പൊട്ടിക്കരഞ്ഞ് ദർശനും പവിത്രയും 7 ദിവസം റിമാൻഡിൽ

Thursday 13 June 2024 1:15 AM IST

ബംഗളൂരു: കൊലക്കേസ് പ്രതികളായ കന്നട നടൻ ദർശൻ തൊഗുദീപയെയും നടിയും സുഹൃത്തുമായ പവിത്ര ഗൗഡയെയും ഏഴ് ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. കേസിലെ മറ്റ് 11 പ്രതികളെയും റിമാൻഡ് ചെയ്‌തു. കോടതിയിൽ ഹാജരാക്കിയപ്പോൾ മജിസ്‌ട്രേട്ടിനു മുമ്പിൽ ഇരുവരും പൊട്ടിക്കരഞ്ഞു. പൊലീസ് പത്ത് ദിവസത്തേക്കാണ് കസ്റ്റഡിയിൽ ചോദിച്ചത്.

പൊലീസ് മോശമായി പെരുമാറിയോ എന്ന് ജഡ്ജി വിശ്വനാഥ് സി. ഗൗഡർ ചോദിച്ചപ്പോൾ ഇല്ലെന്ന് ഇരുവരും മറുപടി നൽകി. കഴിഞ്ഞ ഒമ്പതിനാണ് 33കാരനായ രേണുക സ്വാമിയുടെ മൃതദേഹം കണ്ടെത്തുന്നത്.

തുടർന്നുനടന്ന അന്വേഷണത്തിൽ ദർശന്റെയും പവിത്രയുടെയും പങ്ക് വ്യക്തമാകുകയായിരുന്നു. സമൂഹമാദ്ധ്യമങ്ങളിൽ കമന്റിട്ടും പവിത്രക്ക് അശ്ലീല സന്ദേശങ്ങളയച്ചും രേണുകസ്വാമി അപമാനിച്ചതാണ് കൊലപാതക കാരണമെന്നാണ് പൊലീസ് പറയുന്നത്. പവിത്രയുമായുള്ള വിവാഹേതര ബന്ധം ദർശന്റെ പ്രശസ്തിക്ക് കളങ്കം വരുത്തിയെന്ന ആരോപണത്തിൽ ദർശന്റെ ആരാധകനായ രേണുകസ്വാമി അസ്വസ്ഥനായിരുന്നു. ദർശനുമായി പത്ത് വർഷമായി പവിത്ര അടുപ്പത്തിലായിരുന്നു.

കുറ്രം ഏറ്റെടുക്കാൻ 5 ലക്ഷം

കൊലപാതകം നടത്താൻ ദർശൻ തന്റെ ഫാൻസ് ക്ലബ് അംഗങ്ങളെ ബന്ധപ്പെട്ടിരുന്നു. കൊലപാതകത്തിൽ പ്രതികളായ മൂന്ന് പേരെ പൊലീസ് ആദ്യം അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ മൊഴിപ്രകാരമാണ് ദർശന്റെ പങ്ക് വ്യക്തമായത്.

ചോദ്യം ചെയ്യലിൽ,ദർശന്റെ പേര് പറയരുതെന്ന് നിർദ്ദേശിച്ചിരുന്നെന്നും കുറ്റം ചുമത്താനും നിയമ ചെലവുകൾക്കുമായി അഞ്ച് ലക്ഷം രൂപ വാഗ്ദാനം ചെയ്തതായും പ്രതികൾ വെളിപ്പെടുത്തി. രേണുക സ്വാമിയോട് പ്രതികാരം ചെയ്യാൻ പവിത്ര ദർശനെ പ്രേരിപ്പിച്ചതായി പൊലീസ് പറഞ്ഞു. രേണുകസ്വാമിയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ ചിത്രദുർഗയിലെ തന്റെ ഫാൻസ് ക്ലബ് കൺവീനറായ രാഘവേന്ദ്രയെ ദർശൻ ഏർപ്പെടുത്തി. സംഭവദിവസം രാത്രി രാഘവേന്ദ്ര രേണുകസ്വാമിയെ തട്ടിക്കൊണ്ടുപോയി കാമാക്ഷിപാളയയിലെ ഷെഡിലെത്തിച്ചു. ബെൽറ്റുപയോഗിച്ച് ദർശനും പിന്നീട് കൂട്ടാളികളും രേണുകസ്വാമിയെ ക്രൂരമായി മർദ്ദിച്ചു. പിന്നീട് കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.

Advertisement
Advertisement