മറുപടി തേടി സുപ്രീംകോടതി,​ വിവാദം നീറ്റിനെ കളങ്കപ്പെടുത്തി

Wednesday 12 June 2024 4:05 AM IST

ന്യൂഡൽഹി : നീറ്റ് യു.ജി ക്രമക്കേട് വിവാദം പരീക്ഷയുടെ പവിത്രതയെ ബാധിച്ചെന്ന് സുപ്രീംകോടതി. ചെറിയ വിഷയമല്ലിത്. പരീക്ഷാനടത്തിപ്പുകാരായ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) മറുപടി പറഞ്ഞേ തീരൂ.

ജസ്റ്റിസുമാരായ വിക്രംനാഥ്, അഹ്സാനുദ്ദിൻ അമാനുള്ള എന്നിവരുൾപ്പെട്ട അവധിക്കാല ബെഞ്ചിന്റേതാണ് ഉത്തരവ്. മദ്ധ്യവേനൽ അവധി കഴിഞ്ഞ് കോടതി തുറക്കുന്ന ജൂലായ് എട്ടിനകം മറുപടി സമർപ്പിക്കണം. 8ന് വീണ്ടും പരിഗണിക്കും. കേന്ദ്രസർക്കാരിനുൾപ്പെടെ നോട്ടീസ് അയയ്ക്കാനും ഉത്തരവിട്ടു.

ചോദ്യപേപ്പർ ചോർന്നതിനാൽ പരീക്ഷ റദ്ദാക്കി വീണ്ടും നടത്തണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഒരുകൂട്ടം ഹർജികളാണ് പരിഗണിച്ചത്.

പരീക്ഷാഫലം പ്രഖ്യാപിക്കും മുൻപ് തന്നെ ഹർജികളെത്തിയിരുന്നു. ഫലം പുറത്തുവന്നപ്പോൾ ഗ്രേസ് മാർക്ക് വിവാദവുമുയർന്നു. എം.എസ്.എഫ് ഉൾപ്പെടെ ഹർജി സമർപ്പിച്ചു.

1563 വിദ്യാർത്ഥികളുടെ ഗ്രേസ് മാർക്കിലാണ് സംശയമുയർന്നത്. യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് ഗ്രേസ് മാർക്ക് നൽകിയതെന്ന് ഹർജികളിൽ ആരോപിച്ചു. ഒ.എം.ആർ ഷീറ്റ് നൽകാൻ വൈകിയതിനാൽ ആറു സെന്റുകളിൽ ഗ്രേസ് മാർക്ക് നൽകിയെന്നാണ് അധികൃതരുടെ വിശദീകരണം.

കൗൺസലിംഗിന്

സ്റ്രേയില്ല

മെഡിക്കൽ പ്രവേശന കൗൺസലിംഗ് സ്റ്റേ ചെയ്യണമെന്ന ഹർജിക്കാരുടെ ആവശ്യം നിരസിച്ചു. കൗൺസലിംഗ് വിലക്കാൻ കഴിയില്ല. കൂടുതൽ വാദിച്ചാൽ ഹർജി തള്ളുമെന്ന് മുന്നറിയിപ്പ് നൽകി.

നീറ്റിനെ കുരുക്കിയ

67 ഒന്നാം റാങ്ക്

 എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശനത്തിനുള്ള നീറ്റ് കഴിഞ്ഞ മേയ് അഞ്ചിനായിരുന്നു. 24 ലക്ഷത്തിൽപ്പരം വിദ്യാർത്ഥികൾ പരീക്ഷയെഴുതി

 ഗ്രേസ് മാർക്കിലൂടെ 67 പേർക്കാണ് ഒന്നാം റാങ്ക് കിട്ടിയത്. അതിൽ ആറുപേർ ഹരിയാനയിലെ ഒരു സെന്ററിലുള്ളവർ. ഇത്രയും പേർക്ക് ഒന്നാം റാങ്ക് ചരിത്രത്തിലാദ്യം

 ഈ കേന്ദ്രങ്ങളിലെ മാർക്ക് വിലയിരുത്തി തുടർനടപടി ശുപാർശ ചെയ്യാൻ യു.പി.എസ്.സി മുൻ ചെയർമാൻ അദ്ധ്യക്ഷനായി നാലംഗ സമിതി രൂപീകരിച്ചിട്ടുണ്ട്

 ഈ കേന്ദ്രങ്ങളിൽ വീണ്ടും പരീക്ഷ നടത്തണോ, മാർക്ക് പുനഃപരിശോധിക്കണോ തുടങ്ങിയ കാര്യങ്ങളിൽ സമിതി ശുപാർശ നൽകും

പ്രതിഷേധം തുടർന്ന്

വിദ്യാർത്ഥികൾ

ഇടതു വിദ്യാർത്ഥി സംഘടനയായ ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ ഡൽഹിയിലെ നാഷണൽ ടെസ്റ്റിംഗ് ആസ്ഥാനത്തിന് മുന്നിൽ പ്രതിഷേധിച്ചു. പരീക്ഷ വീണ്ടും നടത്താൻ നിവേദനം സമർപ്പിച്ചു. എ.ബി.വി.പിയും പ്രതിഷേധിച്ചു.

Advertisement
Advertisement