റോഡ് ബ്ലോക്കാക്കി ഭീമൻ അനാകോണ്ട

Thursday 13 June 2024 6:55 AM IST

ബ്രസീലിയ: ഭീമൻ അനാകോണ്ടയെ കാരണം വഴിയിൽ കുടുങ്ങി വാഹനയാത്രികർ. ബ്രസീലിലാണ് സംഭവം. 25 അടിയോളം നീളമുള്ള അനാകോണ്ടയാണ് വഴിയാത്രക്കാരും ഡ്രൈവർമാരും നോക്കിനിൽക്കെ കൂളായി തിരക്കേറിയ ഹൈവേ മുറിച്ചുകടന്നത്. 2019ൽ നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോഴും വൈറലാണ്.

രണ്ടുവരി പാതയുടെ ആദ്യത്തെ വശം മുറിച്ചുകടന്ന അനാകോണ്ട പൊക്കത്തിലുള്ള ഡിവൈഡറിന് മുകളിലൂടെ ഇഴഞ്ഞുകയറി രണ്ടാമത്തെ വശത്തിറങ്ങി. തുടർന്ന് സാവധാനം റോഡിലൂടെ ഇഴഞ്ഞുനീങ്ങിയ അനാകോണ്ട സമീപത്തെ കുറ്റിക്കാട്ടിലേക്ക് ഒളിച്ചു. തിരക്കേറിയ ഹൈവേയിൽ സംഭവം അരങ്ങേറുമ്പോൾ വാഹനങ്ങൾ നിറുത്തിയിട്ടിരിക്കുകയായിരുന്നു.

ചിലർ അനാകോണ്ടയുടെ നീക്കത്തെ പിന്തുടർന്ന് ഒപ്പമുണ്ടായിരുന്നു. ഏതായാലും അനാകോണ്ടയോ ജനങ്ങളോ പരസ്പരം ഉപദ്രവിച്ചില്ല. അനാകോണ്ട പോയ ശേഷമാണ് റോഡിൽ ഗതാഗതം പുനഃരാരംഭിച്ചത്.

ലോകത്തെ ഏറ്റവും വലിയ പാമ്പാണ് അനാകോണ്ട. തെക്കേ അമേരിക്കയിലെ ആമസോൺ വനാന്തരങ്ങളിലും കരീബിയൻ ദ്വീപായ ട്രിനിഡാഡിലും അനാകോണ്ടകളെ കാണാം. പരമാവധി 30 അടി വരെ നീളവും 250 കിലോഗ്രാം വരെ ഭാരവും വച്ചേക്കാവുന്ന ഗ്രീൻ അനാകോണ്ട സ്പീഷീസാണ് ലോകത്തെ ഏറ്റവും ഭാരമേറിയ പാമ്പിന്റെ റെക്കാഡ് വഹിക്കുന്നത്.

Advertisement
Advertisement