പി. എം. സയീദിന് ശേഷം മുസ്ലീം പ്രതിനിധി ആദ്യം: താരീഖ് അൻവറിനെ ഡെപ്യൂട്ടി സ്പീക്കറാക്കാൻ കോൺഗ്രസ്

Wednesday 12 June 2024 1:40 AM IST

തിരുവനന്തപുരം : ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കറായി താരീഖ് അൻവറിനെ നിർദ്ദേശിക്കാൻ കോൺഗ്രസിൽ ധാരണ. ഇന്ത്യ മുന്നണിയിലെ കക്ഷികളുമായി ആലോചിച്ചാണിത്. ലക്ഷദ്വീപ് കോൺഗ്രസ് എം. പി ആയിരുന്ന അന്തരിച്ച പി. എം സയീദിന് ( 1998–2004 ) ശേഷം ആദ്യമായാണ് മുസ്ലീം സമുദായത്തിന്റെ പ്രതിനിധി ഡെപ്യൂട്ടി സ്പീക്കറാകുന്നത്.

മൂന്നാമതും അധികാരത്തിലേറിയ പ്രധാനമന്ത്രി മോദിയുടെ 71 അംഗ മന്ത്രിസഭയിൽ മുസ്ലീം ന്യൂനപക്ഷത്തിന് പ്രാതിനിധ്യം ഇല്ല. തിരഞ്ഞെടുപ്പിൽ ജയിച്ചവരിൽ മുസ്ലീം വിഭാഗത്തിൽ നിന്നുള്ളവർ ബി.ജെ.പിക്കൊപ്പമില്ല. ഈ സാഹചര്യത്തിൽ ഇന്ത്യ മുന്നണിക്ക് ലഭിക്കുന്ന സുപ്രധാന ഭരണഘടനാ പദവിയിൽ മുസ്ലീം പ്രാതിനിധ്യം ഉറപ്പിക്കാനാണ് നീക്കം. ഒമ്പത് മുസ്ലീം എം. പിമാരാണ് ഇന്ത്യ മുന്നണിയിലുള്ളത്. പാർലമെന്ററിൽ പരിചയസമ്പത്തുള്ള താരീഖിനെ ഡെപ്യൂട്ടി സ്പീക്കറാക്കാനാണ് ഭൂരിപക്ഷം കക്ഷികൾക്കും താൽപര്യം. 17ന് ലോക്‌സഭ ചേരും മുമ്പ് അന്തിമ തീരുമാനമെടുക്കുമെന്ന് എ.ഐ.സി.സി വൃത്തങ്ങൾ വ്യക്തമാക്കി.
ആറ് തവണ ലോക്‌സഭാംഗവും രണ്ട് തവണ മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാംഗവുമായിരുന്നു താരിഖ് അൻവർ. 1999ൽ ശരദ് പവാറിനും, പി.എ സാംഗ്‌മയ്ക്കുമൊപ്പം കോൺഗ്രസ് വിട്ട് എൻ.സി.പി രൂപീകരിച്ച അദ്ദേഹം 19 വർഷത്തിന് ശേഷം 2018ലാണ് പാർട്ടിയിൽ മടങ്ങിയെത്തിയത്. ഇത്തവണ ബീഹാറിലെ കട്ടിഹാർ മണ്ഡലത്തിൽ ജെ.ഡി.യുവിന്റെ സിറ്റിംഗ് എം.പി ദുലാൽ ചന്ദ്രഗോസ്വാമിയെയാണ് തോൽപ്പിച്ചത്.. 2020 സെപ്റ്റംബർ മുതൽ 2023 ഡിസംബർ 23 വരെ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയായിരുന്നു.

Advertisement
Advertisement