വിമാനത്തിൽ വ്യാജ ബോംബ് ഭീഷണി;13കാരൻ കസ്റ്റഡിയിൽ

Wednesday 12 June 2024 1:54 AM IST

ന്യൂഡൽഹി: വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഡൽഹി രാജ്യാന്തര വിമാനത്താവളത്തിലേക്ക് വ്യാജ ഇ-മെയിൽ സന്ദേശമയച്ച 13കാരൻ കസ്റ്റഡിയിൽ.

ഉത്തർപ്രദേശിലെ മീററ്റ് സ്വദേശിയായ കുട്ടിയാണ് പിടിയിലായത്. ഡൽഹി- ടൊറന്റോ എയർ കാനഡ വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ജൂൺ നാലിന് വൈകിട്ട് 10.50നാണ് സന്ദേശം ലഭിക്കുന്നത്. തുടർന്ന് വിമാനം 12 മണിക്കൂറോളം വൈകി. അന്വേഷണത്തിൽ ഉത്തർപ്രദേശിലെ മീററ്റ് സ്വദേശിയായ കുട്ടിയാണ് സന്ദേശം അയച്ചതെന്ന് കണ്ടെത്തി.തമാശയ്ക്കാണ് ചെയ്തതെന്നും തന്നെ കണ്ടുപിടിക്കാൻ ഉദ്യോഗസ്ഥർക്കാകുമോയെന്ന് പരിശോധിക്കുകയായിരുന്നു ലക്ഷ്യമെന്നും കുട്ടി പൊലീസിനോട് പറഞ്ഞു.

പുതിയ ഒരു മെയിൽ ഐഡി നിർമ്മിച്ച ശേഷം അമ്മയുടെ വൈഫൈ കണക്ഷൻ ഉപയോഗിച്ച് ഫോണിൽ നിന്ന് സന്ദേശം അയക്കുകയായിരുന്നു. അയച്ചശേഷം ഉടൻ ഇ-മെയിൽ അക്കൗണ്ട് ഡിലീറ്റ് ചെയ്തു. പിറ്റേന്ന് രാവിലെ സംഭവം വലിയ വാർത്തയായത് അറിഞ്ഞെങ്കിലും ഭയം കാരണം മാതാപിതാക്കളോട് പറഞ്ഞില്ല. ബോംബ് ഭീഷണി വാർത്തകൾ കണ്ടാണ് ഇങ്ങനെ ചെയ്യാൻ തോന്നിയതെന്നും കുട്ടി പറഞ്ഞു.

കുട്ടിയെ കൗൺസിലിംഗിന് വിധേയനാക്കിയെന്ന് അധികൃതർ അറിയിച്ചു.

Advertisement
Advertisement