സൗന്ദർ രാജന് ഷായുടെ ശാസന

Thursday 13 June 2024 12:51 AM IST

വിജയവാഡ: ആന്ധ്രയിൽ ചന്ദ്രബാബു നായിഡു സർക്കാരിന്റെ സത്യപ്രതിജ്ഞച്ചടങ്ങിനിടെ തമിഴ്നാട്ടിലെ ബി.ജെ.പി നേതാവും തെലങ്കാന മുൻ ഗവർണറുമായ തമിഴിസൈ സൗന്ദർരാജനെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പരസ്യമായി ശാസിച്ചു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലുൾപ്പെടെ ചർച്ചയായി. ചടങ്ങിൽ വെങ്കയ്യ നായിഡുവും അമിത് ഷായും സംസാരിച്ചിരിക്കേ വേദിയിലേക്ക് വന്ന തമിഴിസൈയെ തിരിച്ചുവിളിച്ച അമിത് ഷാ, അനിഷ്ടത്തോടെ സംസാരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ബി.ജെ.പിയുടെ തോൽവിക്ക് പിന്നാലെ സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈയ്‌ക്കെതിരെ തമിഴിസൈ ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ശാസനയെന്നാണ് സൂചന.

തമിഴ്നാട്ടിൽ ബി.ജെ.പിക്ക് കൃത്യമായ പദ്ധതികളുണ്ടായിരുന്നില്ലെന്നും അണ്ണാമലൈ കാര്യമായി പ്രവർത്തിച്ചില്ലെന്നുമായിരുന്നു തമിഴിസൈയുടെ ആരോപണം.

 തെറ്റായ ഉദാഹരണമെന്ന് ഡി.എം.കെ

തമിഴിസൈയെ ശാസിച്ചതിൽ പ്രതിഷേധിച്ച് ഡി.എം.കെ. 'ഇത് എന്തു തരം രാഷ്ട്രീയമാണ്? തമിഴ്നാട്ടിലെ പ്രമുഖ വനിതാ നേതാവിനെ പരസ്യമായി ശാസിക്കുന്നത് മര്യാദയാണോ? എല്ലാവരും ഇതു കാണുമെന്ന് അമിത് ഷാ ഓർക്കണം. തെറ്റായ ഉദാഹരണമാണിത്" - ഡി.എം.കെ വക്താവ് ശരവണൻ അണ്ണാദുരൈ എക്സിൽ കുറിച്ചു.

Advertisement
Advertisement