എൽഡിഎഫിൽ ആദ്യ വെടിപൊട്ടി: സിപിഎമ്മിനെതിരെ ആർജെഡി പരസ്യമായി രംഗത്ത്, മന്ത്രി സ്ഥാനം വേണമെന്ന് ശ്രേയാംസ് കുമാർ

Wednesday 12 June 2024 11:21 AM IST

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ ഇടതുമുന്നണിയിൽ ആദ്യ വെടിപൊട്ടി. സിപിഎമ്മിനെതിരെ എൽഡിഎഫിലെ ഘടകകക്ഷിയായ ആർജെഡി നേതാവ് എംവി ശ്രേയാംസ് കുമാർ പരസ്യമായി രംഗത്തെത്തി. രാജ്യസഭാ സീറ്റ് ലഭിക്കാത്തതതാണ് ശ്രേയാംസിനെ പ്രകോപിപ്പിച്ചത്. രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ സിപിഎം മാന്യത കാട്ടണമായിരുന്ന എന്നു പറഞ്ഞ അദ്ദേഹം ഇടതുമുന്നണിയിൽ ആർജെഡിക്ക് പരിഗണന കിട്ടുന്നില്ലെന്നും കുറ്റപ്പെടുത്തി. എൽഡിഎഫിലേക്ക് വലിഞ്ഞുകയറി വന്നവരല്ല എന്നും അദ്ദേഹം പറഞ്ഞു.

'എൽഡിഎഫിലെ നാലാമത്തെ കക്ഷിയാണ് ആർജെഡി. രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ ചർച്ചപോലും ഉണ്ടായില്ല. രാജ്യസഭാ അംഗത്വവുമായി 2018ലാണ് ഞങ്ങൾ ഇടതുമുന്നണിയിൽ എത്തിയത്. അടുത്തവർഷം ഞങ്ങളുടെ സീറ്റ് സിപിഐക്ക് നൽകി വിട്ടുവീഴ്ച ചെയ്തു. എന്നാൽ പിന്നീട് ഒരു പരിഗണനയും ലഭിച്ചില്ല. ഈവർഷം സീറ്റ് തിരികെ നൽകാൻ സിപിഐ തയ്യാറാകണമായിരുന്നു. മുന്നണിയിലേക്ക് ക്ഷണിച്ചിട്ടുതന്നെയാണ് വന്നത്'. ശ്രേയാംസ് കുമാർ പറഞ്ഞു.

'സംസ്ഥാനത്ത് ആര്‍ജെഡിക്ക് മന്ത്രിപദവി വേണം. ഞങ്ങളുടെ ആവശ്യം ന്യായമാണ്. പരിഗണിക്കണം. എൽഡിഎഫ് യോഗത്തിൽ നിന്ന് വിട്ടുനിന്നതല്ല. മറ്റുചില പരിപാടികൾ നേരത്തേ നിശ്ചയിച്ചതുകൊണ്ട് പോകാൻ കഴിയാതിരുന്നതാണ്. പ്രവർത്തകർ നിരാശയിലാണ്. ജെഡിഎസിന് നൽകുന്ന പരിഗണന പോലും മുന്നണിയിൽ ഞങ്ങൾക്ക് കിട്ടുന്നില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജെഡിഎസ് ഒരേ കൊടിയാണ് രാജ്യത്തെങ്ങും ഉപയോഗിച്ചത്. ഒരുതരത്തിലും ബിജെപിയുമായി വിട്ടുവീഴ്ച ചെയ്യാത്ത പാർട്ടിയാണ് ആർജെഡി.

മുന്നണിയുടെ ഐക്യത്തിന് എല്ലാവരും ഒരുമിച്ച് നിൽക്കണം. ഇനിയങ്ങോട്ട് ഞങ്ങളുടെ ആവശ്യവും പരിഗണിക്കണം. മുന്നണിമാറ്റം നിലവിൽ അജണ്ടയിലില്ല. യുഡിഎഫിൽ പരിഗണന കിട്ടിയെന്ന് പറയുന്നില്ല. എൽഡിഎഫിൽ കിട്ടിയില്ലെന്നാണ് പറയുന്നത്. ഒറ്റയ്ക്ക് നിന്നാൽ പോരെയെന്ന് പ്രവർത്തകർ ചോദിക്കുന്നുണ്ട്. ഞങ്ങൾ ഇടത് സ്വഭാവമുള്ള പാർട്ടിയാണ്. യുഡിഎഫിലേക്ക് പോകാനുള്ള രാഷ്ട്രീയ മാറ്റമൊന്നും ആഗ്രഹിക്കുന്നില്ല. എൽഡിഎഫിൽ തന്നെ ഉറച്ചുനിൽക്കും' അദ്ദേഹം കൂട്ടിച്ചേർത്തു.

എൽഡിഎഫിനുള്ള രാജ്യസഭാ സീറ്റിൽ ആർജെഡിയും അവകാശവാദം ഉന്നയിച്ചിരുന്നു. ലോക്‌സഭയിൽ സീറ്റ് നിഷേധക്കപ്പെട്ടതിനെ തുടർന്ന് രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ട് എൽഡിഎഫിന് കത്തും നൽകിയിരുന്നു. മന്ത്രിസഭയിൽ പരിഗണന ഇല്ലാത്ത സാഹചര്യത്തിൽ മുന്നണിയിലെ നാലാമത്തെ വലിയ കക്ഷിയെന്ന പരിഗണന വേണമെന്നായിരുന്നു ആവശ്യമുന്നയിച്ചത്. എന്നാൽ ഇത് കാര്യമായി എടുക്കാതെ ഇടതുമുന്നണിയിലെ രണ്ടുസീറ്റുകളിൽ ഒന്ന് സിപിഐയ്ക്കും മറ്റൊന്ന് ജോസ് കെ മാണിയുടെ കേരള കോൺഗ്രസിനും നൽകുകയായിരുന്നു. ഇതിനെത്തുടർന്നുള്ള കടുത്ത നിരാശയാണ് പരസ്യപ്രതികരണത്തിന് ആർജെഡിയെ പ്രേരിപ്പിച്ചത് എന്നാണ് കരുതുന്നത്.

Advertisement
Advertisement