നരച്ച മുടി കറുപ്പിക്കാം, ഈ ഭക്ഷണങ്ങള്‍ ശീലമാക്കിയാല്‍ മാത്രം മതി

Wednesday 12 June 2024 9:21 PM IST


വാര്‍ദ്ധക്യത്തിലെത്തുന്നതിന് മുമ്പ് മുടിയുടെ കറുപ്പ് നിറം നഷ്ടപ്പെടുത്തി അവ നരയ്ക്കുന്നതിന് പല കാരണങ്ങളുണ്ട്. തെറ്റായ ഭക്ഷണക്രമം, മോശം ജീവിതശൈലി, കെമിക്കല്‍ ഉത്പന്നങ്ങളുടെ ഉപയോഗം എന്നീ നിരവധി കാര്യങ്ങളാണ് മുടിയുടെ ആരോഗ്യം ഇല്ലാതാക്കുന്നത്. മുടി കറുപ്പിക്കാനായി ഹെയര്‍ ഡൈ, ഹെയര്‍ കളറുകള്‍ പോലുള്ളവയെ വളരെ ചെറുപ്പത്തില്‍ തന്നെ ആശ്രയിക്കേണ്ടി വരാറുണ്ട്.

എന്നാല്‍ ഇത്തരം ഡൈകളില്‍ അടങ്ങിയിരിക്കുന്ന കെമിക്കലുകള്‍ മുടിയുടെ സ്വാഭാവിക ആരോഗ്യത്തെ നശിപ്പിക്കുകയും വലിയ പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുകയും ചെയ്യാറുണ്ട്. എന്നാല്‍ നമ്മള്‍ കഴിക്കുന്ന ചില ഭക്ഷണങ്ങളില്‍ മാറ്റം വരുത്തിയാല്‍ മുടിക്ക് സ്വാഭാവികമായി കറുപ്പ് നിറം നിലനിര്‍ത്താന്‍ കഴിയും.

മുടിയുടെ കറുപ്പ് നിറം കരിമഷി പോലെ നിലനിര്‍ത്താന്‍ ശീലമാക്കേണ്ട ഭക്ഷണങ്ങളില്‍ ഒന്നാണ് ബദാം. വിറ്റാമിന്‍ ഇ ധാരാളമടങ്ങിയിട്ടുള്ളതിനാല്‍ തന്നെ മുടികൊഴിച്ചില്‍ തടയാനും മുടിയുടെ വളര്‍ച്ചയ്ക്ക് ഇത് സഹായിക്കുകയും ചെയ്യുന്നു. കാരറ്റ് ആണ് സ്ഥിരമായി കഴിക്കേണ്ട മറ്റൊരു ഭക്ഷണം. ബീറ്റാ കരോട്ടിന്‍ വിറ്റാമിന്‍ എ എന്നിവയാല്‍ സമ്പന്നമാണ് കാരറ്റ്. ഇതും മുടിയുടെ ആരോഗ്യം മികച്ചതാക്കാന്‍ സഹായിക്കും.

നെല്ലിക്കയാണ് സ്ഥിരമായി കഴിക്കേണ്ട മറ്റൊരു ഭക്ഷണം. ഇതില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ സി, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ അകാലനര അകറ്റാന്‍ സഹായിക്കുന്നു. സ്‌ട്രോബെറി, ബ്ലൂബെറി, റാസ്‌ബെറി തുടങ്ങിയവയും വിറ്റാമിന്‍ സി, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയതാണ്.

സാല്‍മണ്‍ ഫിഷ് ആണ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട മറ്റൊന്ന്. പ്രോട്ടീന്‍, വിറ്റാമിന്‍ ഡി, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ എന്നിവയാല്‍ സമ്പന്നമാണ് സാല്‍മണ്‍ ഫിഷ്. ഇത് തലയോട്ടിയുടെ ആരോഗ്യം സംരക്ഷിക്കാനും മുടിയുടെ സ്വാഭാവിക നിറം നിലനിര്‍ത്താനും സഹായിക്കുന്നു.

Advertisement
Advertisement