സുരേഷ് ഗോപിയുടെ സ്ഥാനലബ്ദി പ്രതീക്ഷയോടെ ആലപ്പുഴ

Wednesday 12 June 2024 1:29 AM IST

ആലപ്പുഴ: ജലോത്സവങ്ങളുടെ നാടിന് പ്രതീക്ഷപകരുന്നതാണ് സുരേഷ് ഗോപിയുടെ കേന്ദ്ര ടൂറിസം സഹമന്ത്രി സ്ഥാനം. ലോകപ്രസിദ്ധമായ നെഹ്രുട്രോഫി വള്ളംകളിയുൾപ്പടെയുള്ള ജലോത്സവങ്ങളെ നാടിന്റെ മുഖ്യ ആകർഷണമാക്കാനും വിവിധ ടൂറിസം പദ്ധതികളുടെ വികസനത്തിനും ജന്മംകൊണ്ട് ആലപ്പുഴക്കാരനായ സുരേഷ് ഗോപിയുടെ സ്ഥാന ലബ്ദി ഉപകരിച്ചേക്കും. ആലപ്പുഴയിൽ കനാലുകളുടെ നവീകരണമുൾപ്പെടെ എണ്ണിയാലൊടുങ്ങാത്ത പദ്ധതികളാണ് വിനോദ സഞ്ചാര വികസനവുമായി ബന്ധപ്പെട്ട് നടപ്പിലാക്കാനുള്ളത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാന സർക്കാരിന്റെ മാത്രം സഹായംകൊണ്ട് ടൂറിസം വികസന പദ്ധതികൾ നടപ്പാക്കാൻ കഴിയില്ലെന്നിരിക്കെ കേന്ദ്രസർക്കാരിന്റെ ഉദാരമായ സഹായവും സമീപനവുമാണ് ആവശ്യം.

പദ്ധതികൾ പിന്തുണ വേണം

1.അനന്ത സാദ്ധ്യതയാണ് ആലപ്പുഴയുടെ വിനോദസഞ്ചാരത്തിന് കനാൽ നവീകരണത്തിനുള്ളത്. ചെറുതും വലുതുമായ ഡസൻ കണക്കിന് കനാലുകളാൽ വലയം ചെയ്യപ്പെട്ട നഗരത്തിൽ കനാലുകളിലൂടെ ബോട്ട് സവാരിയടക്കം സഞ്ചാരികളെ ആകർഷിക്കാനുതകുന്ന പദ്ധതികൾ ഉണ്ടാകേണ്ടതുണ്ട്

2.കയറുമായി ബന്ധപ്പെട്ട് നഗരത്തിലെ വിവിധ മ്യൂസിയങ്ങൾ,പോർട്ട് മ്യൂസിയം, ശൗക്കാർ മസ്ജിദ്, മിയാവാക്കി വനം, ആലപ്പുഴ ബീച്ച്,കടൽപ്പാലം, പുന്നമട ഹൗസ് ബോട്ട് ജെട്ടി , മരിടൈം സിഗ്നൽ മ്യൂസിയം, രത്നപണ്ടകശാല ഹെറിറ്റേജ് മ്യൂസിയം തുടങ്ങി നഗരം കാത്തിരിക്കുന്ന പദ്ധതികൾ അനവധിയാണ്

3.അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം,​ മണ്ണാറശാല , വെട്ടിക്കോട്ട് നാഗരാജ ക്ഷേത്രങ്ങൾ, ചക്കുളത്ത് കാവ് ക്ഷേത്രം,ഹരിപ്പാട് ക്ഷേത്രം തുടങ്ങി ആരാധനാലയങ്ങളെ ബന്ധിപ്പിച്ചുള്ള പിൽഗ്രിം ടൂറിസം, കാർഷിക മേഖലകളുമായി ബന്ധപ്പെട്ട ഫാം ടൂറിസം, സാഹസിക ടൂറിസം പദ്ധതി എന്നിവയാണ് വികസനം കാത്തിരിക്കുന്ന വിനോദ സഞ്ചാര പദ്ധതികൾ

4.ജില്ലയിലെ നെല്ലറയായ കുട്ടനാട്ടിലെ കൃഷിക്കും ജീവിതത്തിനും സഹായകമായ കുട്ടനാട് പാക്കേജ് നടപ്പാക്കുന്നതിനും ഓരുമുട്ട് സ്ഥാപിക്കൽ ഉൾപ്പെടെയുള്ള പദ്ധതികൾക്കും കൃഷി സ്നേഹികൂടിയായ സുരേഷ് ഗോപിയുടെ പിന്തുണയും സഹായവും പ്രതീക്ഷിക്കുന്നുണ്ട്

Advertisement
Advertisement