ചേലക്കര: പ്രദീപ് പകരക്കാരനാകുമോ ?

Thursday 13 June 2024 12:58 AM IST

കോൺഗ്രസിൽ നിന്ന് രമ്യഹരിദാസ് മുതൽ സുധീർ വരെ

തൃശൂർ: ചേലക്കര ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളെ സംബന്ധിച്ച് ഇടത് -വലത് മുന്നണികളിൽ അനൗദ്യോഗിക ചർച്ച തുടങ്ങി. പട്ടികജാതി, പട്ടികവർഗ്ഗ കോർപ്പറേഷൻ ചെയർമാൻ യു.ആർ.പ്രദീപിനെ ഇടതുമുന്നണി പരിഗണിച്ചേക്കാം. 2016-21ൽ ചേലക്കര എം.എൽ.എയായിരുന്നു. പിന്നീട് കെ.രാധാകൃഷ്ണന് മത്സരിക്കാനായി മാറുകയായിരുന്നു. പ്രദീപിന്റെ ജനസ്വാധീനമാണ് പാർട്ടി പരിഗണിക്കുന്നത്.

പട്ടികജാതി സംവരണ മണ്ഡലമായ ചേലക്കരയിൽ കെ.രാധാകൃഷ്ണനാണ് ദീർഘകാലം എം.എൽ.എയായത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആലത്തൂരിൽ മത്സരിച്ച രമ്യ ഹരിദാസിനെ യു.ഡി.എഫ് പരിഗണിക്കുമെന്ന് അഭ്യൂഹമുയർന്നെങ്കിലും മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ചേലക്കരയിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. എൻ.കെ.സുധീർ ഉൾപ്പെടെയുള്ളവരുടെ പേരും കേൾക്കുന്നുണ്ട്. 2009ൽ ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിൽ സി.പി.എമ്മിലെ പി.കെ.ബിജുവിനെതിരെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച സുധീറിന് 3,66,392 വോട്ടുകൾ ലഭിച്ചു. അന്ന് പി.കെ.ബിജുവിനായിരുന്നു വിജയം. എൻ.ഡി.എ സ്ഥാനാർത്ഥിയായി ഇത്തവണ ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിൽ മത്സരിച്ച ഡോ.ടി.എൻ.സരസുവിനെ തന്നെ പരിഗണിച്ചേക്കാം. പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാടിന്റെ പേരും ഉയരുന്നുണ്ട്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കാൾ ഒരു ലക്ഷം വോട്ട് അധികം സരസു നേടിയിരുന്നു.

തൃശൂരിൽ കെ.മുരളീധരന്റെയും ആലത്തൂരിൽ രമ്യ ഹരിദാസിന്റെയും തോൽവി സംബന്ധിച്ച വാദപ്രതിവാദങ്ങളും തർക്കങ്ങളും തുടരുന്നതിനിടെ ഡി.സി.സിയിലെ കയ്യാങ്കളി, പ്രശ്‌നം കൂടുതൽ വഷളാക്കി. ഡി.സി.സി. പ്രസിഡന്റിന്റെയും യു.ഡി.എഫ് ചെയർമാൻ എം.പി. വിൻസെന്റിന്റെയും രാജി പ്രതിസന്ധി കൂട്ടി. . നേതൃത്വത്തിലേക്ക് ആളെത്തിയാലേ ഉപതിരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് കോൺഗ്രസ് കടക്കൂ.

നിയമസഭാ തിരഞ്ഞെടുപ്പ് 2021

(സ്ഥാനാർത്ഥി, ലഭിച്ച വോട്ട്)

കെ.രാധാകൃഷ്ണൻ, സി.പി.എം 83,415 (54.41%)
ഭൂരിപക്ഷം 39,400
സി.സി.ശ്രീകുമാർ, കോൺഗ്രസ് 44,015 (28.71%)
ഷാജുമോൻ വട്ടേക്കാട്, ബി.ജെ.പി 24,045 (15.68%)

പോളിംഗ് ശതമാനം 75.85.

Advertisement
Advertisement