'നിങ്ങളെയാരും നിർബന്ധിക്കുന്നില്ലല്ലോ?പരസ്‌പര സമ്മതത്തോടെയല്ലേ?' കാസ്‌റ്റിംഗ് കൗച്ചിനെക്കുറിച്ച് നടി റായ് ലക്ഷ്‌മി
റോക്ക് ആന്റ് റോൾ, അണ്ണൻതമ്പി, ടു ഹരിഹർ നഗർ, ചട്ടമ്പിനാട്. ക്രിസ്റ്റ്യൻ ബ്രദേഴ്‌സ് എന്നിങ്ങനെ ഒരുപിടി ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയാണ് നടി റായ് ലക്ഷ്‌മി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ചിത്രങ്ങളിൽ സജീവമാണ് നടി. ഡിഎൻഎ എന്ന മലയാള ചിത്രമാണ് ഏറ്റവുമൊടുവിലായി താരം അഭിനയിച്ചത്. ഇപ്പോഴിതാ കാസ്‌റ്റിംഗ് കൗച്ച് എന്നതിനെക്കുറിച്ച് ശ്രദ്ധേയമായൊരു പ്രതികരണം നടത്തിയിരിക്കുകയണ് റായ് ലക്ഷ്‌മി.
'കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് പറയുകയാണെങ്കിൽ അത് പരസ്‌പര സമ്മതത്തോടെയല്ലേ? നിങ്ങളെയാരും നിർബന്ധിക്കുന്നില്ലല്ലോ? ടിആർപിയ്‌ക്ക് വേണ്ടി ഇൻഡസ്‌ട്രിയെ മോശമാക്കുകയാണ്. ഈ ഇൻഡസ്‌ട്രി മനോഹരമാണ്. ചില ചീഞ്ഞകഥകളുണ്ടെന്ന് കരുതി പൊതുജനങ്ങൾ കരുതുക എല്ലാം അങ്ങനെയാണെന്നാണ്. ആളുകൾ നെഗറ്റീവ് വശങ്ങൾ മാത്രമാണ് ശ്രദ്ധിക്കുക. ഒരുപാട് കടപ്പെടേണ്ട കാര്യങ്ങൾ ഇവിടെയുണ്ട്.' നടി പറയുന്നു. മൈൽസ്‌റ്റോൺ മേക്കേഴ്‌സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്.
തന്റെ ആദ്യചിത്രത്തിലെ സംവിധായകൻ പിതാവിനെപ്പോലെയായിരുന്നെന്നും അതിനാൽ തനിക്ക് കാസ്‌റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടില്ലെന്നും പറഞ്ഞ നടി എന്നാൽ തനിക്ക് മറ്റുപലതുമായിരുന്നു വെല്ലുവിളികളെന്നും വെളിപ്പെടുത്തി. എന്നാൽ കാസ്‌റ്റിംഗ് കൗച്ച് സിനിമാ ഇൻഡസ്‌ട്രിയിൽ ഉണ്ടെന്ന കാര്യം റായ് ലക്ഷ്‌മി സമ്മതിച്ചു. മുൻപും കാസ്‌റ്റിംഗ് കൗച്ചിനെക്കുറിച്ച് നടി പറഞ്ഞിട്ടുണ്ട്. അവസരത്തിനുവേണ്ടി കഷ്‌ടപ്പെടുന്ന പുതുമുഖങ്ങളെ നിർമ്മാതാക്കളും ഫിലിം മേക്കേഴ്‌സും ചൂഷണം ചെയ്യാറുണ്ടെന്നാണ് അന്ന് താരം അഭിപ്രായപ്പെട്ടത്.
എല്ലാവരും അഭിനേതാക്കളാകാൻ ആഗ്രഹിക്കുന്നവരാണ് പക്ഷെ പണത്തിന് നിങ്ങളെ അഭിനേതാവാക്കാൻ കഴിയില്ലെന്നും കഴിവും ആത്മാർത്ഥതയും വേണമെന്നും അഭിനേതാവ് എന്നതൊരു തമാശയല്ലെന്നും അതൊരു വലിയ ഉത്തരവാദിത്വമാണെന്നും റായ്‌ലക്ഷ്‌മി വെളിപ്പെടുത്തിയിരുന്നു.