230 കിലോ കഞ്ചാവ് കടത്തിയ പ്രതികൾക്ക് 30 വർഷം കഠിന തടവ്

Thursday 13 June 2024 1:29 AM IST

തിരൂർ​:​ ഇരുന്നൂറ്റി മുപ്പത് കിലോ കഞ്ചാവ് കടത്തിയ പ്രതികൾക്ക് മുപ്പത് വർഷം കഠിനതടവും പിഴയും മഞ്ചേരി കോടതി വിധിച്ചു. ഒന്നാം പ്രതി പാലക്കാട് ആലത്തൂർ കാവശേരി പാലത്തൊടി മനോഹരൻ (35), മൂന്നാം പ്രതി തൃശൂർ മാതൂർ ഓപ്പത്തു ങ്ങൽ വട്ട പറമ്പൻ വീട്ടിൽ ബിനീദ് (34) എന്നിവരെയാണ് മഞ്ചേരി എൻ.ഡി.പി.എസ്. കോടതി ജഡ്ജി എം.പി.ജയരാജ് ശിക്ഷിച്ചത്. 2021- സെപ്തംബർ മൂന്നാം തിയ്യതി ഉച്ചക്ക് 12 മണിക്ക് ലോറിയിൽ കഞ്ചാവ് കടുത്തുന്നെന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അന്ന് തിരൂർ എസ്.ഐ ആയിരുന്ന ജലീൽ കറുത്തേടത്ത് നടത്തിയ റെയ്ഡിൽ ചമ്രവട്ടം പാലത്തിലൂടെ കഞ്ചാവ് കടത്തുകയായിരുന്ന ലോറിയും മൂന്ന് പ്രതികളെയും പിടികൂടുകയായിരുന്നു. ഇത് കൂടാതെ പ്രതികൾ രണ്ട് ലക്ഷം രൂപ പിഴയും അടക്കണം. പിഴ അടച്ചില്ലെങ്കിൽ ആറ് മാസത്തെ അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. കേസിലെ രണ്ടാംപ്രതി തൃശൂർ ആളൂർ വെള്ളാൻചിറ പെരുന്നാൻ കുന്ന് അത്തിപ്പാലത്തിൽ വീട്ടിൽ ദിനേശ് (40) കോടതി ജാമ്യം അനുവദിച്ചതോടെ മുങ്ങുകയായിരുന്നു. ഇയാൾക്കെതിരെയുള്ള കേസ് പിന്നീട് നടക്കും. ശിക്ഷിക്കപ്പെട്ട പ്രതികൾക്ക് നാളിതുവരെ കോടതി ജാമ്യം അനുവദിക്കാത്തതിനാൽ ഇവർ വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരായി കഴിയുകയാണ്. തിരൂർ പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന എം.ജെ.ജിജോയായിരുന്നു കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി ഹാജരായ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.സുരേഷ് പത്ത് സാക്ഷികളെ കോടതി മുബാകെ വിസ്തരിച്ചു. 39 രേഖകളും അഞ്ച് തൊണ്ടി മുതലും ഹാജരാക്കി. ലൈസൺ ഓഫീസർ എസ്.ഐ സുരേഷ് ബാബു പ്രോസിക്യൂഷനെ സഹായിച്ചു.

Advertisement
Advertisement