കോളേജുകളിൽ രണ്ടു തവണ പ്രവേശനം

Thursday 13 June 2024 12:16 AM IST

വിദേശ സർവകലാശാലകളുടെ മാതൃകയിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർവകലാശാലകൾക്കും ഇനി മുതൽ വർഷത്തിൽ രണ്ടു തവണ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകാൻ യു.ജി.സി അനുമതി നൽകിയിരിക്കുന്നത് ഒട്ടേറെ വിദ്യാർത്ഥികൾക്ക് പ്രയോജനം ലഭിക്കുന്ന നടപടിയാണ്. യു.ജി.സി ചെയർമാൻ എം. ജഗദേഷ്‌കുമാർ അറിയിച്ചത്,​ നിലവിൽ അഡ്‌മിഷൻ നൽകിയിരുന്ന ജൂലായ് - ആഗസ്റ്റ് മാസങ്ങളിലെ പ്രവേശനത്തിനു പുറമെ ഇനി മുതൽ ജനുവരി - ഫെബ്രുവരി മാസങ്ങളിലും വിദ്യാർത്ഥികൾക്ക് അവസരം ലഭിക്കുമെന്നാണ്. 2024 - 25 അദ്ധ്യയന വർഷം മുതൽ ജനുവരി- ഫെബ്രുവരി മാസങ്ങളിലും പ്രവേശനം നടത്താം. ഒരു കോഴ്‌സിന്റെ പുതിയ ബാച്ചോ, പുതിയ കോഴ്‌സോ ഇതിനു വേണ്ടി ഒരുക്കാം. എന്നാൽ കൂടുതൽ വിദ്യാർത്ഥികളെ ഉൾപ്പെടുത്തുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം.

ഓരോ യൂണിവേഴ്സിറ്റിക്കും ഇക്കാര്യത്തിൽ സ്വതന്ത്ര‌മായി തീരുമാനമെടുക്കാം. നടപ്പാക്കണമെന്നത് നിർബന്ധമല്ല. വിദൂര വിദ്യാഭ്യാസത്തിൽ ഇത് കഴിഞ്ഞ വർഷം മുതൽ തുടങ്ങിയിരുന്നു. ഓൺലൈൻ വിദൂര വിദ്യാഭ്യാസ കോഴ്സുകൾക്ക് രണ്ടു തവണയായി ജനുവരിയിലും ജൂലായിലും പ്രവേശനം അനുവദിച്ചിരുന്നു. 2022 ജൂലായിൽ 19.73 ലക്ഷം വിദ്യാർത്ഥികളാണ് വിദൂര വിദ്യാഭ്യാസ കോഴ്‌സുകൾക്ക് ചേർന്നത്. പിന്നാലെ ജനുവരിയിൽ അഡ്‌മിഷൻ നടത്തിയപ്പോൾ 4.28 ലക്ഷം വിദ്യാർത്ഥികളും ആ അവസരം വിനിയോഗിച്ച് പ്രവേശനം നേടി. ഉന്നത വിദ്യാഭ്യാസത്തിന് ചേരുന്നവരുടെ നിരക്ക് ഇപ്പോൾത്തന്നെ കേരളത്തിൽ കുറവാണ്. ഇത് കേരളത്തിലെ യൂണിവേഴ്സിറ്റികൾ നടപ്പിലാക്കിയാൽ പ്ളസ് ടു കഴിഞ്ഞ് ഉന്നത വിദ്യാഭ്യാസത്തിനു ചേരുന്ന വിദ്യാർത്ഥികളുടെ എണ്ണം കൂട്ടാൻ അത് ഉപകരിക്കും. അതുപോലെ,​ പ്ളസ് ടുവിന് ഒരു വിഷയത്തിനും മറ്റും പരാജയപ്പെടുന്നവർ സേ പരീക്ഷയിൽ ജയിച്ചാൽ അവർക്കും ഒരു വർഷം നഷ്ടപ്പെടാതെ ഉന്നത വിദ്യാഭ്യാസ പഠനം നടത്താനാകും.

വിദേശ സർവകലാശാലകളിൽ എല്ലാ വർഷവും വിന്റർ, സമ്മർ എന്നിങ്ങനെ രണ്ട് അക്കാഡമിക് പ്രവേശനമാണ് നടക്കുന്നത്. ഇന്ത്യയിൽ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കാൻ പോകുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. വിദേശ മാതൃകയിലുള്ള പ്രവേശനവും പഠനവും ഇവിടെയും നടപ്പാക്കിത്തുടങ്ങിയാൽ ഇങ്ങനെ പോകുന്ന വിദ്യാർത്ഥികളിൽ ഒരു നേരിയ ശതമാനമെങ്കിലും ഇവിടെ പഠിക്കാൻ താത്‌പര്യം പ്രകടിപ്പിച്ചേക്കാം. രണ്ടുതവണ പ്രവേശനം നടപ്പാക്കാൻ അടിസ്ഥാന സൗകര്യങ്ങളിൽ മാറ്റം വരുത്തേണ്ടതിനാൽ സാമ്പത്തിക ബാദ്ധ്യതകൾ ഉണ്ടാകാം. അതിനാൽ എത്ര യൂണിവേഴ്സിറ്റികൾ ഇവിടെ ഇതിനു തയ്യാറാകുമെന്ന് പറയാനാകില്ല. ഇത് നടപ്പായാൽ മറ്റു സംസ്ഥാനങ്ങളിൽ അഡ്‌മിഷൻ നേടിയിട്ടും പ്രത്യേക സാഹചര്യങ്ങളിൽ പഠനം മുടക്കേണ്ടിവരുന്നവർക്കും ഒരു വർഷം നഷ്ടപ്പെടാതെ കേരളത്തിൽ വന്ന് പഠിക്കാനാകും.

ഇത്തരത്തിൽ,​ വർഷത്തിൽ രണ്ടു പ്രവേശനം നടത്താൻ തയ്യാറാകുന്ന യൂണിവേഴ്സിറ്റികൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും യു.ജി.സി പ്രത്യേക ധനസഹായം നൽകുന്നതും പരിഗണിക്കേണ്ടതാണ്. എന്തായാലും കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മന്ത്രിയും അക്കാഡമിക് വിദഗ്ദ്ധരും കൂടിയാലോചിച്ച് ഇക്കാര്യത്തിൽ ഒരു തീരുമാനം എടുക്കേണ്ടതാണ്. കേരളത്തിലെ വിദ്യാർത്ഥികളുടെ ഭാവിക്ക് ഈ തീരുമാനം ഗുണകരമാണെന്ന് വിലയിരുത്തിയാൽ എന്തു വിലകൊടുത്തും ഈ പരിഷ്‌കാരം ഇവിടെയും നടപ്പാക്കേണ്ടതാണ്. വളരെ പിന്നിലായിരുന്ന പല സംസ്ഥാനങ്ങളും ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഇപ്പോൾ കേരളത്തേക്കാൾ വളരെ മുന്നിലാണെന്നത് ഒരു വസ്തുതയാണ്. ഇത് എന്തുകൊണ്ട് സംഭവിച്ചു എന്നതിനെക്കുറിച്ച് വസ്തുനിഷ്ഠമായ ഒരു പഠനം നടത്തേണ്ടതും ആവശ്യമാണ്.

Advertisement
Advertisement