തിരഞ്ഞെടുപ്പ് തോൽവി; സൈബർ പോരാളികളെ തള്ളി സി.പി.എം

Thursday 13 June 2024 12:01 AM IST

കണ്ണൂർ: ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിനെ കൂടുതൽ ഞെട്ടിച്ച കണ്ണൂരിൽ പാർട്ടി പരിശോധനകൾ ആരംഭിച്ചിരിക്കെ തോൽവിക്ക് കാരണക്കാരായി കണ്ടെത്തിയിരിക്കുന്നത് സൈബർ പോരാളികളെ. കണ്ണൂർ ജില്ലാ സെക്രട്ടറിയായ എം.വി ജയരാജനെ തന്നെ കെ. സുധാകരനെതിരേ രംഗത്തിറക്കിയിട്ടും വെല്ലുവിളി ഉയർത്താൻ പോലും സാധിച്ചില്ലെന്നത് സി.പി.എമ്മിന് ക്ഷീണമായിട്ടുണ്ട്. കണ്ണൂരിലെ പാർട്ടി കോട്ടകളെയെല്ലാം സുധാകരൻ വിറപ്പിച്ചു. സോഷ്യൽ മീഡിയയിലൂടെ തിരിച്ചടി നേരിട്ടെന്നാണ് കണ്ണൂർ ജില്ലാ സെക്രട്ടറിയും എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായിരുന്ന എം.വി ജയരാജൻ തുറന്നു പറഞ്ഞിരിക്കുന്നത്.

സമൂഹമാധ്യമങ്ങളിൽ ഇടതുപക്ഷമെന്നു തോന്നുന്ന പല ഗ്രൂപ്പുകളും വിലയ്ക്കുവാങ്ങപ്പെട്ടതായാണ് ജയരാജന്റെ ആരോപണം. കഴിഞ്ഞദിവസം പാനൂരിൽ പി.കെ. കുഞ്ഞനന്തൻ അനുസ്മരണ ചടങ്ങിലാണ് പോരാളി ഷാജി ഉൾപ്പെടെയുള്ള സൈബർ പേജുകളെ അദ്ദേഹം തള്ളിപ്പറഞ്ഞത്. യുവാക്കൾ സമൂഹമാധ്യമങ്ങൾ മാത്രം നോക്കിയതിന്റെ ദുരന്തം തിരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായെന്നും ജയരാജൻ വിമർശിച്ചു. പോരാളി ഷാജി, ചെങ്കോട്ട, ചെങ്കതിർ... ഇതിലൊക്കെ നിത്യേന ഇടതുപക്ഷത്തിന് അനുകൂലമായി പോസ്റ്റുകൾ കാണുമ്പോൾ നമ്മൾ അതിനെ തന്നെ ആശ്രയിക്കും. പക്ഷേ ഇപ്പോൾ കാണുന്ന പ്രവണത, അത്തരം ഗ്രൂപ്പുകൾ വിലയ്ക്കു വാങ്ങുന്നതാണ്. അത്തരം ഗ്രൂപ്പുകളുടെ അഡ്മിൻമാരായി പ്രവർത്തിക്കുന്നവർ ചിലപ്പോൾ ഒരാൾ മാത്രമാകാം. അവരെ വിലയ്ക്ക് വാങ്ങുകയാണ്. അവരെ വിലയ്ക്കു വാങ്ങി കഴിഞ്ഞാൽ, ആ അഡ്മിൻ നേരത്തെ നടത്തിയതുപോലുള്ള കാര്യമല്ല പോസ്റ്റായി വരുന്നത്. ഇടതുപക്ഷ വിരുദ്ധ, സി.പി.എം വിരുദ്ധ പോസ്റ്റുകളാണ് വരുക. ഇത് പുതിയ കാലത്ത് നാം നേരിടുന്ന വെല്ലുവിളിയാണ്- ജയരാജൻ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിൽ

അഭിനന്ദനം നേടിയവർ

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ വിജയത്തിന് കാരണക്കാരായി പിണറായി വിജയൻ അടക്കമുള്ള നേതാക്കൾ അഭിനന്ദിച്ച സൈബർ ഗ്രൂപ്പുകളെയാണ് ഇപ്പോൾ പാർട്ടി തള്ളിപ്പറഞ്ഞിരിക്കുന്നത്. പൊതുവേ സൈബർ ആക്രമണം ഭയന്ന് നേതാക്കൾ പറയാൻ മടിക്കുന്ന കാര്യമാണ് ജയരാജൻ തുറന്നു പറഞ്ഞിരിക്കുന്നത്.
ഇല്ലാത്ത കാര്യങ്ങളെ അടിസ്ഥാനമാക്കി സോഷ്യൽമീഡിയയിലൂടെ നടത്തുന്ന പ്രചാരണങ്ങളിലാണ് വലതുപക്ഷ രാഷ്ട്രീയക്കാർ നിൽക്കുന്നതെന്നും സോഷ്യൽമീഡിയ ഉപയോഗിച്ച് എന്തുനുണയും പ്രചരിപ്പിക്കാം എന്ന നിലപാടാണ് കോൺഗ്രസും ലീഗും സ്വീകരിക്കുന്നതെന്നും ജയരാജൻ കുറ്റപ്പെടുത്തുന്നു.


മറുപടിയുമായി പോരാളി ഷാജി

ലോക്‌സഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണം സൈബർ സഖാക്കളെന്ന എം.വി ജയരാജന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി പോരാളി ഷാജി ഫേസ്ബുക്ക് പേജ്. അങ്ങാടിയിൽ തോറ്റതിന് വീട്ടുകാരുടെ നെഞ്ചത്ത് എന്നാണ് എം.വി ജയരാജന് നൽകുന്ന മറുപടി. പോരാളി ഷാജി പോലുള്ള പേരിൽ നിരവധി വ്യാജ പേജുകളും പ്രവർത്തിക്കുന്നുണ്ട്. അതിലൊക്കെ വരുന്ന എല്ലാ പോസ്റ്റുകളുടെയും പിതൃത്വം മെയിൻ പേജുകൾക്കോ ഗ്രൂപ്പുകൾക്കോ ഏറ്റെടുക്കാൻ കഴിയില്ല. തിരഞ്ഞെടുപ്പ് ദിവസം രാവിലെ ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ നേതാവിന്റെ കുറ്റസമ്മതം ഈ തിരഞ്ഞെടുപ്പിൽ എവിടെയെങ്കിലും ബാധിച്ചിട്ടുണ്ടോ എന്നൊരു സ്വയം വിമർശനം നടത്തുന്നത് നന്നായിരിക്കും. ഒന്നോ രണ്ടോ സോഷ്യൽ മീഡിയ പേജുകൾക്ക് ഈ പാർട്ടിയെ ഇത്രയ്ക്ക് പ്രതിരോധത്തിൽ ആക്കാൻ കഴിഞ്ഞു എങ്കിൽ കീറി മുറിച്ച് പരിശോധിക്കണം സഖാവേ എന്നും പേസ്റ്റിലുണ്ട്.

Advertisement
Advertisement