ഇടത്തിട്ടയിലെ ജോബിയുടെ മരണം കൊലപാതകമെന്ന് പൊലീസ്, സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കും

Thursday 13 June 2024 1:27 AM IST

ഇടത്തിട്ട : ഇടത്തിട്ട സ്വദേശി ജോബി മാത്യുവിന്റെ മരണം അപകട മരണമല്ല കൊലപാതകമാണെന്ന് പൊലീസ്. ഇടത്തിട്ടയിലെ വീടിനു സമീപം വെൽഡിംഗ് വർക്ക്‌ ഷോപ്പ് നടത്തി ഉപജീവനം നടത്തിയിരുന്ന പുതുപ്പറമ്പിൽ വീട്ടിൽ ജോബി മാത്യുവെന്ന നാല്പത്തിയാറുകാരനെ കഴിഞ്ഞ മേയ്‌ 25ന് രാവിലെ ഇടത്തിട്ടയിലെ വീടിനു സമീപം പരിക്കേറ്റ നിലയിലാണ് നാട്ടുകാർ കണ്ടത്. ജോബി വാടകയ്ക്ക് എടുത്ത കാർ സ്ഥലത്തുണ്ടായിരുന്നു. അപകടത്തിൽപ്പെട്ടു പരിക്കേറ്റതാണെന്നാണ് ബന്ധുക്കളും നാട്ടുകാരും ആദ്യം കരുതിയത്. ജോബി മാത്യുവിനെ ആദ്യം അടൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ജോബി മരിച്ചു.എന്നാൽ ഡോക്ടമാർ നടത്തിയ പരിശോധനയിൽ ജോബിയുടെ ചെവിക്ക് പിറകിൽ കണ്ടെത്തിയ മുറിവാണ് മരണത്തിൽ അസ്വഭാവികത കണ്ടെത്തിയത്.വിശദമായ പരിശോധനയിൽ ഇത് അപകടത്തിൽ സംഭവിക്കാവുന്ന തരത്തിലുള്ള മുറിവല്ലയെന്നു വ്യക്തമായി. മരണത്തിൽ സംശയമുണ്ടായതോടെ കൊടുമൺ പൊലീസ് സംഭവസ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചു. പരിശോധനയിൽ മറ്റൊരു കാർ ഇതേ സമയം സംഭവസ്ഥലത്തുണ്ടായിരുന്നുവെന്ന് വ്യക്തമായി. ആ കാറിലെ യാത്രക്കാരൻ ജോബിയുമായി തർക്കിക്കുന്നതും പിടിച്ചു തള്ളുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാൽ ദൃശ്യങ്ങളിലെ അവ്യക്തത മൂലം കാർ ഏതെന്നു കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ചുവന്ന നിറത്തിലുള്ള കാർ ആണെന്നുള്ള സംശയവും പ്രകടിപ്പിക്കപ്പെടുന്നുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണത്തിലാണ് കൊടുമൺ പൊലീസ്. സമീപ പ്രദേശങ്ങളിലെ മറ്റു സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.

Advertisement
Advertisement