കായംകുളം ടൗൺ ഗവ.യു.പി.സ്കൂളിന്റെ മതിൽ അപകടാവസ്ഥയിൽ

Thursday 13 June 2024 12:18 AM IST

കായംകുളം: കരീലക്കുളങ്ങരയിലുള്ള, കായംകുളം ടൗൺ ഗവ. യു.പി സ്‌കൂളിന്റെ മതിൽ അപകടാവസ്ഥയിലായിട്ടും പുതുക്കിപ്പണിയാൻ നടപടി സ്വീകരിക്കാത്തതിനെതിരെ പ്രതിഷേധം ഉയരുന്നു. ഏത് നിമിഷവും നിലം പതിക്കാവുന്ന അവസ്ഥയിലാണ് മതിൽ.

300 ഓളം വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്. ആങ്കയോടെയാണ് രക്ഷകർത്താക്കൾ മക്കളെ സ്കൂളിലയക്കുന്നത്.

സ്‌കൂൾ തുറക്കുന്നതിനു മുമ്പ് ഫിറ്റ്‌നസ് പരിശോധന കെട്ടിടങ്ങൾക്കു മാത്രമാണ് നടന്നത്. ഇതു തന്നെ പലേടത്തും പേരിനു മാത്രമായിരുന്നു. റോഡിനോടു ചേർന്നുള്ള മതിൽ തകർന്നാൽ യാത്രക്കാരും അപകടത്തിൽപ്പെടാം. ചെറിയ വാഹനങ്ങൾ കടന്നു പോകുന്ന റോഡാണിത്.

എപ്പോൾ വേണമെങ്കിലും വീഴാം

1.സ്‌കൂൾ തുറക്കുന്നതിനു മുമ്പു തന്നെ മതിൽ അപകടാവസ്ഥയിലായിരുന്നു. മതിൽ നവീകരിക്കുന്നതിന് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ഉൾപ്പെടെ താൽപര്യം കാണിച്ചില്ലെന്നാണ് ആക്ഷേപം

2.വീണ്ടു കീറി ചരിഞ്ഞ് നിലംപൊത്താറായ അവസ്ഥയിലാണ് മതിൽ. മഴ തുടങ്ങിയതോടെ മതിൽ കൂടുതൽ തകർച്ചയെ നേരിടുമ്പോഴും അധികൃതരുടെ അനാസ്ഥ തുടരുകയാണ്

3. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ജില്ലയിലെ സ്‌കൂളുകളിൽ ഒന്നാണിത്. മാതൃകാ പ്രീ-പ്രൈമറി വിഭാഗവും ഇവിടെ പ്രവർത്തിക്കുന്നുണ്ട്

4.സ്‌കൂളിന്റെ ശോച്യാവസ്ഥ പരിഹരിയ്ക്കാൻ സ്കൂൾ മാനേജിംഗ് കമ്മറ്റിക്ക് ഒപ്പം പൊതു വിദ്യാഭ്യാസ വകുപ്പും കൈ കോർക്കേണ്ടതുണ്ട്

അപകടമുണ്ടായാൽ മാത്രം നടപടി സ്വീകരിയ്ക്കുന്ന രീതിക്ക് മാറ്റം വരണം. കാലവർഷം ശക്തി പ്രാപിക്കുന്നതോടെ മതിലിന്റെ അപകടാവസ്ഥ വർദ്ധിക്കും. ഈ സാഹചര്യത്തിൽ നെഞ്ചിടിപ്പോടെ മാത്രമേ കുട്ടികളെ സ്‌കൂളിലേക്ക് അയയ്ക്കാൻ കഴിയുകയുള്ളൂ.

-.ആർ.അജയകുമാർ ,രക്ഷകർത്താവ്

Advertisement
Advertisement