വിമാനയാത്രയ്‌ക്കിടെ അംബാനിക്ക് ഇരട്ടക്കുഞ്ഞുങ്ങൾ ജനിച്ചു, കഥ വെളിപ്പെടുത്തി നിത അംബാനി

Wednesday 12 June 2024 11:07 AM IST

ന്യൂഡൽഹി: സമൂഹമാദ്ധ്യമങ്ങളിൽ എപ്പോഴും ശ്രദ്ധ പിടിച്ചുപറ്റാറുള്ളവരാണ് അംബാനി കുടുംബത്തിലെ ഓരോ അംഗങ്ങളും. കുടുംബത്തിലെ ഇളയ പുത്രൻ അനന്ദ് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹ വിശേഷങ്ങളാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇതിനൊപ്പം വർഷങ്ങൾക്ക് മുമ്പ് മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും വിവാഹം ഉറപ്പിച്ചത് ഉൾപ്പെടെയുള്ള കഥകൾ മാദ്ധ്യമങ്ങളിൽ നിറയുകയാണ്.

ഇപ്പോഴിതാ തന്റെ മൂത്ത മക്കളായ ആകാശിനും ഇഷയ്‌ക്കും ആ പേരുകൾ ലഭിച്ചത് എങ്ങനെയെന്ന രസകരമായ കഥ പങ്കുവച്ചിരിക്കുകയാണ് നിത അംബാനി. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം വെളിപ്പെടുത്തിയത്.

അമേരിക്കയിൽ വച്ചായിരുന്നു നിത അംബാനി ആകാശിനും ഇഷയ്‌ക്കും ജന്മം നൽകിയത്. എന്നാൽ, പ്രസവസമയത്ത് മുകേഷ് അംബാനി ഇന്ത്യയിലേക്കുള്ള മടക്കയാത്രയിൽ ആയിരുന്നു. ഇന്ത്യയിൽ ഫ്ലൈറ്റ് ലാൻഡ് ചെയ്‌ത സമയത്താണ് അമേരിക്കയിൽ അടിയന്തരമായി മടങ്ങിയെത്തണമെന്ന് അദ്ദേഹത്തിന് അറിയിപ്പ് ലഭിച്ചത്. തുടർന്ന് മാതാവ് കോകില ബെന്നുമായി അംബാനി തിരികെ അമേരിക്കയിലേക്ക് യാത്ര ആരംഭിച്ചു. പക്ഷേ, ഇരുവരും എത്തുന്നതിന് മുമ്പ് തന്നെ നിത അംബാനി ഇരട്ടക്കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നു.

വിമാനത്തിന്റെ പൈലറ്റാണ് മുകേഷ് അംബാനിക്ക് ഇരട്ടക്കുട്ടികൾ പിറന്നുവെന്ന വിവരം യാത്രാമദ്ധ്യേ അനൗൺസ് ചെയ്‌തത്. ഒരു ആൺകുഞ്ഞും ഒരു പെൺകുഞ്ഞുമാണ് ജനിച്ചതെന്നും പൈലറ്റ് അറിയിച്ചിരുന്നു. അമേരിക്കയിലെത്തിയ ഉടൻ മക്കൾക്ക് എന്ത് പേരിടണമെന്ന് മുകേഷ് അംബാനിയും നിതയും ആലോചിച്ചു. ഒടുവിൽ അംബാനി തന്നെയാണ് മക്കൾക്ക് പേരിട്ടത്.

വിമാനത്തിൽ ഇരുന്നുകൊണ്ട് താഴെയുള്ള മലനിരകളുടെ കാഴ്‌ച ആസ്വദിക്കുന്നതിനിടെയാണ് മകൾ ജനിച്ച വാർത്ത അംബാനി അറിഞ്ഞത്. അതിനാൽ, പർവതങ്ങളുടെ ദേവത എന്ന് അർത്ഥം വരുന്ന ഇഷ എന്ന പേര് തന്നെ കുഞ്ഞിന് നൽകി. ആകാശത്തിലൂടെയുള്ള യാത്രയ്‌ക്കിടെ അച്ഛനായതിനാലാണ് മകന് ആകാശ് എന്ന പേര് തിരഞ്ഞെടുത്തത്. അങ്ങനെയാണ് മക്കളുടെ ജനനവും ജീവിതവുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്ന പേരുകൾ തന്നെ അവർക്ക് അംബാനി നൽകിയത്.

Advertisement
Advertisement