ഈ കുരുന്നുകളെ ഓർത്തെങ്കിലും ചില്ലകൾ വെട്ടിമാറ്റണേ സാറെ!

Wednesday 12 June 2024 1:39 AM IST

തലയോലപ്പറമ്പ്: സ്കൂൾ വളപ്പിലെ ചാഞ്ഞ് കിടക്കുന്ന കൂറ്റൻ പാഴ്മരങ്ങളിലെ മരച്ചില്ലകൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് ഭീഷണിയാകുന്നു. വടയാർ ഇളങ്കാവ് ഗവൺമെന്റ് യു.പി സ്കൂൾ വളപ്പിൽ നിൽക്കുന്ന ആറോളം പാഴ്മരങ്ങളുടെ കൂറ്റൻ ശിഖരങ്ങളാണ് കെട്ടിടത്തിന്റെ മുകളിലേക്ക് ചാഞ്ഞ് കിടക്കുന്നത്.

വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും നെഞ്ചിൽ ആധിയാണ്. ശക്തമായ കാറ്റിൽ ഏത് നിമിഷവും മരത്തിന്റെ ചില്ല ഒടിഞ്ഞ് വീഴാവുന്ന സ്ഥിതിയിലാണ്. പി.ടി.എ അടക്കമുള്ളവർ സംഭവം പഞ്ചായത്തിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല. ഓട് മേഞ്ഞ സ്കൂൾ കെട്ടിടത്തിന് മുകളിലേക്ക് ചാഞ്ഞ്കിടക്കുന്ന കൂറ്റൻ മരത്തിന്റെ ഉണങ്ങിയ ശിഖരങ്ങൾ ഒടിഞ്ഞ് വീണ് ഓടുകൾ തകരുന്നത് പതിവാണ്. കഴിഞ്ഞ അവധിക്കാലത്ത് ശക്തമായ കാറ്റിൽ കൂറ്റൻ മരച്ചില്ല ഒടിഞ്ഞ് വീണ് കെട്ടിടത്തിന്റെ ഒരു വശം തകർന്നു. അവധിക്കാലമായതിനാലാണ് ദുരന്തം ഒഴിവായത്.

കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തുവാൻ അടിയന്തിര ഇടപെടൽ വേണം.

സേതുലക്ഷ്മി അനിൽകുമാർ (വാർഡുമെമ്പർ)

മരച്ചില്ലകൾ മുറിച്ച് നീക്കി കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തുവാൻ അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണം.

പി.ടി.എ പ്രസിഡന്റ് എൻ.ആർ.റോഷൻ

വടയാർ ഇളങ്കാവ് ഗവ.യു പി സ്കൂൾ കെട്ടിടത്തിന് മുകളിലേക്ക് അപകട ഭീഷണി ഉയർത്തി ചാഞ്ഞ് കിടക്കുന്ന കൂറ്റൻ മരത്തിൻ്റെ ശിഖരങ്ങൾ.

Advertisement
Advertisement