വേണ്ടത് 'ഗ്രീൻ ടേപ്പ് ഓപ്പറേഷൻ"
സർക്കാർ ഓഫീസിലെ ഫയലുകളുടെ സ്വാഭാവികമായ 'ഒച്ചിഴയും വേഗം" സൂചിപ്പിക്കാൻ സായിപ്പ് കണ്ടെത്തിയ പ്രയോഗമാണ് 'റെഡ് ടേപ്പിസം." അത് അക്ഷരംപ്രതി തർജ്ജമ ചെയ്ത് 'ചുവപ്പുനാട"യാക്കി ഭാഷാപരമായ മിടുക്കു കാട്ടിയ നമ്മൾ പക്ഷേ, ആ നാടക്കുരുക്കിന് ഇന്നോളം ഒരു പരിഹാരവും കണ്ടെത്തിയിട്ടില്ല. പകരം, 'സർക്കാർ കാര്യം മുറപോലെ" എന്നൊരു ചൊല്ല് പ്രചരിപ്പിച്ച്, ഇതൊക്കെ ഇങ്ങനെയൊക്കെയേ നീങ്ങൂ എന്ന് സ്വയം വിശ്വസിപ്പിക്കുകയും, അങ്ങനെ കരുതി ആശ്വസിക്കാൻ പഠിക്കുകയും ചെയ്തു. ഓരോ ഫയലിലുമുള്ളത് ഓരോ മനുഷ്യജീവിതമാണെന്ന് അധികാരമേൽക്കുമ്പോൾ ഓർമ്മിപ്പിച്ച അതേ മുഖ്യമന്ത്രി തന്നെയാണ്, സെക്രട്ടേറിയറ്റിൽ മാത്രം ഉദ്യോഗസ്ഥ കാരുണ്യം കാത്ത് കെട്ടിക്കിടക്കുന്നത് 2,99,425 ഫയലുകളാണെന്ന കണക്ക് കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞത്. അതായത്, അത്രയും മനുഷ്യജീവിതങ്ങൾ!
മൂന്നു ലക്ഷത്തോളം ഫയലുകൾ തീർപ്പു കാത്തു കിടക്കുന്നുവെന്നത് സെക്രട്ടേറിയറ്റിലെ മാത്രം കണക്കാണെന്ന് ഓർക്കണം. ഇതല്ലാതെ, വിവിധ വകുപ്പുകളുടെ ജില്ലാ ഓഫീസുകളിലും മേഖലാ ഓഫീസുകളിലും മറ്റ് സർക്കാർ സ്ഥാപനങ്ങളുടെ കാര്യാലയങ്ങളിലുമായി മോക്ഷംകാത്തു കിടക്കുന്ന ഫയലുകൾ എത്ര ലക്ഷമുണ്ടാകും! 2022-ലെ കണക്കനുസരിച്ച്, അന്നു കെട്ടിക്കിടപ്പുണ്ടായിരുന്നത് ഒന്നേമുക്കൽ ലക്ഷത്തിലധികം ഫയലുകളാണ്. അതിൽ തീർപ്പായത് 82,401-ൽ മാത്രം. നിലവിൽ കെട്ടിക്കിടപ്പുള്ള മൂന്നുലക്ഷത്തോളം ഫയലുകളിൽ പകുതിയിലധികവും തദ്ദേശസ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ടതാണ്- 1.68 ലക്ഷം. വകുപ്പുകളുടെ ഏകോപനവും ഇ-ഫയലിംഗും ഇ- സർട്ടിഫിക്കറ്റുകളും ഒക്കെയായി ചുവപ്പുനാടയുടെ കുരുക്കഴിക്കാനുള്ള പരീക്ഷണങ്ങൾ സർക്കാർ നടപ്പാക്കിത്തുടങ്ങിയ അതേ വകുപ്പിലാണ് ഈ സ്ഥിതിയെന്നതാണ് വിചിത്രം! ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട് 20,000, റവന്യൂ വകുപ്പിൽ 18,000, പൊതുവിദ്യാഭ്യാസത്തിൽ 35,000 എന്നിങ്ങനെയൊക്കെയാണ് കെട്ടിക്കിടക്കുന്ന ഫയലുകളുടെ വകുപ്പുകണക്ക്.
ഫയലുകളിൽ തീരുമാനമെടുക്കേണ്ട തട്ടുകളുടെ (ലെവൽ) ആധിക്യമാണത്രേ സെക്രട്ടേറിയറ്റിൽ ഈ വിധം ഫയലുകൾ അനക്കമില്ലാതെ കിടക്കാൻ പ്രധാന കാരണം. അഞ്ചും ആറും തട്ടുകളിലെ തീരുമാനം കടന്നുകിട്ടാൻ വർഷങ്ങൾ വേണ്ടിവരും. ഈ കുരുക്ക് അഴിക്കാനാണ്, ഫയലുകൾ ആദ്യമെത്തുന്ന സെക്ഷൻ ഓഫീസർക്കും, അതിന്റെ അങ്ങേത്തലയായ വകുപ്പു സെക്രട്ടറിക്കും ഇടയിൽ രണ്ടു തട്ടുകളേ പാടുള്ളൂ എന്ന് സർക്കാർ ഉത്തരവിറക്കിയത്. പല വകുപ്പുകളും ഇത് തത്വത്തിൽ നടപ്പാക്കുകയും ചെയ്തു. എന്നിട്ടും ഇപ്പോഴും മൂന്നുലക്ഷത്തോളം ഫയലുകൾ പ്രാണവായു കിട്ടാതെ ശ്വാസംമുട്ടിക്കിടക്കുന്നതിന്റെ കാരണമാണ് സർക്കാർ അടിയന്തരമായി അന്വേഷിക്കേണ്ടത്. സെക്രട്ടേറിയറ്റിൽ ഓരോ മാസവും ശരാശരി 20,000 ഫയലുകൾ പുതുതായി സൃഷ്ടിക്കപ്പെടുന്നുണ്ട്. അതത് വകുപ്പുമായി ബന്ധപ്പെട്ട്, താഴേത്തട്ടിൽ നിന്നു വരുന്ന ഫയലുകൾക്കു പുറമേയാണ് തപാലിലും നേരിട്ടുമെത്തുന്ന പരാതികളിൽ നിന്നും നിവേദനങ്ങളിൽ നിന്നും ജന്മമെടുക്കുന്നവ.
ഫയൽ നീക്കം വേഗത്തിലാക്കാൻ സമഗ്രവും ശാസ്ത്രീയവുമായൊരു പദ്ധതി സർക്കാർ എത്രയും വേഗം നടപ്പാക്കിയില്ലെങ്കിൽ ഫയൽപ്പെരുപ്പം അനന്തമായി തുടരുമെന്ന് ചുരുക്കം. സെക്രട്ടേറിയറ്റിൽ ഓരോ വകുപ്പും പ്രതിദിനം കൈകാര്യം ചെയ്യുന്ന ഫയലുകളുടെ എണ്ണവും, ഓരോ ദിവസവും അന്തിമ തീരുമാനമാകുന്ന ഫയലുകളുടെ എണ്ണവും കൃത്യമായി പരിശോധിച്ച്, കാലതാമസം കണ്ടെത്താനും വേഗം കൂട്ടാനും നടപടി വേണം. തീരുമാനമെടുക്കേണ്ട തട്ടുകളുടെ എണ്ണം രണ്ടായി കുറച്ചിട്ടും, ധനവകുപ്പിൽ ഉൾപ്പെടെ ഇപ്പോഴും അഞ്ചു വരെ തട്ടുകൾ തുടരുന്നത് എന്തുകൊണ്ടെന്ന് പരിശോധിക്കണം. തീരുമാനമെടുക്കാതെ ഫയലുകൾ അനാവശ്യമായി കൈവശംവച്ചിരിക്കുന്ന ഉദ്യോഗസ്ഥരെ നിരീക്ഷിക്കാനും തിരുത്താനും സംവിധാനമുണ്ടാകണം. എന്തായാലും സെക്രട്ടേറിയറ്റിൽ ഫയൽ നീക്കത്തിനു വേഗംകൂട്ടൽ ലക്ഷമിട്ടു മാത്രം ഒരു ഗ്രീൻ ടേപ്പ് (പച്ചനാട) ഓപ്പേറഷൻ ഇനിയും വൈകിക്കൂടാ.