നീറ്റ്: വേവലാതിയും വസ്തുതയും

Thursday 13 June 2024 12:08 AM IST

രാജ്യത്ത് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ എഴുതുന്ന നീറ്റ് (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്) പരീക്ഷയുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദങ്ങൾ ആ പരീക്ഷയുടെ സുതാര്യതയെത്തന്നെ ചോദ്യം ചെയ്യുന്നതാണ്. വിഷയം ഗൗരവമായെടുത്ത സുപ്രീം കോടതി ഇക്കാര്യത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയോട് വിശദീകരണം ചോദിച്ചിരിക്കുകയാണ്. മേയ് അഞ്ചിനു നടന്ന പരീക്ഷ ആകെ 23.83 ലക്ഷം വിദ്യാർത്ഥികളാണ് എഴുതിയത്. എന്നാൽ, ചോദ്യ പേപ്പർ സോഷ്യൽ മീഡിയയിലൂടെ ചോർന്നുവെന്ന വാർത്ത അതേദിവസം തന്നെ പ്രചരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട എല്ലാ വാർത്തകളും തുടക്കത്തിൽ എൻ.ടി.എ നിരാകരിച്ചു. ആകെ 11.65 ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ നടന്ന നീറ്റ് പരീക്ഷയിലൂടെ മെഡിക്കൽ പ്രവേശന യോഗ്യത നേടിയത്- കേരളത്തിൽ നിന്ന് അർഹരായത് 75,​362 കുട്ടികൾ.

കട്ട് ഓഫ് മാർക്ക് മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ 20 ശതമാനം കൂടുതലായിരുന്നു- ജനറൽ വിഭാഗത്തിന്റെ കുറഞ്ഞ കട്ട് ഓഫ് മാർക്ക് 164 ഉം, മറ്റു വിഭാഗത്തിൽപ്പെട്ടവർക്ക് 129 മാർക്കും. 67 പേർക്ക് 720 ൽ 720 മാർക്കും ലഭിച്ചു. ഹരിയാനയിലെ ഒരേ പരീക്ഷാ കേന്ദ്രത്തിലെ അടുത്തടുത്ത ക്രമ നമ്പറുകളിൽ പരീക്ഷയെഴുതിയ ആറ് വിദ്യാർത്ഥികളുമുണ്ട് ഇവരിൽ. ഫലം പ്രസിദ്ധീകരിക്കപ്പെട്ടതിനു പിന്നാലെ പരീക്ഷാ നടത്തിപ്പിലെയും മൂല്യനിർണയത്തിലെയും ക്രമക്കേടുകൾ രക്ഷിതാക്കളും കോച്ചിംഗ് വിദ്യാർത്ഥികളിൽ ചിലരും ചോദ്യം ചെയ്യാൻ തുടങ്ങി. ഉത്തരേന്ത്യ ആസ്ഥാനമായുള്ള കോച്ചിംഗ് സെന്ററുകളിലെ ചില വിദ്യാർത്ഥികളായിരുന്നു,​ നൂറു ശതമാനം മാർക്ക് നേടിയവരിൽ ഏറെയും.

പരാതിക്കാർക്ക്

ഗ്രേസ് മാർക്ക്!

ആൾമാറാട്ടത്തിന്റെ പേരിൽ ചില വിദ്യാർത്ഥികൾക്കെതിരെ എൻ.ടി.എ നടപടിയെടുത്തെങ്കിലും റിസൾട്ടുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഗൗനിച്ചതേയില്ല. മൂല്യനിർണയ വേളയിൽ, പരീക്ഷയുടെ സമയക്കുറവിനെക്കുറിച്ച് പരാതിപ്പെട്ട വിദ്യാർത്ഥികൾക്ക് എൻ.ടി.എ ഗ്രേസ് മാർക്ക് അനുവദിച്ചിരുന്നു. അതിന്റെ പ്രയോജനം ലഭിച്ചത് ഹരിയാനയിലെ ആറു കേന്ദ്രങ്ങളിൽ പരീക്ഷയെഴുതിയ,​ സമയക്കുറവിനെക്കുറിച്ചു പരാതിപ്പെട്ട 1600- ഓളം വിദ്യാർത്ഥികൾക്കു മാത്രം! നീറ്റിന് 200 മിനുട്ടിൽ 180 ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തണം. സ്വാഭാവികമായും ടൈം മാനേജ്മെന്റിൽ വിദ്യാർത്ഥികൾ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. പരീക്ഷയെഴുതിയ 40 ശതമാനത്തിലേറെ വിദ്യാർത്ഥികൾക്കും സ്വാഭാവികമായും സമയക്കുറവിന്റെ പ്രശ്നങ്ങളുണ്ട്. ഇത് പരിഗണിക്കാതെ ആറ് പരീക്ഷാ കേന്ദ്രങ്ങളിലെ 1600 കുട്ടികൾക്കു മാത്രം ഗ്രേസ് മാർക്ക് അനുവദിച്ചത് പക്ഷപാതപരമാണ്. കോടതി പരാമർശത്തിന്റെ വെളിച്ചത്തിലാണ് ഇത് അനുവദിച്ചതെന്ന എൻ.ടി.എ-യുടെ വാദം അശാസ്ത്രീയവും നിലനിൽക്കാത്തതുമാണ്. പരീക്ഷ റദ്ദാക്കി,​ വീണ്ടും നടത്തണമെന്ന ആവശ്യത്തിനു കാരണവും ഇതുതന്നെ.

പൊതുപരീക്ഷകളുടെ സുതാര്യത നിലനിറുത്താനും

ഗുണ നിലവാരത്തോടെ സമയബന്ധിതമായി പരീക്ഷ നടത്താനുമാണ് 2017- ൽ കേന്ദ്ര സർക്കാർ പാർലമെന്റിൽ നിയമം പാസാക്കി എൻ.ടി.എയ്ക്ക് രൂപം നൽകിയത്. എന്നാൽ,​ ക്രമക്കേടുകൾ സംബന്ധിച്ച പരാതികൾ തള്ളിക്കളയുന്ന എൻ.ടി.എ-യുടെ നിലപാട് വേലി തന്നെ വിളവു തിന്നുന്നതിന് തുല്യമാണ്. പരീക്ഷാ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാൻ മുൻ യു.പി.എസ്.സിയുടെ നേതൃത്വത്തിൽ നാലംഗ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അന്വേഷണ കാലയളവിലെങ്കിലും എൻ.ടി.എ ചെയർമാനെ മാറ്റിനിറുത്തേണ്ടതുണ്ട്.

കേരളത്തിൽ

എന്താകും?​

മുൻവർഷത്തെ അപേക്ഷിച്ച് ഈ വർഷം നീറ്റ് സ്‌കോറുകളെ അടിസ്ഥാനമാക്കിയുള്ള റാങ്കിംഗിൽ വലിയ അസമത്വം നിലനിൽക്കുന്നു. 700 മാർക്ക് നേടിയ വിദ്യാർത്ഥികൾക്ക് മുൻ വർഷങ്ങളിൽ 300- 400 റാങ്ക് ലഭിച്ചിരുന്നു, ഈ വർഷം അവരുടെ നിർദ്ദിഷ്ട റാങ്ക് 2000 നു മുകളിലാണ്! 2023-ലെ 560 മാർക്കിന്റെ റാങ്ക് 60,​000 ആയിരുന്നെങ്കിൽ ഇത്തവണ അത് 1,​32,​000-ൽ അധികം! അതിനാൽ റാങ്കിംഗിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾക്ക് പ്രവേശനം പ്രവചിക്കാൻ കഴിയില്ല. മെഡിക്കൽ സീറ്റുകളുടെ എണ്ണം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ താരതമ്യേന കുറവാണ്. ഇവിടെ,​ 12 സർക്കാർ മെഡിക്കൽ കോളേജുകളിലായി 1755-ഉം,​ 21 സ്വാശ്രയ മെഡി. കോളേജുകളിലായി 2750- ഉം എം.ബി.ബി.എസ് സീറ്റുകളുണ്ട് (ആകെ 4505 സീറ്റ്)​.

കേരളത്തിൽ സംസ്ഥാന പ്രവേശന പരീക്ഷ കമ്മിഷണർ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് അനുസരിച്ചാണ് പ്രവേശനം. ലിസ്റ്റ് പ്രസിദ്ധീകരിച്ചതിനു ശേഷമേ പ്രവേശന സാദ്ധ്യതയുള്ള കോളേജുകളെക്കുറിച്ചും, കോഴ്സുകളെക്കുറിച്ചും ധാരണ ലഭിക്കൂ. സർക്കാർ, ഇ.എസ്.ഐ, ഡീംഡ്, സ്വകാര്യ മെഡിക്കൽ കോളേജുകളിലെ അഖിലേന്ത്യ, അയൽ സംസ്ഥാന പ്രവേശനത്തിലും ഇത്തരം അവ്യക്തത നിലനിൽക്കുന്നു. എയിംസിലും, എ.എഫ്.എം.സിയിലും ഇത്തവണ പ്രവേശനത്തിന് മുൻ വർഷങ്ങളിലെ അവസാന റാങ്കിനെ അപേക്ഷിച്ച് പത്തു ശതമാനത്തോളം അധിക മാർക്ക് വേണ്ടിവന്നേക്കാം. ഇവിടെ സർക്കാർ മെഡിക്കൽ കോളേജുകളിൽ മുൻ വർഷങ്ങളിലെ റാങ്ക് നിലവാരം അനുസരിച്ച് പ്രവേശനം പ്രതീക്ഷിക്കുന്നവർക്ക് ഒരുപക്ഷേ സ്വാശ്രയ കോളേജുകളിൽ പ്രവേശനം ലഭിക്കാനാണ് സാദ്ധ്യത.

എം.ബി.ബി.എസിനു മാത്രമല്ല,​ ബി.ഡി.എസ്, ആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി, കാർഷിക, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ്, അനുബന്ധ കാർഷിക കോഴ്സുകൾക്കും പ്രവേശനം നീറ്റ് റാങ്ക് വിലയിരുത്തിയാണ്. അതുകൊണ്ടുതന്നെ ഈ കോഴ്സുകളുടെ പ്രവേശനത്തിനും മുൻ വർഷത്തെ അപേക്ഷിച്ച് ഉയർന്ന റാങ്ക് വേണ്ടിവരും. മാർക്ക് വിലയിരുത്തി,​ ഏതു കോഴ്സിന് അഡ്മിഷൻ ലഭിക്കുമെന്ന് കണക്കാക്കുന്നത് കേവലം ആപേക്ഷികം മാത്രമായിരിക്കുമെന്ന് അർത്ഥം. പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികൾക്കും തുല്യനീതി ലഭിക്കുവാനുള്ള നടപടികളാണ് ആവശ്യം. ഇതിനായി പരീക്ഷ വീണ്ടും നടത്താൻ എൻ.ടി.എ തയ്യാറാകണം. തുടർ മൂല്യനിർണയത്തിലൂടെ അശാസ്ത്രീയത പരിഹരിക്കുക ഏറെ ശ്രമകരമാണ്.

(ബംഗളൂരുവിലെ ട്രാൻസ്ഡിസിപ്ലിനറി യൂണിവേഴ്സിറ്റി ഒഫ് ഹെൽത്ത് സയൻസസ് ആൻഡ് ടെക്‌നോളജി പ്രൊഫസർ ആണ് ലേഖകൻ. മൊബൈൽ: 98461 08992)​

Advertisement
Advertisement