ഗോത്രവിഭാഗത്തിലെ പ്രമുഖൻ, മോഹൻ മാജി ഒഡീഷ മുഖ്യമന്ത്രി, ഇന്ന് സത്യപ്രതിജ്ഞ, മോദി പങ്കെടുക്കും

Wednesday 12 June 2024 12:49 AM IST

ഭുവനേശ്വർ: ഗോത്രവിഭാഗത്തിൽ നിന്നുള്ള മോഹൻ ചരൺ മാജി ഒഡീഷയുടെ ആദ്യ ബി.ജെ.പി മുഖ്യമന്ത്രിയാകും. കെ.വി സിംഗ് ദിയോ, പ്രവതി പരിദ എന്നിവരാണ് ഉപമുഖ്യമന്ത്രിമാർ. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗിന്റെയും ഭൂപേന്ദർ യാദവിന്റെയും സാന്നിദ്ധ്യത്തിൽ ഇന്നലെ നടന്ന നിയമസഭാ കക്ഷി യോഗത്തിലാണ് മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിമാരെയും തിരഞ്ഞെടുത്തത്.

ഇന്ന് വൈകിട്ട് അഞ്ചിനാണ് സത്യപ്രതിജ്ഞാ ചടങ്ങ്. ഭുവനേശ്വറിലെ ജനതാ മൈതാനത്ത് നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും മറ്റ് ബി.ജെ.പി നേതാക്കളും പങ്കെടുക്കും. ആന്ധ്രപ്രദേശിലെ സത്യപ്രതിജ്ഞയ്ക്കുശേഷമാകും മോദി ഭുവനേശ്വറിൽ എത്തുക.

നാല് തവണ എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ട നേതാവാണ് മോഹൻ മാജി. കിയോഞ്ജർ നിയമസഭാ സീറ്റിൽ ബിജു ജനതാദളിന്റെ മിന മാജിയെ 11,577 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ഇത്തവണ ജയിച്ചത്.

ബ്രജരാജ്നഗറിൽ നിന്നു വിജയിച്ച സുരേഷ് പൂജാരി, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ മൻമോഹൻ സമൽ, കെ.വി.സിംഗ്, മോഹൻ മാച്ഛി എന്നിവരുടെ പേരുകളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. മുതിർന്ന സംസ്ഥാന നേതാക്കളായ ധർമേന്ദ്ര പ്രധാൻ, ജുവൽ ഓറം എന്നിവർക്ക് കേന്ദ്രമന്ത്രി സ്ഥാനം നൽകി താരതമ്യേന അപരിചിതമായ മുഖത്തെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചത്.

സംസ്ഥാനത്ത് 24 വർഷമായി അധികാരത്തിലുള്ള ബിജു ജനതാ ദളിൽ (ബി.ജെ.ഡി) നിന്നാണ് ബി.ജെ.പി ഭരണം പിടിച്ചെടുത്തത്. 147 അംഗ നിയമസഭയിൽ ബി.ജെ.പി 78 സീറ്റുകൾ നേടി. അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങിയാണ് നവീൻ പട്നായിക് മുഖ്യമന്ത്രി പദത്തിൽ നിന്നൊഴിഞ്ഞത്.

ഗോത്രമേഖലയിലെ സ്വാധീനം

1997-2000 കാലഘട്ടത്തിൽ സർപഞ്ചായാണ് മാജിയുടെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. ഗോത്രമേഖലയിൽ വലിയ സ്വാധീനമുള്ള നേതാവ്. പൊതുസേവനവും സംഘടനാ വൈദഗ്ദ്ധ്യവുമുള്ള നേതാവായാണ് ഈ 52കാരൻ അറിയപ്പെടുന്നത്.

2000ൽ കിയോഞ്ജറിൽ നിന്ന് ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

ഉപമുഖ്യമന്ത്രിയാകുന്ന സിംഗ് ദിയോ പട്നഗറിലെ പഴയ രാജകുടുംബത്തിൽ നിന്നുള്ളയാളാണ്.

ആറാം തവണയാണ് എം.എൽ.എയായി തിരഞ്ഞെടുക്കപ്പെടുന്നത്. മുൻ ബി.ജെ.ഡി-ബി.ജെ.പി സഖ്യ സർക്കാരിൽ മന്ത്രിയായിരുന്നു.

നിമപാദയിൽ നിന്ന് ആദ്യമായി എം.എൽ.എയായ പരിദ മുൻ ബി.ജെ.പി വനിതാ വിഭാഗം പ്രസിഡന്റായിരുന്നു.

Advertisement
Advertisement