കുവൈറ്റ് അപകടം: നോർക്കയിൽ കൊണ്ടാക്ട് സെന്ററും കുവൈറ്റിൽ ഹെൽപ് ഡെസ്കും

Thursday 13 June 2024 1:36 AM IST

തിരുവനനന്തപുരം:കുവൈറ്റ് സിറ്റിയിലെ മംഗഫിൽ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിന്റെ സാഹചര്യത്തിൽ അടിയന്തര സഹായത്തിനായി നോർക്ക റൂട്ട്സ് ഗ്ലോബൽ കോണ്ടാക്ട് സെന്റർ തുടങ്ങി. കുവൈറ്റിൽ ഹെൽപ് ഡെസ്കും ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശ പ്രകാരമാണിത്.മരണമടഞ്ഞവരുടെ മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള ഇടപെടൽ നടത്താൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയ മുഖ്യമന്ത്രി സ്ഥിതിഗതികൾ അവലോകനം ചെയ്തു.

പ്രവാസികേരളീയർക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തു നിന്നും, മിസ്സ്ഡ് കോള്‍ സർവ്വീസ്) ബന്ധപ്പെടാം.പരിക്കേറ്റവരുടെ തുടർചികിത്സയ്ക്കും മറ്റ് അടിയന്തര സഹായങ്ങൾക്കുമായി കുവൈറ്റിലെ മലയാളി അസ്സോസിയേഷനുകളുമായും ലോക കേരളാ സഭാ അംഗങ്ങളുമായും നിരന്തര സമ്പർക്കത്തിലാണെന്ന് നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാന്‍ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു.