തമിഴിസൈ സൗന്ദർരാജനെ വിളിച്ച് താക്കീത് നൽകി അമിത് ഷാ, ആന്ധ്രയിലെ സത്യപ്രതിജ്ഞയ്‌ക്കിടെ ചർച്ചയായി വീഡിയോ ദൃശ്യം

Wednesday 12 June 2024 3:44 PM IST

മചിലിപട്ടണം: ആന്ധ്രാ പ്രദേശിലെ എൻ‌ഡിഎ സർക്കാർ സത്യപ്രതിജ്ഞയ്‌ക്ക് മുൻപായി അമിത് ഷായും ബിജെപി നേതാവ് തമിഴിസൈ സൗന്ദ‌ർരാജനും തമ്മിലെ സംസാരത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. തന്നെ വണങ്ങിയ ശേഷം മുന്നോട്ട് പോയ മുൻ തെലങ്കാന ഗവർണർ കൂടിയായ തമിഴിസൈ സൗന്ദർരാജനെ തിരികെ വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രിയായ അമിത് ഷാ താക്കീത് നൽകുന്നത് ദൃശ്യങ്ങളിൽ കാണാം. പരസ്യമായി തമിഴിസൈയെ താക്കീത് ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

മുൻ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവിനെയും അമിത് ഷായെയും വണങ്ങി മുന്നോട്ട് നടന്ന തമിഴിസയെ തിരികെ വിളിച്ച് താക്കീതിന്റെ ശരീരഭാഷയിൽ അമിത് ഷാ സംസാരിക്കുന്നു മറുപടി തമിഴിസൈ നൽകുന്നുണ്ടെങ്കിലും അത് അമിത് ഷാ നിരസിക്കുന്നതും വീഡിയോയിൽ കാണാം.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തമിഴ്‌‌നാട്ടിൽ വോട്ട് മുന്നേറ്റം പലയിടത്തുമുണ്ടായെങ്കിലും ഒരിടത്തും വിജയിക്കാൻ ബിജെപിക്ക് കഴിഞ്ഞില്ല. പ്രസിഡന്റ് കെ.അണ്ണാമലൈയുടെയും തമിഴിസൈ സൗന്ദർരാജന്റെയും വിഭാഗങ്ങൾ തമ്മിലെ തർക്കവും സംസ്ഥാനത്ത് രൂക്ഷമാണ്. ഇതിന്റെ ബാക്കിയാണോ അമിത് ഷാ മുന്നറിയിപ്പായി നൽകിയതെന്ന് പലരും സംശയം ഉന്നയിക്കുന്നുണ്ട്. വിവാദത്തിൽ ഡിഎം‌കെ പ്രതികരിച്ചിട്ടുണ്ട്. 'ഇത് എന്തുതരം രാഷ്‌ട്രീയമാണ്? തമിഴ്‌നാട്ടിലെ ഒരു പ്രമുഖ രാഷ്‌‌ട്രീയക്കാരിയെ അമിത് ഷാ പരസ്യമായി ശാസിക്കുന്നത് മര്യാദയാണോ? ഇത് വളരെ തെറ്റായ മാതൃകയാണ്' ഡിഎം‌കെ വക്താവ് ശരവണൻ അണ്ണാദുരൈ പറഞ്ഞു.

പാ‌ർട്ടി സംസ്ഥാന അദ്ധ്യക്ഷനായ അണ്ണാമലൈയുടെ എഐഡിഎം‌കെയോടുള്ള പെരുമാറ്റമാണ് ബിജെപി ബന്ധം തകരാൻ കാരണമെന്ന് ഒരുവിഭാഗം വാദിക്കുന്നു. എഐഡിഎംകെ-ബിജെപി ബന്ധം തുടർന്നിരുന്നെങ്കിൽ 35 സീറ്റുകൾ നേടാമായിരുന്നെന്ന് ഒരുവിഭാഗം പറയുന്നു. ഇതുതന്നെയാണ് സമിഴിസൈയുടെയും അഭിപ്രായം. ഇത് അണ്ണാമലൈ പക്ഷക്കാർക്ക് കടുത്ത രോഷമുണ്ടാകുകയും സമൂഹമാദ്ധ്യമങ്ങളിൽ തമിഴിസൈയെ അധിക്ഷേപിക്കുകയും ചെയ്‌തു. ഇതിനെതിരെ തമിഴിസൈ പക്ഷം കോടതിയിൽ പോയിരിക്കുന്ന വേളയിലാണ് അമിത് ഷാ തമിഴിസൈയെ താക്കീത് ചെയ്‌ത വീഡിയോയും പുറത്തുവരുന്നത്.

Advertisement
Advertisement