ഫണ്ടില്ല, പ്രതിസന്ധിയിൽ മൂലം ജലോത്സവം

Thursday 13 June 2024 12:48 AM IST

ആലപ്പുഴ : ചമ്പക്കുളത്ത് പമ്പയാറ്റിൽ 22ന് നടക്കുന്ന രാജപ്രമുഖൻ ട്രോഫിക്കു വേണ്ടിയുള്ള മൂലം ജലോത്സവത്തിന് സാമ്പത്തിക പ്രതിസന്ധി വിലങ്ങുതടിയാകുന്നു. കഴിഞ്ഞവർഷത്തെ ബോണസ് തുക 50ശതമാനം ചുണ്ടൻ വള്ളങ്ങൾക്കും വെപ്പ് എ, ബി ഗ്രേഡ് വള്ളങ്ങൾക്കും ഇനിയും വിതരണം ചെയ്യാനുണ്ട്.

ആലപ്പുഴ ആർ.ഡി.ഒ ചെയർമാനും കുട്ടനാട് തഹസീൽദാർ കൺവീനറും എം.പി, എം.എൽ.എ, ബ്ളോക്ക്, ജില്ലാ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പൊതു പ്രവർത്തകരും അംഗങ്ങളായ കമ്മിറ്റിയാണ് ജലമേളയുടെ നടത്തിപ്പിനായി രൂപീകരിച്ചിട്ടുള്ളത്. ചുണ്ടൻ, വെപ്പ് എ ഗ്രേഡ്, വെപ്പ് ബി ഗ്രേഡ്, ഇരുട്ടുകുത്തി എ ഗ്രേഡ്, തെക്കനോടി എന്നീ ഇനത്തിലുള്ള വള്ളങ്ങളാണ് മത്സരത്തിൽ പങ്കെടുക്കാറുള്ളത്.

ഇത്തവണ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ പേരിൽ ജലോത്സവ സമിതി കൂടാനും തീരുമാനം എടുക്കാനും വൈകി. ജൂൺ ആദ്യവാരത്തിലാണ് കമ്മിറ്റി കൂടിയത്. ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയും തുക കണ്ടെത്താനാകാതെ സംഘാടക സമിതി വലയുന്നു.

വേണ്ടത് 25 ലക്ഷം

1.ജലോത്സവം ഭംഗിയായി നടത്തണമെങ്കിൽ കുറഞ്ഞത് 25ലക്ഷം രൂപ വേണം

2.തിരുവിതാംകൂർ ദേവസ്വം ബോർഡ് 75,000രൂപയും സംസ്ഥാന ടൂറിസം വകുപ്പ് ഒരു ലക്ഷംരൂപയുമാണ് നൽകുന്നത്

3.ശേഷിച്ച തുക കുട്ടനാട് താലൂക്കിലെ 13ഗ്രാമപഞ്ചായത്തുകളും ചമ്പക്കുളം, വെളിയനാട് ബ്ളോക്ക് പഞ്ചായത്തുകളും സമാഹരിക്കണം

4.ഓരോ സ്ഥാപനവും 15,000 മുതൽ 50.000രൂപ വരെയാണ് വിഹിതം.

ആദ്യജലോത്സവം

അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠയുമായി ബന്ധപ്പെട്ടു നടത്തുന്ന വള്ളംകളിക്ക് 400ൽ അധികം വർഷത്തെ പഴക്കമുണ്ട്. ഈ വള്ളംകളിയെ സംരക്ഷിച്ച് നിർത്തേണ്ടത് തിരുവിതാംകൂർ ദേവസ്വം ബോർഡ് തന്നെയാണ്. ആറുമുള വള്ളംകളിക്ക് 10ലക്ഷംരൂപ നൽകുന്ന ബോർഡ് ചമ്പക്കുളത്ത് നാമമാത്രമായ തുകയാണ് നൽകുന്നത്. ആറുമുളയിൽ നൽകുന്ന തുക ചമ്പക്കുളത്തും നൽകിയാൽ പ്രതിസന്ധിയില്ലാതെ ജലോത്സവം നടത്താനാകുമെന്നാണ് വള്ളംകളി പ്രേമികൾ പറയുന്നത്.

പ്രസിദ്ധമായ മൂലം വള്ളംകളിയുടെ യശസ് നിലനിർത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകുന്ന ഗ്രാന്റ് 10ലക്ഷംരൂപയുയി വർദ്ധിപ്പിക്കണം

- സലിംകുമാർ, പൊതുപ്രവർത്തകൻ

Advertisement
Advertisement