മനുഷ്യനെപ്പോലെ ആനകളും പരസ്പരം പേര് വിളിക്കുമെന്ന് പഠനം

Wednesday 12 June 2024 2:14 AM IST

വാഷിംഗ്ടൺ: മനുഷ്യൻ പരസ്പരം പേര് വിളിക്കുന്നതിന് സമാനമായി, ആഫ്രിക്കൻ ആനകളും പരസ്പരം അഭിസംബോധന ചെയ്യാൻ ശബ്ദങ്ങൾ പുറപ്പെടുവിക്കുമെന്ന് പഠനം. ഡോൾഫിനുകളും തത്തകളും ചെയ്യുന്നതുപോലെ മിമിക്രിയല്ലെന്നും നേച്ചർ എക്കോളജി ആൻഡ് എവല്യൂഷൻ ജേണലിന്റെ പഠനത്തിൽ പറയുന്നു. 1986-2022 കാലഘട്ടത്തിൽ കെനിയയിലെ അംബോസെലി നാഷണൽ പാർക്കിലും സാംബുറു ആൻഡ് ബഫല്ലോ സ്പ്രിംഗ്സ് നാഷണൽ റിസർവ്‌സിലുമായി നടത്തിയ പഠനത്തിന്റെ റിപ്പോർട്ടാണ് തിങ്കളാഴ്ച പുറത്ത് വന്നത്. ആനകൾക്ക് കൂട്ടത്തിലെ ഓരോ ആനയേയും പ്രത്യേകം തിരിച്ചറിയാൻ കഴിയുന്നതിനോടൊപ്പം തന്നെ അവയിൽ ഓരോന്നിനെയും അഭിസംബോധന ചെയ്യുന്നതിന് പ്രത്യേകം ശബ്ദങ്ങളും ഉപയോഗിക്കും. ചെറിയ മുരൾച്ച പോലുള്ള ശബ്ദമാണ് ആനകൾ പുറപ്പെടുവിക്കുന്നത്. എന്നാൽ ഇവയിൽ നിന്നും വ്യത്യസ്തമായിരിക്കും പരസ്പരം വിളിക്കാൻ ഇവ ഉപയോഗിക്കുന്ന ശബ്ദം.

പേരു വിളിച്ചു മുരളുന്ന മൂന്ന് സന്ദർഭങ്ങളാണ് പൊതുവെ ആനകൾക്കിടിയിൽ ഉണ്ടാവുന്നതെന്നാണ് പഠന സംഘത്തിന്റെ കണ്ടെത്തൽ. കൂട്ടത്തിൽ നിന്ന് ദൂരെയായിപ്പോയ ആനയെ തിരിച്ചുവിളിക്കുന്നതിന് ഇവ പ്രത്യേകം പേരുവിളിക്കുന്നതുപോലുള്ള ശബ്ദം പുറപ്പെടുവിക്കും. തൊടാൻ പാകത്തിന് അടുത്തു പരിചയമുള്ള ആനയെ അഭിസംബോധന ചെയ്യുന്നതിനായും ചെറിയ മുരൾച്ചാ ശബ്ദം പുറപ്പെടുവിക്കും. കൂട്ടത്തിലെ കുഞ്ഞുങ്ങളോടുള്ള സ്‌നേഹപ്രകടനമായും പ്രത്യേക ശബ്ദം ആനകൾ പുറപ്പെടുവിക്കാറുണ്ട്.

പ്രധാനമായും പഠനസംഘം നിരീക്ഷിച്ചത് ആഫ്രിക്കൻ കാട്ടാനക്കൂട്ടങ്ങളിലെ പെണ്ണാനകളെയും കുട്ടിയാനകളെയുമാണ്. ഇവയുടെ പരസ്പരമുള്ള വിളികള്‍ റെക്കാർഡ് ചെയ്തു. അതിൽ 469 വിളികൾ മെഷീൻ ലേണിംഗ് മോഡൽ ഉപയോഗിച്ച് വിശകലനം ചെയ്താണ് പുതിയ കണ്ടെത്തലിലെത്തിയത്.

Advertisement
Advertisement