ആന്ധ്രയിൽ നായിഡു ഇന്ന് അധികാരത്തിലേറും, മോദി ഇന്നെത്തും, നേരത്തേ എത്തി അമിത് ഷാ

Wednesday 12 June 2024 12:52 AM IST

വിജയവാഡ: എൻ. ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള എൻ.ഡി.എ മന്ത്രിസഭ ആന്ധ്രപ്രദേശിൽ ഇന്ന് അധികാരമേൽക്കും. രാവിലെ 11.27ന് ഗവർണർ എസ്. അബ്ദുൾ നസീർ നായിഡുവിന് സത്യവാചകം ചൊല്ലിക്കൊടുക്കും. ജനസേനാപാർട്ടി അദ്ധ്യക്ഷൻ പവൻ കല്യാൺ ഉപമുഖ്യമന്ത്രിയാകും.

കേസരപ്പള്ളിയിലെ ഐ.ടി പാർക്കിന് സമീപം നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാർ, എൻ.ഡി.എ മുഖ്യമന്ത്രിമാർ എന്നിവർ പങ്കെടുക്കും. ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്നലെ രാത്രി എത്തി നായിഡുവുമായി ചർച്ച നടത്തി.

ഇന്നലെ ചേർന്ന എൻ.ഡി.എ നിയമസഭാ കക്ഷി യോഗം ടി.ഡി.പി അദ്ധ്യക്ഷൻ ചന്ദ്രബാബു നായിഡുവിനെ നേതാവായി തിരഞ്ഞെടുത്തു. പവൻ കല്യാണാണ് നായിഡുവിന്റെ പേര് നിർദ്ദേശിച്ചത്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ഡി. പുരന്ദേശ്വരി പിന്തുണച്ചു. തുടർന്ന് നായിഡുവും പവൻ കല്യാണും ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദമുന്നയിച്ചു.

 അമരാവതി ഏക തലസ്ഥാനം

അമരാവതി ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായിരിക്കുമെന്നും പോളവാരം പദ്ധതി പൂർത്തിയാക്കുമെന്നും എൻ.ഡി.എ നിയമസഭാ കക്ഷി യോഗത്തിൽ ചന്ദ്രബാബു നായിഡു വ്യക്തമാക്കി. വിശാഖപട്ടണത്തെ സാമ്പത്തിക തലസ്ഥാനമാക്കും. ശക്തമായ ജനപിന്തുണ നൽകിയ രായലസീമയെ വികസിപ്പിക്കും. വികനസത്തിൽ പകപോക്കലിന്റെ രാഷ്ട്രീയമില്ല. മൂന്ന് തലസ്ഥാനങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നത് പോലുള്ള വഞ്ചനാപരമായ പ്രവർത്തനങ്ങൾക്ക് ജനപിന്തുണിയില്ലെന്ന് തെളിഞ്ഞെന്നും നായിഡു പറഞ്ഞു. സംസ്ഥാനത്ത് വികേന്ദ്രീകൃത വികസനം എന്ന ആശയം ഉയർത്തിയാണ് വൈ.എസ്.ആർ.സി.പി അദ്ധ്യക്ഷൻ ജഗൻമോഹൻ റെഡ്ഡി ഭരണത്തുടർച്ചയ്ക്കായി വോട്ടു തേടിയത്. വിശാഖപട്ടണത്തെ എക്സിക്യുട്ടീവ് തലസ്ഥാനമായും, അമരാവതിയെ നിയമനിർമ്മാണ തലസ്ഥാനമായും, കുർണൂലിനെ ജുഡിഷ്യൽ തലസ്ഥാനമായും ജഗൻ പ്രഖ്യാപിച്ചുവെങ്കിലും നടപ്പിലിയിരുന്നില്ല.175 അംഗ നിയമസഭയിൽ ടി.ഡി.പി- 135, ജനസേന- 21, ബി.ജെ.പി എട്ടും സീറ്റാണ് നേടിയത്. 11 സീറ്രുമായി വൈ.എസ്.ആർ.സി.പി പ്രതിപക്ഷത്തിരിക്കും.

Advertisement
Advertisement