ഹോളിവുഡിൽ ഇടംനേടി സോണൽ നരോത്ത്

Wednesday 12 June 2024 12:03 AM IST
സോണൽ നരോത്ത്

കണ്ണൂർ: ഹോളിവുഡിൽ തന്റേതായ ഇടംനേടി സോണൽ നരോത്ത്. കണ്ണൂർ ജില്ലയിൽ ജനിച്ച സോണൽ വളർന്നത് ബംഗളൂരിലാണ്.

ഫോട്ടോഗ്രഫി, സിനിമ, ഷൂട്ടിംഗ് എന്നിവയാണ് സോണലിന്റെ ലോകം. ഓസ്കാർ നോമിനേഷൻ ലഭിച്ച പാസ്റ്റ് ലൈവ്സ്, മാര്യേജ് ‌സ്റ്റോറി, മോജിൻ: ദി ലോസ്‌റ്റ് ലെജൻഡ് തുടങ്ങിയ ചിത്രങ്ങളുടെ കലാസംവിധായകയായും കോർഡിനേറ്ററായും പ്രവർത്തിച്ച സോണൽ ഹോളിവുഡിൽ പുതിയ പരീക്ഷണങ്ങളുമായി മുന്നേറുകയാണ്. ജൂലിയാൻ മൂറും മിഷേൽ വില്യംസും അഭിനയിച്ച ആഫ്റ്റർ ദി വെഡ്‌ഡിംഗ്, പ്രശസ്ത ടി.വി സീരീസ് സ്ലാവ എന്നിങ്ങനെ നിരവധി പ്രോജക്ടുകളുടെ ഭാഗമായിട്ടുണ്ട് സോണൽ.

2008ൽ മൗണ്ട് കാർമൽ കോളേജിൽ മാസ് കമ്മ്യൂണിക്കേഷൻ പഠനം പൂർത്തീകരിച്ച സോണൽ അവിടെ വെച്ചാണ് തന്റെ താൽപര്യങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നത്. കോഴ്‌സിന്റെ അവസാന വർഷത്തിൽ പഠനത്തിന്റെ ഭാഗമായി നിർമ്മിച്ച ഷോർട്ട് ഫിലിമാണ് വഴിത്തിരിവായത്. പിന്നീട് തന്റെ വലിയ സ്വപ്നമായ സിനിമാ നിർമ്മാണ പ്രക്രിയ പഠിക്കാൻ അമേരിക്കയിലേക്ക് പോയി ന്യൂയോർക്ക് ഫിലിം അക്കാ‌ഡമിയിൽ 2011-ൽ ഫിലിം മേക്കിംഗ് ആൻഡ് സ്ക്രീൻ റൈറ്റിംഗ് കോഴ്‌സിന് ചേർന്നു. സെമിനാറുകളിലും ക്ലാസുകളിലും വർക്ക്ഷോപ്പുകളിലും പങ്കെടുത്ത് കലാമേഖലയെ അടുത്തറിയാൻ ശ്രമിച്ചു.

മികച്ച പ്രതിഭകൾ പരസ്പ‌രം മത്സരിക്കുന്ന നഗരമായ ന്യൂയോർക്കിൽ, വെല്ലുവിളികളെ മറികടന്ന് ആദ്യ ഷോർട്ട് ഫിലിമായ 'ടംബ്ലിംഗ് ആഫ്റ്റർ' 2012ൽ പുറത്തിറക്കി. ആ ചിത്രം അമേരിക്കൻ സ്പ്രിംഗ് ഓൺലൈൻ ഫിലിം അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. രണ്ട് വർഷത്തിനു ശേഷം, 2014ൽ ചൈനയിൽ നടന്ന ഇന്റർനാഷണൽ ബീജിംഗ് സ്‌റ്റുഡന്റ് ഫിലിം ഫെസ്‌റ്റിവലിൽ വിജയിച്ച 'ദി ബൈസിക്കിൾ' എന്ന ചിത്രത്തിന്റെ സഹനിർമ്മാതാവായി, സിനിമയുടെ മറ്റൊരു മേഖലയിലേക്ക് കടന്നു. വൈകാതെ ഹോളിവുഡ് ചിത്രങ്ങളിൽ കലാസംവിധായകയായും കോർഡിനേറ്ററായും പ്രവർത്തിക്കാൻ സാധിച്ചു.

2015ൽ പുറത്തിറങ്ങിയ മോജിൻ: ദി ലോസ്‌റ്റ്‌ ലെജൻഡും ആദം ഡ്രൈവറും സ്‌കാർലറ്റ് ജോഹാൻസണും അഭിനയിച്ച് 2019ലെ ചിത്രം മാര്യേജ് സ്‌റ്റോറിയും സോണലിനെ രേഖപ്പെടുത്തുന്ന ചിത്രങ്ങളായിരുന്നു. 2023-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ റൊമാന്റിക് ഡ്രാമ ചിത്രമാണ് പാസ്‌റ്റ് ലൈവ്‌സ്. ഗോൾഡൻ ഗ്ലോബ് അവാർഡിൽ അഞ്ച് നോമിനേഷനുകളും ഓസ്കറിലെ മികച്ച ഒറിജിനൽ തിരക്കഥയ്ക്കും മികച്ച ചിത്രത്തിനുമുള്ള നോമിനേഷനുകളും നോമിനേറ്റ് ചെയ്യപ്പെട്ട ഈ ചിത്രത്തിന്റെയും ഭാഗമായിരുന്നു സോണൽ.

ഹോളിവുഡിലെ വൈവിദ്ധ്യത്തിന്റെ പ്രതിനിധി എന്ന നിലയിൽ, വൈവിദ്ധ്യവും ഉൾക്കൊള്ളലും പ്രോത്സാഹിപ്പിക്കുന്ന പ്രോജക്ടുകളിൽ ഭാഗമാകാനാണ് താൽപ്പര്യം

സോണൽ നരോത്ത്

Advertisement
Advertisement