പേരിൽ മാത്രമേ സിറ്റിക്ക് സ്‌മാർട് ഉള്ളൂ, പ്രധാന മാർക്കറ്റിൽ സംശയം തീർക്കാൻ ഒരു വഴിയുമില്ല

Wednesday 12 June 2024 2:39 AM IST

തിരുവനന്തപുരം: ദിവസവും നിരവധിപേർ ഉപയോഗിക്കുന്ന ചാല മത്സ്യമാർക്കറ്റിലെ ടോയ്‌ലെറ്റ് വൃത്തിഹീനവും ഇടിഞ്ഞുവീഴാറായിട്ടും തിരിഞ്ഞ് നോക്കാതെ അധികൃതർ. ടോയ്‌ലെറ്റിന്റെ മേൽക്കൂരയിലെ കോൺക്രീറ്റ് അടർന്നുവീഴാറായ നിലയിലാണ്.അഞ്ച് ടോയ്‌ലെറ്റുകളും രണ്ട് കുളിമുറികളുമാണ് ഇവിടെയുള്ളത്. കുളിമുറികളുടെ സ്ഥിതിയും വ്യത്യസ്തമല്ല. സ്ത്രീകളും പുരുഷന്മാരും ഉപയോഗിക്കുന്നത് ഒരേ ടോയ്‌ലെറ്റാണ്.


ടോയ്‌ലെറ്റ് കെട്ടിടത്തിന് 50 വർഷത്തെ പഴക്കം വരും. പുലർച്ചെ 5 മുതൽ രാത്രി 10 വരെ മാർക്കറ്റിൽ മത്സ്യക്കച്ചവടക്കാരായ സ്ത്രീകളുണ്ടാവും.ചുറ്റുവട്ടത്ത് മറ്റ് ടോയ്‌ലെറ്റ് സംവിധാനങ്ങൾ ഒന്നുമില്ല. ടോയ്‌ലെറ്റുകളിൽ വൃത്തിയില്ലെന്ന് മാത്രമല്ല, വെളിച്ചവും ഇല്ല. പുരുഷന്മാർ ടോയ്‌ലെറ്റിന് സമീപത്തെ പൈപ്പിൻ ചുവട്ടിൽ മൂത്രമൊഴിക്കുന്നതും പതിവാണ്. കരാറെടുത്ത ഏജൻസി ക്ളീൻ ചെയ്യാത്തതിനാൽ ദുർന്ധപൂരിതമാണ് ഇവിടം. പലതവണ അധികൃതർക്ക് പരാതി നൽകിയിട്ടും ഒരു നടപടിയുമുണ്ടായില്ല. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി പുതിയ ടോയ്‌ലെറ്റ് പണിയുമെന്ന് പറഞ്ഞതും നടപ്പായിട്ടില്ല.

കൊത്തുവാൾത്തെരുവിലെ ടോയ്‌ലെറ്റ് ഉടൻ തുറക്കും

പണി പൂർത്തിയായ കൊത്തുവാൾത്തെരുവിലെ ടോയ്‌ലെറ്റ് ഉടൻ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് അധികൃതർ അറിയിച്ചു.കെട്ടിടത്തിന്റെ താഴത്തെ നിലയിൽ കടകളും മുകളിലത്തെ നിലയിൽ ടോയ്‌ലെറ്റുമാണ്. ടൂറിസം വകുപ്പിന്റെ പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ചതാണിത്. ടൂറിസം വകുപ്പ് നഗരസഭയ്ക്ക് കെട്ടിടം കൈമാറാത്തതും കെട്ടിടത്തിന് നമ്പർ ലഭിക്കാത്തതുമാണ് ഉദ്ഘാടനം വൈകാൻ കാരണം.

Advertisement
Advertisement