പവറായി പവൻ; ഉപമുഖ്യമന്ത്രി പദം സമ്മാനിച്ച് നായിഡു

Thursday 13 June 2024 12:23 AM IST

വിജയവാഡ: നായിഡു മന്ത്രിസഭയിൽ രണ്ടാമനായി പവൻ കല്യാൺ സത്യപ്രതിജ്ഞ ചെയ്യാനെത്തിയപ്പോൾ ആയിരങ്ങളുടെ ആരവം അത്യുച്ചത്തിലായി. 'കൊണിഡാല പവൻ കല്യാൺ ഗാരു...' എന്ന് ക്ഷണിച്ചപ്പോൾ ജനമിളകി.

സത്യപ്രതിജ്ഞയ്ക്കു ശേഷം ചന്ദ്രബാബുനായിഡുവിന്റേയും വേദിയിലുണ്ടായിരുന്ന ജ്യേഷ്ഠൻ ചിരഞ്ജീവിയുടേയും പാദം തൊട്ട് വന്ദിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രഅഭ്യന്തരമന്ത്രി അമിത്ഷായും രജനികാന്തും ഭാര്യയും അദ്ദേഹത്തെ അഭിനന്ദിച്ചു. പവൻ സത്യപ്രതിജ്ഞ ചെയ്യുന്ന നിമിഷങ്ങൾ ഭാര്യ അന്ന ലെനേവ മൊബൈൽ ഫോണിൽ പകർത്തുന്നുണ്ടായിരുന്നു.

ആന്ധ്രപ്രദേശിൽ എൻ.ഡി.എ സഖ്യം പുനരുജ്ജീവിച്ചത് പവന്റെ കാർമ്മികത്വത്തിലായിരുന്നു. പവൻ കല്യണിന്റെ ജനസേനപാർട്ടി മത്സരിച്ച മുഴുവൻ സീറ്റുകളിലും വിജയിക്കുകയും ചെയ്തു. അതുകൊണ്ടു തന്നെയാണ് പവന് നായിഡു ഉപമുഖ്യമന്ത്രി പദം നൽകി നന്ദി പ്രകടിപ്പിച്ചത്. പവൻ ഉപമുഖ്യമന്ത്രിയാകുമെന്ന് ജൂൺ 6ന് കേരളകൗമുദി റിപ്പോർട്ടു ചെയ്തിരുന്നു.

2019നു ശേഷം എൻ.ഡി.എയിൽ എത്തിയ പവൻ ലോക്‌സഭാ തിരഞ്ഞടുപ്പിന് ആറുമാസം മുമ്പാണ് ടി.ഡി.പിയെ എൻ.ഡി.എയിൽ എത്തിച്ചത്. അത് കേന്ദ്രത്തിൽ മോദിയുടെ മൂന്നാം വരവിന് നിർണ്ണായകമാവുകയും ചെയ്തു.

മന്ത്രിമാരിൽ സമ്പന്നൻ

മന്ത്രിസഭയിലെ ഏറ്റവും ഉയർന്ന സാമ്പത്തിക നിലയാണ് പവൻ കല്യാണിന്റെത്. തെലുങ്ക് സിനിമാ വ്യവസായത്തിലെ അദ്ദേഹത്തിന്റെ ഹിറ്റുകൾ തന്നെയാണ് പ്രധാനകാരണം. പിതപുരം മണ്ഡലത്തിൽ നിന്ന് വിജയിച്ച പവൻ കല്യാണ് 164 കോടിയിലധികം രൂപയുടെ ആസ്തിയുണ്ട്. 14 കോടിയിലധികം വിലമതിക്കുന്ന ആഡംബര കാറുകളുടെ ശ്രദ്ധേയമായ ശേഖരം ഉപമുഖ്യമന്ത്രിക്കുണ്ട്.

Advertisement
Advertisement