണൽ ഗതാഗതത്തിന് തുറന്നുകൊടുക്കുക. ടണലിലെ കോൺക്രീറ്റ് ജോലികൾ കഴിഞ്ഞ ദിവസം പൂർത്തിയാക്കിയിരുന്നു. ലൈറ്റുകളും എക്‌സോസ്റ്റ് ഫാനുകളും പുനഃസ്ഥാപിക്കുന്ന ജോലികളാണ് നടക്കുന്നത്. ടണലിലെ എല്ലാ അഗ്‌നിരക്ഷാ ഉപകരണങ്ങളും ഇതിനൊപ്പം മാറ്റി സ്ഥാപിച്ചിട്ടുണ്ട്. ടണലിനുള്ളിൽ വൃത്തിയാക്കൽ പൂർത്തിയാക്കിയശേഷം ദേശീയപാത അതോറിറ്റിയുടെ എൻജിനിയറിംഗ് വിഭാഗം സുരക്ഷാപരിശോധന നടത്തും. അഗ്‌നി സുരക്ഷാ പരിശോധനയും നടത്തിയ ശേഷമാകും ഗതാഗതത്തിനായി തുറന്നു നൽകുക.

അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുമെന്ന് കരാർ കമ്പനി ഹൈക്കോടതിയിൽ ഉറപ്പു നൽകിയിരുന്നു. എന്നാൽ മാർച്ച് 11ന് മുൻപ് അറ്റകുറ്റപ്പണി പൂർത്തിയാക്കുന്നതിന് നേരത്തെ ദേശീയപാത അതോറിറ്റി നിർദ്ദേശിച്ചിരുന്നു.


പിഴ ഉറപ്പ്

ടണലിന്റെ നിർമ്മാണം വൈകിയതിന് കരാർ കമ്പനിക്ക് ദേശീയപാതാ അതോറിറ്റി പിഴ ചുമത്തുമെന്ന് ഉറപ്പായി. എത്ര തുക പിഴയൊടുക്കേണ്ടി വരുമെന്നാണ് അറിയാനുള്ളത്. മഴയും പ്രതികൂല കാലാവസ്ഥയും ചൂണ്ടിക്കാട്ടി പിഴയിൽ നിന്ന് രക്ഷപ്പെടാനുള്ള കരാർ കമ്പനിയുടെ ശ്രമവും ഫലിക്കില്ല. നൂറ് ദിവസത്തിലേറെ വൈകിയതിന്റെ പിഴ നൽകേണ്ടിവരുമെന്നാണ് കരുതുന്നത്. അറ്റകുറ്റപ്പണിയെത്തുടർന്ന് തൃശൂർ ഭാഗത്തേക്കുള്ള ഗതാഗതവും പാലക്കാട് ഭാഗത്തേക്കുള്ള ടണലിലൂടെയാക്കിയിരുന്നു. പണി പൂർത്തിയാക്കി രണ്ട് ടണലുകളും തുറക്കുന്നതോടെ കുതിരാനിലെ ഗതാഗതനിയന്ത്രണം ഒഴിവാകും.

മുടിക്കോട് ജാഗ്രത വേണം

അടിപ്പാതാ നിർമാണത്തിന്റെ ഭാഗമായി മുടിക്കോട് സെന്ററിൽ നടപ്പാക്കുന്ന ഗതാഗത നിയന്ത്രണം ആരംഭിച്ചിരുന്നു. പാലക്കാട്ടേക്ക് പോകുന്ന ദേശീയപാത അടച്ച് ഗതാഗതം സർവീസ് റോഡിലൂടെ വഴിതിരിച്ചുവിട്ടിരുന്നു. ദേശീയപാതയിൽ നിന്നിറങ്ങിയ വാഹനങ്ങൾ 200 മീറ്ററോളം സർവീസ് റോഡിലൂടെ പോയശേഷം വീണ്ടും ദേശീയപാതയിലേക്ക് കയറുന്ന രീതിയിലാണ് പരിഷ്‌കാരം. 30 കിലോമീറ്ററാണ് പരമാവധി അനുവദനീയമായ വേഗപരിധി. മൂന്നുമീറ്റർ ഉയരത്തിലാണ് അടിപ്പാത നിർമിക്കുന്നത്.

ജീവൻ പണയം വെയ്ക്കുന്ന പാത

  • ദേശീയപാതയിൽ പലയിടങ്ങളിലും സുരക്ഷാ മുന്നറിയിപ്പുകൾ ഇരുട്ടിൽ
  • വാഹനങ്ങൾ തിരിഞ്ഞുപോകേണ്ട ഭാഗത്ത് വേണ്ടത്ര വെളിച്ചമില്ല
  • തെരുവു വിളക്കുകൾ കത്താതിരുന്നതിനാൽ അപകടസാദ്ധ്യതയേറെ
  • പാലങ്ങളുടെ പ്രവേശനഭാഗങ്ങളിലും സൂചനാ ബോർഡുകൾ സ്ഥാപിച്ചിട്ടില്ല.


ടണൽ തുറക്കുന്നതുമായി ബന്ധപ്പെട്ട് നിലവിൽ നിർദ്ദേശങ്ങൾ ലഭിച്ചിട്ടില്ല. ദേശീയപാതാ അതോറിറ്റി അധികൃതർ ഉടൻ അറിയിക്കുമെന്നാണ് കരുതുന്നത്.

- പ്രമോദ് കൃഷ്ണൻ, എസ്.എച്ച്.ഒ, പീച്ചി

Advertisement
Advertisement