മോഷ്‌ടിച്ച് കൊണ്ടുപോയതായി കണ്ടെത്തിയത് അഞ്ഞൂറ് വർഷത്തിലേറെ പഴക്കമുള്ള വിഗ്രഹം, ഇന്ത്യയ്‌ക്ക് തിരികെ തരാമെന്ന് ഓക്‌സ്‌ഫോർഡ് സർവകലാശാല

Wednesday 12 June 2024 4:36 PM IST

ലണ്ടൻ: തമിഴ്‌നാട്ടിലെ ക്ഷേത്രത്തിൽ നിന്നും മോഷ്‌ടിച്ച് കടത്തിയ അഞ്ഞൂറിലധികം വർഷം പഴക്കമുള്ള വിഗ്രഹം ഒടുവിൽ ഇന്ത്യയിലെത്തുന്നു. 16-ാം നൂറ്റാണ്ടിൽ നിർമ്മിച്ച ഒരു വിഗ്രഹമാണ് ഓക്‌സ്‌ഫോർഡ് സർവകലാശാല തിരികെയെത്തിക്കാമെന്ന് ഇന്ത്യൻ ഹൈക്കമ്മിഷനെ അ അറിയിച്ചത്. അഷ്‌മോലിയൻ മ്യൂസിയത്തിലുള്ള 12 ആൾവാർ സന്യാസിമാരിലൊരാളായ തിരുമങ്കൈ ആൾവാരുടെ ഒരു വിഗ്രഹമാണ് ഇന്ത്യയ്‌ക്ക് കൈമാറാൻ സർവകലാശാല ഹൈക്കമ്മീഷനെ അനുകൂലിച്ചത്. കേന്ദ്രസർക്കാരും ഈ വിഗ്രഹം തിരികെ നൽകണമെന്ന് ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ട്.

ലേലം വിളിയിലൂടെയാണ് യുകെയിലെ മ്യൂസിയത്തിൽ വിഗ്രഹം എത്തിച്ചേർന്നത്. 1967ലാണ് ഇതിവിടെയെത്തിയത്. ഡോ.ജെ.ആർ ബെൽമോണ്ടിന്റെ (1886-1981) ശേഖരത്തിൽ നിന്നാണ് ഇവിടേക്ക് വിഗ്രഹം എത്തിയത്. ഇന്ത്യയിൽ നിന്നുള്ള വിഗ്രഹമാണെന്നതടക്കം വിവരങ്ങൾ ഒരു സ്വതന്ത്ര പുരാവസ്‌തു ഗവേഷകൻ കഴിഞ്ഞ നവംബറിൽ സർവകലാശാലയ്‌ക്ക് വിവരം കൈമാറിയിരുന്നു.

മുൻപും ഇന്ത്യയിൽ നിന്നുള്ള വിലപ്പെട്ട ചരിത്ര വസ്‌തുക്കൾ ബ്രിട്ടണിൽ നിന്നും തിരികെ നാട്ടിലെത്തിച്ചിട്ടുണ്ട്. ചുണ്ണാമ്പുകല്ലിൽ കൊത്തിയെടുത്ത ആന്ധ്രയിൽ നിന്നുള്ള ഒരു ശിൽപവും 17-ാം നൂറ്റാണ്ടിൽ തമിഴ്‌നാട്ടിൽ നിർമ്മിച്ച ഒരു നവനീത കൃഷ്‌ണന്റെ വെങ്കല വിഗ്രഹവും ഇത്തരത്തിൽ ഇന്ത്യയിലേക്ക് കഴിഞ്ഞവർഷം നവംബറിൽ തിരികെയെത്തിയിരുന്നു.

രാജ്യത്തെ വൈഷ്‌ണവ കവികളിൽ പ്രമുഖരെയാണ് 12 ആൾവാർമാരെന്ന് അഭിസംബോധന ചെയ്‌തിരുന്നത്. ഇവരിൽ കലിയുഗം 399ൽ (ബിസി 2702ൽ) ജനിച്ചു എന്ന് കരുതപ്പെടുന്ന തമിഴ് കവികൂടിയാണ് തിരുമങ്കൈ ആൾവാർ. ചോള രാജാവിന്റെ പടത്തലവനായ അദ്ദേഹം പിന്നീട് സന്യാസിയായി മാറി.

Advertisement
Advertisement