ന്യൂനപക്ഷങ്ങളുടെ സ്ഥിതി മെച്ചപ്പെടുത്തും: ജോർജ് കുര്യൻ

Wednesday 12 June 2024 4:23 AM IST

ന്യൂഡൽഹി: ന്യൂനപക്ഷ വിഭാഗങ്ങളുടെ സാമൂഹ്യ, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ പ്രവർത്തിക്കും. ഹജ്ജ് സമയത്തെ വിമാനക്കൂലി വർദ്ധന അടക്കം വിഷയങ്ങളിൽ പഠിച്ച് നടപടിയെടുക്കും. ഫിഷറീസ്, ക്ഷീര-മൃഗസംരക്ഷണ മേഖലയ്‌ക്കായി കൃത്യമായ വികസന രേഖയുണ്ട്. കേന്ദ്ര ഫിഷറീസ്, ക്ഷീര-മൃഗസംരക്ഷണ, ന്യൂനപക്ഷ കാര്യ സഹമന്ത്രിയായി ചുമതലയേറ്റ ശേഷം ജോർജ് കുര്യൻ പറഞ്ഞു.

കേരളത്തിലേക്കുള്ള ആദ്യ വരവിൽ തന്നെ തിരുവനന്തപുരത്തെ മുതലപ്പൊഴി സന്ദർശിക്കും. വിഷയം മുൻ കേന്ദ്ര മന്ത്രി വി.മുരളീധരൻ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇടപെടലും ആവശ്യപ്പെട്ടു. അവിടെ പോയി ജനങ്ങളുടെ അഭിപ്രായം തേടിയശേഷം പ്രശ്‌ന പരിഹാരത്തിനുള്ള പദ്ധതി തയ്യാറാക്കും.

പ്രവർത്തനം വികസന രേഖയിലൂന്നി

മോദി സർക്കാരിന്റെ വികസന രേഖയുടെ അടിസ്ഥാനത്തിലായിരിക്കും തന്റെ പ്രവർത്തനം. നരേന്ദ്ര മോദി സർക്കാരിന്റെ 10 വർഷത്തെ പ്രവർത്തനങ്ങളുടെ തുടർച്ചയാണിത്. അവസരം നൽകിയ മോദിക്ക് നന്ദി. മാർപാപ്പയുടെ ഇന്ത്യ സന്ദർശനവുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുകയാണ്. ന്യൂനപക്ഷ വിഭാഗത്തിലെ ഗവേഷണ വിദ്യാ‌ർത്ഥികൾക്കുള്ള മൗലാനാ ആസാദ് സ്കോളർഷിപ്പ് നിറുത്തലാക്കിയതിൽ വസ്‌തുതകൾ പരിശോധിച്ച ശേഷം പ്രതികരിക്കാമെന്നും വ്യക്തമാക്കി.