'മോദിയുടെ കുടുംബം' ഒഴിവാക്കി ഭരണഘടനയെ വണങ്ങുന്ന ചിത്രം ചേർത്ത് പ്രധാനമന്ത്രി

Tuesday 11 June 2024 11:56 PM IST

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഓഫീസിന്റെ എക്സ് അക്കൗണ്ടിൽ നിന്ന് പ്രചാരണ സമയത്ത് ഉപയോഗിച്ച 'മോദിയുടെ കുടുംബം' എന്ന വാക്യം പ്രധാനമന്ത്രി നരേന്ദ്രമോദി ഒഴിവാക്കി. പിന്തുണയ്ക്ക് നന്ദി പറഞ്ഞ മോദി എല്ലാവരും സമൂഹമാദ്ധ്യമങ്ങളിൽ നിന്ന് 'മോദിയുടെ കുടുംബം' എന്ന വാക്യം ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ചു. എൻ.ഡി.എ യോഗത്തിൽ ഭരണഘടനയെ വണങ്ങുന്ന ചിത്രം കവർ ഫോട്ടോയാക്കി പ്രധാനമന്ത്രിയുടെ എക്സ് അക്കൗണ്ട് പരിഷ്‌കരിച്ചിട്ടുണ്ട്.

ഇന്ത്യയിലുടനീളം ആളുകൾ സമൂഹമാദ്ധ്യമങ്ങളിൽ സ്നേഹത്തിന്റെ അടയാളമായി 'മോദിയുടെ കുടുംബം' എന്നു ചേർത്തതിലൂടെ ഒരുപാട് ശക്തി ലഭിച്ചു. 'നമ്മളെല്ലാം ഒരു കുടുംബം' എന്ന സന്ദേശം കൈമാറിയതിനാൽ ജനങ്ങൾ തുടർച്ചയായ മൂന്നാം തവണയും എൻ.ഡി.എക്ക് ഭൂരിപക്ഷം നൽകി. അതിന് നന്ദി പറയുന്നു. 'മോദിയുടെ കുടുംബം' എന്ന വാക്യം മാറ്റിയാലും ഇന്ത്യയുടെ പുരോഗതിക്കായി പരിശ്രമിക്കുന്ന ഒരു കുടുംബമെന്ന നിലയിൽ നമ്മുടെ ബന്ധം ശക്തമായി തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ്, നരേന്ദ്ര മോദിക്ക് സ്വന്തമായി കുടുംബം ഇല്ലെന്ന് കളിയാക്കിയതിന് പിന്നാലെയാണ് ബി.ജെ.പി 'മോദിയുടെ കുടുംബം' പ്രചാരണം തുടങ്ങിയത്. മോദി കുടുംബ രാഷ്ട്രീയത്തെ കളിയാക്കുന്നതിന് മറുപടിയായിരുന്നു ലാലുവിന്റെ പ്രസ്താവന. സ്വന്തം കുടുംബമില്ലെന്നും തന്റെ ജീവിതം തുറന്ന പുസ്തകമാണെന്നും രാജ്യത്തിന് വേണ്ടി ജീവിക്കുമെന്നും മോദി പ്രതികരിച്ചിരുന്നു.

Advertisement
Advertisement