ഗാസ വെടിനിറുത്തൽ: കരാറിൽ മാറ്റങ്ങൾ വേണമെന്ന് ഹമാസ്  ഇസ്രയേൽ ഗാസയിൽ യുദ്ധക്കുറ്റം ചെയ്തെന്ന് യു.എൻ റിപ്പോർട്ട്

Thursday 13 June 2024 6:59 AM IST

ടെൽ അവീവ് : ഗാസയിൽ വെടിനിറുത്തലിനായി യു.എസ് മുന്നോട്ടുവച്ച കരാറിൽ ചില മാറ്റങ്ങൾ ആവശ്യപ്പെട്ട് ഹമാസ്. ഇതോടെ മദ്ധ്യസ്ഥ ചർച്ചകൾ തുലാസിലായി. ഹമാസിന്റെ ആവശ്യങ്ങളിൽ ചിലത് പ്രായോഗികമല്ലെന്നും എന്നാൽ വിടവുകൾ നികത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അറിയിച്ചു.

മദ്ധ്യസ്ഥ ചർച്ചകൾക്കായി ബ്ലിങ്കൻ ഇന്നലെ ഖത്തറിലെത്തിയിരുന്നു. ഹമാസിന്റെ ചില ആവശ്യങ്ങൾ മുൻ ചർച്ചകളിൽ പരിഗണിച്ചിരുന്നെന്നും ബ്ലിങ്കൻ വ്യക്തമാക്കി. നിർദ്ദേശത്തിന് യു.എൻ രക്ഷാ സമിതി കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു. ഇസ്രയേൽ നിർദ്ദേശം അംഗീകരിച്ചെന്ന് യു.എസ് അറിയിച്ചു. എന്നാൽ ഇസ്രയേൽ ഇത് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.

അതേ സമയം, ഗാസയുദ്ധത്തിന്റെ പ്രാരംഭഘട്ടത്തിൽ ഇസ്രയേൽ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ ചെയ്തെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ (യു.എൻ) സ്വതന്ത്ര കമ്മിഷന്റെ അന്വേഷണ റിപ്പോർട്ട്. ഇസ്രയേലും ഹമാസ് അടക്കമുള്ള പാലസ്തീൻ സായുധ ഗ്രൂപ്പുകളും യുദ്ധക്കുറ്റങ്ങൾ ചെയ്തെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇസ്രയേൽ അന്താരാഷ്ട്ര മാനുഷിക, മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനങ്ങൾ നടത്തി.

പട്ടിണിയെ യുദ്ധരീതിയായി പ്രയോഗിച്ചു. ഗാസയിൽ ആഹാരം, വെള്ളം, മരുന്ന് തുടങ്ങിയ അവശ്യ വസ്തുക്കൾ ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടെന്ന് മാത്രമല്ല, മറ്റുള്ളവർ ഇവ വിതരണം ചെയ്യുന്നത് തടയാനും ശ്രമിച്ചു. ഗാസയിലെ സാധാരണ ജനങ്ങൾക്ക് നേരെ വ്യാപക ആക്രമണവും ക്രൂരതകളും നടത്തിയെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. അതേ സമയം, റിപ്പോർട്ടിനെ ഇസ്രയേൽ തള്ളി. ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 37,200 കടന്നു.

 തകർന്ന് ആരോഗ്യ സംവിധാനം

ഹമാസിന്റ കണക്ക് പ്രകാരം ഗാസയിൽ ഇതുവരെ:

 498 ആരോഗ്യ പ്രവർത്തകർ കൊല്ലപ്പെട്ടു

 64 ആശുപത്രികൾ പ്രവർത്തനരഹിതം

 130 ആംബലുൻസുകൾ തകർന്നു

 10,000 ക്യാൻസർ രോഗികളുടെ ജീവൻ അപകടത്തിൽ

Advertisement
Advertisement