നീറ്റ് ഗ്രേസ് മാർക്ക് വിവാദം; റീടെസ്റ്റ് നടത്താൻ എൻടിഎ? റിപ്പോർട്ട് ഉടൻ

Wednesday 12 June 2024 8:31 AM IST

ന്യൂഡൽഹി: നീറ്റ് യു.ജി ക്രമക്കേട് വിവാദത്തിൽ ഗ്രേസ് മാർക്ക് ലഭിച്ചവർക്ക് റീടെസ്റ്റ് നടത്താൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) ആലോചിക്കുന്നതായി വിവരം. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ വിദ്യാഭ്യാസ മന്ത്രാലയം നിയോഗിച്ച നാലംഗ സമിതി റീടെസ്റ്റ് സാദ്ധ്യത പരിശോധിച്ചു.

യുപിഎസ്‌ഇ മുൻ ചെയർമാൻ അദ്ധ്യക്ഷനായ നാലംഗസമിതിയാണ് ഗ്രേസ് മാർക്ക് ലഭിച്ച 1563 പേർക്ക് പുനഃപരീക്ഷ നടത്താനുള്ള സാദ്ധ്യത പരിശോധിച്ചത്. രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിക്ക് നിർദേശം. ഗ്രേസ് മാർക്ക് നൽകിയതിൽ അപാകതയുണ്ടായോ എന്ന കാര്യവും സമിതി അന്വേഷിക്കും. സമിതി ഇതുവരെ മൂന്ന് യോഗങ്ങൾ ചേർന്നുവെന്നും ചില സെന്ററുകളിലെ വീഡിയോ ഫൂട്ടേജുകൾ അടക്കം പരിശോധിച്ചെന്നും റിപ്പോർട്ടുണ്ട്.

നീറ്റ് യു.ജി ക്രമക്കേട് വിവാദം പരീക്ഷയുടെ പവിത്രതയെ ബാധിച്ചെന്ന് സുപ്രീംകോടതി കഴിഞ്ഞദിവസം നിരീക്ഷിച്ചിരുന്നു. ചെറിയ വിഷയമല്ലിത്. പരീക്ഷാനടത്തിപ്പുകാരായ നാഷണൽ ടെസ്റ്റിംഗ് ഏജൻസി മറുപടി പറഞ്ഞേ തീരൂവെന്നും ജസ്റ്റിസുമാരായ വിക്രംനാഥ്, അഹ്സാനുദ്ദിൻ അമാനുള്ള എന്നിവരുൾപ്പെട്ട അവധിക്കാല ബെഞ്ച് വ്യക്തമാക്കി. മദ്ധ്യവേനൽ അവധി കഴിഞ്ഞ് കോടതി തുറക്കുന്ന ജൂലായ് എട്ടിനകം മറുപടി സമർപ്പിക്കണം. എട്ടിന് വീണ്ടും പരിഗണിക്കും. കേന്ദ്രസർക്കാരിനുൾപ്പെടെ നോട്ടീസ് അയയ്ക്കാനും ഉത്തരവിട്ടിരിക്കുകയാണ്. ചോദ്യപേപ്പർ ചോർന്നതിനാൽ പരീക്ഷ റദ്ദാക്കി വീണ്ടും നടത്തണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഒരുകൂട്ടം ഹർജികൾ പരിഗണിക്കവേയായിരുന്നു കോടതിയുടെ നിരീക്ഷണം.

പരീക്ഷാഫലം പ്രഖ്യാപിക്കും മുൻപ് തന്നെ ഹർജികളെത്തിയിരുന്നു. ഫലം പുറത്തുവന്നപ്പോൾ ഗ്രേസ് മാർക്ക് വിവാദവുമുയർന്നു. എം.എസ്.എഫ് ഉൾപ്പെടെ ഹർജി സമർപ്പിച്ചു. 1563 വിദ്യാർത്ഥികളുടെ ഗ്രേസ് മാർക്കിലാണ് സംശയമുയർന്നത്. യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് ഗ്രേസ് മാർക്ക് നൽകിയതെന്നാണ് ഹർജികളിൽ ആരോപിക്കുന്നത്. ഒ.എം.ആർ ഷീറ്റ് നൽകാൻ വൈകിയതിനാൽ ആറു സെന്ററുകളിൽ ഗ്രേസ് മാർക്ക് നൽകിയെന്നാണ് അധികൃതരുടെ വിശദീകരണം.

Advertisement
Advertisement