'ഞാനിറങ്ങുന്നത് അച്ഛന്റെ രാഷ്ട്രീയത്തിൽ തന്നെയായിരിക്കണമെന്നില്ല'; പ്രതികരണവുമായി ഗോകുൽ സുരേഷ്‌

Thursday 13 June 2024 11:46 AM IST

രണ്ട് തവണത്തെ തോൽവിക്ക് ശേഷമാണ് സുരേഷ് ഗോപി തൃശൂരിൽ നിന്ന് ലോക്‌സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടത്. എഴുപതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച അദ്ദേഹം കേന്ദ്ര സഹമന്ത്രിയാകുകയും ചെയ്തു. തോൽവികളിലും വിജയത്തിലുമെല്ലാം അദ്ദേഹത്തിനൊപ്പം കുടുംബം ഉണ്ടായിരുന്നു.

അച്ഛൻ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സമയത്ത് മകനും നടനുമായ ഗോകുൽ സുരേഷ് പ്രതികരിച്ചിരുന്നു.'അച്ഛൻ തോറ്റതിൽ സന്തോഷമേയുള്ളൂ, എനിക്കെന്റെ അച്ഛൻ കൂടെയുണ്ട്. അച്ഛന് സമ്മർദം കുറവാണ്. അച്ഛന്റെ ആരോഗ്യം നഷ്ടപ്പെട്ടിട്ടില്ല. അച്ഛന്റെ ആയുസ് കൂടും'- എന്നായിരുന്നു ഗോകുൽ അന്ന് പറഞ്ഞത്.

ഇപ്പോഴിതാ ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സുരേഷ് ഗോപി വിജയിച്ചതിന് ശേഷം, പഴയ തന്റെ സ്റ്റേറ്റ്‌മെന്റിൽ വന്ന മാറ്റത്തെപ്പറ്റി പറഞ്ഞിരിക്കുകയാണ് ഗോകുൽ 'അച്ഛന് ടെൻഷൻ കൂടും. ജയിപ്പിച്ചുവിട്ട ജനങ്ങൾക്ക് പ്രതീക്ഷ കൂടും. അച്ഛന്റെ ആരോഗ്യം കുറയും, ഉത്തരവാദിത്തങ്ങൾ കൂടും. അതുകൊണ്ട് തന്നെ അച്ഛൻ ഞങ്ങളുടെയടുത്ത് ചിലപ്പോൾ മുഷേട്ടയാകും. ആദ്യവും ഞാൻ തൃശൂർ എടുക്കുമെന്ന് വിചാരിച്ചു. പക്ഷേ എടുത്തില്ല. പിന്നെ ചവിട്ടേറ്റ് കിടക്കുന്നയാൾ കേറിവരുമ്പോഴാണല്ലോ ആഘോഷിക്കാനും ആഘോഷിക്കപ്പെടാനും വകയുണ്ടാകുക' - ഗോകുൽ പറഞ്ഞു.


രാഷ്ട്രീയത്തിൽ ഇറങ്ങുന്നതുമായി ബന്ധപ്പെട്ടുള്ള അവതാരകയുടെ ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു. 'ഡിമാന്റ് ചെയ്യുന്നുണ്ടെങ്കിൽ, അതിനുള്ള പ്രായവും പക്വതയും എനിക്ക് ഉണ്ടെങ്കിൽ മാത്രം ചിലപ്പോൾ അറ്റൻഡ് ചെയ്യും. അത് ഈ രാഷ്ട്രീയം തന്നെയായിരിക്കണമെന്ന് നിർബന്ധമില്ല. ഇന്നില്ലാത്ത ഏതെങ്കിലുമൊരു രാഷ്ട്രീയം എനിക്ക് ഒരു അമ്പത് വയസാകുമ്പോൾ ഉണ്ടാകുമോയെന്നും എനിക്കറിയില്ല.

അന്ന് നമുക്ക് നോക്കാം. രാജ്യത്തിന്റെ എന്തെങ്കിലും ആവശ്യത്തിന് നമ്മൾ ഗുണകരമായി വരുമെങ്കിൽ അങ്ങനെ ചെയ്യുന്നതിൽ തെറ്റില്ല. ഇപ്പോൾ തത്ക്കാലം അങ്ങനെ യാതൊരു ഉദ്ദേശവുമില്ല. അച്ഛൻ ഇപ്പോൾ ഫോളോ ചെയ്തുകൊണ്ടിരിക്കുന്ന രാഷ്ട്രീയമോ, ഫോളോ ചെയ്യാത്ത രാഷ്ട്രീയങ്ങളോ ഒന്നും നമ്മളെ ബാധിക്കുന്ന കാര്യമല്ല. രാജ്യം നന്നായിട്ട് പോയാൽ മതി.'- ഗോകുൽ വ്യക്തമാക്കി.

നേരത്തെ നടി നിമിഷ സജയനെതിരായ സൈബർ ആക്രമണത്തിലും ഗോകുൽ പ്രതികരിച്ചിരുന്നു.തൃശൂർ ചോദിച്ചിട്ട് കൊടുത്തില്ല, ആ നമ്മളോടാണ് ഇന്ത്യ ചോദിക്കുന്നത്. നമ്മൾ കൊടുക്കുവോ, കൊടുക്കൂല'- എന്ന് നടി മുമ്പ് പറഞ്ഞതിന്റെ പേരിലായിരുന്നു നിമിഷയ്ക്കെതിരായ ആക്രമണം.

നിമിഷയ്‌ക്കെതിരായ സൈബറാക്രമണത്തിൽ വിഷമമുണ്ടെന്നായിരുന്നു ഗോകുൽ സുരേഷിന്റെ പ്രതികരണം. അതോടൊപ്പം തന്നെ സഹപ്രവർത്തകനാണെന്ന് പോലും ഓർക്കാതെയാണ് അച്ഛനെക്കുറിച്ച് നിമിഷ അന്ന് അങ്ങനെ പറഞ്ഞതെന്നും ഗോകുൽ വ്യക്തമാക്കിയിരുന്നു.

Advertisement
Advertisement