കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എത്രപേർ ബിജെപി അനുഭാവികളായി കേരളത്തിൽ മാറിയെന്ന് അറിയുമോ?

Wednesday 12 June 2024 2:02 PM IST

ഇടത് പാർട്ടികൾക്കും കോൺഗ്രസിനും ശക്തമായ വേരോട്ടമുള്ള കേരളത്തിൽ ഇടത്, വലത് മുന്നണികൾ തീർത്ത പദ്മവ്യൂഹം ഭേദിക്കാൻ ബി.ജെ.പിക്ക് കഴിയില്ലെന്ന അലിഖിത നിയമം ഈ പാർലമെന്റ് തിരഞ്ഞെടുപ്പോടെ മാറ്റിയെഴുതി. തിരഞ്ഞെടുപ്പിന്റെ കണക്കെടുപ്പിൽ സംസ്ഥാനത്ത് യു.ഡി.എഫിനും എൽ.ഡി.എഫിനും വോട്ട് ചോർച്ചയുണ്ടായപ്പോൾ ബി.ജെ.പി യുടെ ഗണ്യമായ വളർച്ച ഇരുമുന്നണികൾക്കും തലവേദനയാകും. കേരളവും ബി.ജെ.പിക്ക് ബാലികേറാമലയല്ലെന്ന് തെളിയിക്കുകയാണ്. സംസ്ഥാനത്തെ ഇരുമുന്നണികൾ സജീവമായി നിൽക്കുന്നതിനിടയിലൂടെ ബി.ജെ.പിക്ക് വേണ്ടത്ര വളരാൻ കഴിയില്ലെന്ന നിരീക്ഷണമാണ് ഈ തിരഞ്ഞെടുപ്പിലൂടെ തിരുത്തിക്കുറിക്കുന്നത്.

തൃശൂർ സീറ്റ് വൻ ഭൂരിപക്ഷത്തിൽ സുരേഷ്ഗോപി 'അങ്ങെടുത്തു' വെന്ന് മാത്രമല്ല, കേരളത്തിന്റെ പാർലമെന്റ് തിരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമായി ബി.ജെ.പി അക്കൗണ്ട് തുറക്കുകയും ചെയ്തു. ലഭിച്ച സീറ്റുകളുടെ എണ്ണത്തിൽ യു.ഡി.എഫ് മുന്നിലാണെങ്കിലും 2019 ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് യു.ഡി.എഫ്, എൽ.ഡി.എഫ് മുന്നണികൾക്ക് ലഭിച്ച വോട്ടിംഗ് ശതമാനം കുറഞ്ഞുവെന്നത് ഇരുമുന്നണികളെയും ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. 2019 ലെ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് 19 സീറ്റും എൽ.ഡി.എഫിന് ഒരു സീറ്റുമാണ് ലഭിച്ചത്. അന്ന് യു.ഡി.എഫിന് ലഭിച്ചത് 47. 3 ശതമാനം വോട്ടും എൽ.ഡി.എഫിന് ലഭിച്ചത് 34. 2 ശതമാനവും ബി.ജെ.പി മുന്നണിയായ എൻ.ഡി.എക്ക് ലഭിച്ചത് 14. 8 ശതമാനം വോട്ടുകളുമാണ്. ഇത്തവണ യു.ഡി.എഫിന് ലഭിച്ച 18 സീറ്റുകളിലേറെയും വൻ ഭൂരിപക്ഷത്തിൽ വിജയിച്ചെങ്കിലും ലഭിച്ച വോട്ട് 44.7 ശതമാനമാണ്. 5 വർഷത്തിനിടെ 2.6 ശതമാനം വോട്ട് കുറഞ്ഞു. എൽ.ഡി.എഫിന് 2019 ൽ ലഭിച്ചത് 34. 2 ശതമാനമെങ്കിൽ ഇക്കുറി 0.41 ശതമാനത്തിന്റെ നേരിയ കുറവേ ഉണ്ടായിട്ടുള്ളുവെന്ന് ആശ്വസിക്കാം. എന്നാൽ 2019 ൽ 14.8 ശതമാനം വോട്ട് നേടിയ എൻ.ഡി.എ, 4.40 ശതമാനം വർദ്ധിപ്പിച്ച് 19.2 ശതമാനത്തിലെത്തി. ഇനി ഒരഞ്ച് ശതമാനം വോട്ട് കൂടി നേടിയാൽ തൃശൂർ പോലെ കേരളം തന്നെ 'അങ്ങെടുത്താലും' അത്ഭുതപ്പെടാനില്ലാത്ത സ്ഥിതിയാകും. തിരുവനന്തപുരത്തും ആറ്റിങ്ങലും വിജയിച്ച സ്ഥാനാർത്ഥിയും തോറ്റ എൻ.ഡി.എ സ്ഥാനാർത്ഥിയും തമ്മിലുള്ള വ്യത്യാസം കഷ്ടിച്ച് 15,000- 16000 ഓളം വോട്ടിന്റേത് മാത്രമാണ്. വോട്ടെണ്ണലിന്റെ ഒരുഘട്ടത്തിൽ തിരുവനന്തപുരത്തെ എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ, ജയിച്ച സ്ഥാനാർത്ഥി യു.ഡി.എഫിലെ ശശി തരൂരിനെക്കാൾ 25,000 ഓളം വോട്ടിന് മുന്നിലെത്തി വിജയ പ്രതീക്ഷ സൃഷ്ടിച്ചിരുന്നു. ആലപ്പുഴയിൽ ശോഭ സുരേന്ദ്രൻ, വിജയിച്ച കോൺഗ്രസിലെ കെ.സി വേണുഗോപിലിന്റെ തൊട്ടു പിന്നിലെത്തിയെന്ന് മാത്രമല്ല, എൽ.ഡി.എഫ് സ്ഥാനാർത്ഥിയും സി.പി.എമ്മിന്റെ ഏക സിറ്റിംഗ് എം.പിയുമായിരുന്ന എ.എം ആരിഫിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളി. യു.ഡി.എഫ് സ്ഥാനാർത്ഥികൾ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച പാലക്കാട്, പൊന്നാനി, കാസർകോട്, മണ്ഡലങ്ങളിലും എൽ.ഡി.എഫ് സ്ഥാനാർത്ഥി വിജയിച്ച ആലത്തൂരിലും എൻ.ഡി.എ നന്നായി വോട്ട് വർദ്ധിപ്പിക്കുകയും ചെയ്തു.

11 നിയമസഭാ സീറ്റുകളിൽ ബി.ജെ.പി മുന്നിൽ

കേരളത്തിലെ 11 അസംബ്ലി മണ്ഡലങ്ങളിൽ ബി.ജെ.പി ഒന്നാം സ്ഥാനത്തെത്തിയെന്നത് ചെറിയ കാര്യമല്ല. എട്ട് നിയമസഭാ മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്താണ്. അതായത് എട്ടിടത്ത് സി.പി.എമ്മിനോ കോൺഗ്രസിനോ മുകളിൽ. തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിലെ നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം, ആറ്റിങ്ങൽ മണ്ഡലത്തിലെ ആറ്റിങ്ങൽ, കാട്ടാക്കട, തൃശൂർ മണ്ഡലത്തിലെ തൃശൂർ, ഒല്ലൂർ, നാട്ടിക, ഇരിങ്ങാലക്കുട, മണലൂർ, പുതുക്കാട് എന്നിവിടങ്ങളിലാണ് ബി.ജെ.പി ഒന്നാമതെത്തിയത്. ഗുരുവായൂരിൽ മാത്രമാണ് പിന്നിൽ പോയത്. തിരുവനന്തപുരം, കോവളം, നെയ്യാറ്റിൻകര, പാലക്കാട്, മഞ്ചേശ്വരം, ഹരിപ്പാട്, കായംകുളം, കാസർകോട് അസംബ്ളി മണ്ഡലങ്ങളിലാണ് ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തിയത്. ഷാഫി പറമ്പിൽ വടകരയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടതോടെ പാലക്കാട് അസംബ്ളി സീറ്റിൽ ഉപതിരഞ്ഞെടുപ്പ് ഉടനെയുണ്ടാകും.നിയമസഭയിൽ വീണ്ടും സീറ്റ് നേടാനുള്ള ബി.ജെ.പിയുടെ ശ്രമം ഇവിടെ നിന്ന്തന്നെ തുടങ്ങാനാകും പാർട്ടിയുടെ ശ്രമം. 2019 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ലഭിച്ചത് 31,56,320 വോട്ടുകളായിരുന്നു. 2024 ൽ അത് 38,37,007 ആയി വർദ്ധിച്ചു. 5 വർഷത്തിനിടെ 6,80,677 വോട്ടുകൾ വർദ്ധിച്ചുവെന്നത് നിസ്സാര കാര്യമല്ല. സംസ്ഥാനത്ത് സി.പി.എമ്മിനും കോൺഗ്രസിനും അടുത്തായി ബി.ജെ.പിയും എത്തിയെന്ന് ചുരുക്കം. കേരളത്തിലെ 20 പാർലമെന്റ് മണ്ഡലങ്ങളിലെയും എൻ.ഡി.എ സ്ഥാനാർത്ഥികൾ നേടിയ വോട്ടിന്റെ കണക്ക് പരിശോധിച്ചാൽ മതിയാകും ബി.ജെ.പി നേടിയ വളർച്ചയുടെ ആഴം മനസ്സിലാക്കാൻ. ഓരോ സ്ഥാനാർത്ഥിയും നേടിയ വോട്ടുകൾ ഇപ്രകാരമാണ്.

ബ്രാക്കറ്റിൽ എൻ.ഡി.എ സ്ഥാനാർത്ഥികൾ 2019 ൽ നേടിയ വോട്ട്. തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖർ- 3,42,078 (3,16,142), ആറ്റിങ്ങൽ: വി.മുരളീധരൻ- 3,11,779 (2,48,081), കൊല്ലം: ജി.കൃഷ്ണകുമാർ: 1.63,210 (1,03,339), മാവേലിക്കര: ബൈജു കലാശാല- 1,42,984 (1,33,546)ആലപ്പുഴ: ശോഭ സുരേന്ദ്രൻ: 2,99,648 (1,87,729), പത്തനംതിട്ട: അനിൽ കെ. ആന്റണി- 2,34,406 ( 2,97,396), കോട്ടയം: തുഷാർ വെള്ളാപ്പള്ളി - 1,65,046 (1,55,135), എറണാകുളം: ഡോ. കെ.എസ് രാധാകൃഷ്ണൻ -1,45,500 (1,37,749), ചാലക്കുടി: കെ.എ ഉണ്ണിക്കൃഷ്ണൻ- 1,06,400 (1,54,159), തൃശൂർ: സുരേഷ്ഗോപി- 4,12,338 (2,93,822), ഇടുക്കി: സംഗീത ലക്ഷ്മൺ- 91,323 (78,648 ), ആലത്തൂർ: ഡോ.ടി.എൻ സരസു- 1,88,230 (89,837), പാലക്കാട്: സി.കൃഷ്ണകുമാർ- 2,51,778 (2,18,556), പൊന്നാനി: നിവേദിത സുബ്രഹ്മണ്യൻ- 1,24,798 (1,10,603), മലപ്പുറം: ഡോ. എം.അബ്ദുൽ സലാം- 85361 (82,332), വയനാട്: കെ.സുരേന്ദ്രൻ- 1,41,045 (78,816), കോഴിക്കോട്: എം.ടി രമേശ്- 1,80,666 (1,61,216), വടകര: പ്രഫൂൽ കൃഷ്ണൻ- 1,11,979 (80,128),കണ്ണൂർ: സി.രഘുനാഥ്- 1,19,876 (68,509), കാസർകോട് : എം.എൽ അശ്വിനി- 2,19,558 (1,76,049)

മന്ത്രിസഭ: പിന്നാക്കക്കാരെ അവഗണിച്ചെന്ന് പരാതി

കേന്ദ്രമന്ത്രിസഭയിൽ കേരളത്തിന് രണ്ട് സഹമന്ത്രിമാരെ ലഭിച്ചെങ്കിലും ബി.ജെ.പിയെ ഇക്കുറി ഏറെ സഹായിച്ച ഈഴവരാദി പിന്നാക്ക വിഭാഗങ്ങളെ അവഗണിച്ചുവെന്ന പരാതി ഉയർന്നു കഴിഞ്ഞു. രണ്ടാം മോദി മന്ത്രിസഭയിൽ കേരളത്തിൽ നിന്ന് രാജീവ് ചന്ദ്രശേഖറും വി.മുരളീധരനുമാണ് സഹമന്ത്രിമാരായിരുന്നത്. ഇപ്പോൾ മന്ത്രിമാരായത് തൃശൂരിൽ നിന്ന് റെക്കാഡ് വിജയം നേടിയ സുരേഷ്ഗോപിക്ക് പുറമെ ബി.ജെ.പി നേതാവ് ജോർജ് കുര്യനുമാണ്. കുര്യൻ നിലവിൽ ലോക്‌സഭാംഗമല്ല. സംസ്ഥാനത്തെ ഇടത്, വലത് മുന്നണികൾക്ക് പരമ്പരാഗതമായി വോട്ട് ചെയ്തുവന്ന ഹിന്ദുവിഭാഗം വോട്ടർമാരാണ് ഇക്കുറി ബി.ജെ.പിയുടെ വോട്ട് വിഹിതം ഗണ്യമായി ഉയർത്തിയതെന്നത് ഏവരും അംഗീകരിക്കുന്ന വസ്തുതയാണ്. സി.പി.എമ്മിനാണ് ഈ തിരഞ്ഞെടുപ്പ് ഫലം ഏറെ ഞെട്ടലുണ്ടാക്കിയത്. സി.എസ്.ഡി.എസ് എന്ന ഏജൻസി ലോക്‌നീതിയുമായി ചേർന്ന് സംസ്ഥാനത്ത് തിരഞ്ഞെടുപ്പിന് ശേഷം നടത്തിയ അഭിപ്രായ സർവെയിൽ സംസ്ഥാനത്തും കേന്ദ്രത്തിലും നിലനിന്ന ഭരണവിരുദ്ധ വികാരമാണ് എൽ.ഡി.എഫിനെതിരായ വിധിയെഴുത്തായി മാറിയതെന്നാണ് കണ്ടെത്തിയത്. അതിലുപരി സംസ്ഥാനത്തെ സാമുദായിക സമവാക്യങ്ങളിലുണ്ടായ മാറ്റവും പ്രതിഫലിച്ചു.

പരമ്പരാഗതമായി സി.പി.എമ്മിനും ഇടത് പാർട്ടികൾക്കും വോട്ട് ചെയ്തുവന്ന ഹിന്ദുക്കളിലെ 45 ശതമാനം നായർ വിഭാഗവും 32 ശതമാനം ഈഴവ വിഭാഗവും എൻ.ഡി.എക്ക് അനുകൂലമായി വോട്ട് ചെയ്തുവെന്നാണ് കണ്ടെത്തിയത്. ക്രൈസ്തവ വിഭാഗത്തിൽ നിന്ന് വെറും 5 ശതമാനം പേർ മാത്രമാണ് എൻ.ഡി.എക്ക് അനുകൂലമായി വോട്ട് ചെയ്തത്. മന്ത്രിസഭയിലേക്ക് നായർ, ക്രൈസ്തവ വിഭാഗത്തിൽ നിന്ന് രണ്ടുപേരെ പരിഗണിച്ചപ്പോൾ ഈഴവ വിഭാഗത്തെ തഴഞ്ഞുവെന്നാണ് വ്യക്തമാകുന്നത്. സംസ്ഥാനത്ത് ഒന്നര ലക്ഷത്തിനു മുകളിൽ എൻ.ഡി.എക്ക് വോട്ട് ലഭിച്ച മിക്ക മണ്ഡലങ്ങളിലും ഈഴവ വിഭാഗത്തിന്റെ വോട്ടുകളിൽ നല്ലൊരു ശതമാനം ലഭിച്ചുവെന്നാണ് കരുതുന്നത്. എൻ.ഡി.എ ഘടകകക്ഷിയായ ബി.ഡി.ജെ.എസിന്റെ സ്വാധീനവും നിർണ്ണായകമായിരുന്നു. എന്നിട്ടും ഈഴവ, പിന്നാക്ക വിഭാഗങ്ങൾക്ക് കേന്ദ്ര മന്ത്രിസഭയിൽ അർഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്നത് വരും ദിവസങ്ങളിൽ ചർച്ചയാകുമെന്നതിൽ തർക്കമില്ല. വരാൻ പോകുന്ന തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലും 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഇപ്പോഴത്തെ ട്രെൻഡ് നിലനിർത്താനായാൽ എൻ.ഡി.എക്ക് നേട്ടം ഉണ്ടാക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. എന്നാൽ ഈഴവരടക്കമുള്ള പിന്നാക്ക വിഭാഗങ്ങളെ കൂടെ നിർത്താനായില്ലെങ്കിൽ ഉദ്ദേശിക്കുന്ന ഫലം ലഭിക്കാനുള്ള സാദ്ധ്യതയ്ക്കും മങ്ങലേൽക്കുമെന്നതിൽ തർക്കമില്ല.

Advertisement
Advertisement