പ്രതികാരദാഹിയായ നസ്ര എന്ന സ്ത്രീയാണ് കുവൈറ്റിലെ ഏറ്റവും വലിയ തീപിടിത്തത്തിന് കാരണക്കാരി

Thursday 13 June 2024 12:33 PM IST

കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഇതിന് മുമ്പുണ്ടായ വലിയ തീപിടിത്തം 2009ലാണ്. ഓഗസ്റ്റ് 15ന് രാത്രി ജ‌ഹ്‌റ ഗവർണറേറ്റിലെ ഒയൂനിലെ ഒരു കല്യാണച്ചടങ്ങിനിടെയുണ്ടായ ദുരന്തത്തിൽ 57 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. 90 പേർക്ക് പരിക്കേറ്റു. തന്റെ ഭർത്താവ് രണ്ടാമതും വിവാഹം കഴിച്ചതിന് പ്രതികാരമായി 23കാരിയായ നസ്ര യൂസഫ് മുഹമ്മദ് അൽ - ഇനേസി എന്ന യുവതി ചടങ്ങ് നടന്ന ടെന്റിൽ പെട്രോൾ ഒഴിച്ചു തീകൊളുത്തുകയായിരുന്നു. മൂന്ന് മിനി​റ്റിനുള്ളിൽ ടെന്റ് അഗ്നിഗോളമായി. പുറത്തേക്കും അകത്തേക്കും കടക്കാൻ ഒറ്റ വാതിൽ മാത്രമാണുണ്ടായിരുന്നത്. സുരക്ഷാ ചട്ടങ്ങളും പാലിച്ചിരുന്നില്ല. 500 ഡിഗ്രി സെൽഷ്യസിലേറെ ചൂടിൽ സ്ത്രീകളും കുട്ടികളും വെന്തുമരിച്ചു. തൊട്ടടുത്ത ദിവസം അറസ്റ്റിലായ നസ്രയെ 2017 ജനുവരിയിൽ തൂക്കിലേറ്റി.

ഇടുങ്ങിയ ഫ്ളാറ്റിൽ തിങ്ങി നിറഞ്ഞ് തൊഴിലാളികൾ

കുവൈറ്റ് സിറ്റിക്കു തെക്കു ഭാഗത്ത് മംഗഫ് മേഖലയിലെ ആറു നിലകളുള്ള ഫ്ളാറ്റ് സമുച്ചയം. ഗ്ളാസ് ക്യുബിക്കിൾ തിരിച്ച ഇടുങ്ങിയ മുറികൾ. ഇവിടെ നാലാം ബ്ളോക്കിലാണ് ഇന്നലെ വൻ ദുരന്തത്തിനു വഴിതെളിച്ച തീപിടിത്തമുണ്ടായത്.

രാവിലെ ആറു മണിക്കാണ് പൊട്ടിത്തെറിയോടെ തീപടർന്നത്. അതിനാൽ നല്ലൊരു പങ്ക് തൊഴിലാളികളും ഫ്ളാറ്റിൽ തന്നെയുണ്ടായിരുന്നു. ഗ്രൗണ്ട് ഫ്ലോറിൽ നിന്നുയർന്ന പുകയിൽ ശ്വാസം മുട്ടിയാണ് പലരും മരിച്ചത്. ചിലർ താഴേക്ക് എടുത്തു ചാടി. ഗ്ളാസ് ചീളുകൾ പലരുടെയും ശരീരത്തിൽ തുളച്ചു കയറിയിട്ടുമുണ്ട്. ബ്ലോക്കിൽ196 പേർ താമസിക്കുന്നുണ്ട്. പരിക്കേറ്റ് ആശുപത്രിയിൽക്കഴിയുന്ന ഇന്ത്യക്കാരിൽ ഭൂരിഭാഗവും മലയാളികളാണ്. പലരും അപകട നില തരണം ചെയ്തിട്ടില്ല. മലയാളി മാനേജിംഗ് പാർട്ണറായിട്ടുള്ള കമ്പനിയിലെ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടവരിൽ ഏറെയും.

അപകടത്തെക്കുറിച്ച് വ്യത്യസ്ഥമായ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഷോർട്ട് സർക്യൂട്ടു കാരണം തീപിടിത്തമുണ്ടായി എന്നാണ് ഒരു വിവരം. എന്നാൽ അപകടമുണ്ടായ ഫ്ളാറ്റിലെ ഈജിപ്റ്റുകാരനായ വാച്ചർ തന്റെ ഇടുങ്ങിയ മുറിയിൽ പാചക വാതക സിലിണ്ടറുകൾ ബ്ളാക്കിൽ കച്ചവടം ചെയ്യാനായി സൂക്ഷിച്ചു വച്ചിട്ടുണ്ടായിരുന്നു. ചൂടുകാരണം അതിലൊന്ന് പൊട്ടിത്തെറിക്കുകയും തീപടർന്നു പിടിക്കുകയും ചെയ്യുകയായിരുന്നുവെന്ന് രക്ഷപ്പെട്ട ചിലർ പറയുന്നു.

സംഭവത്തെക്കുറിച്ച് ഇന്റീരിയർ മന്ത്രാലയത്തിലെ ക്രിമിനൽ എവിഡൻസ് വിഭാഗം മേധാവി മേജർ ജനറൽ ഈദ് അൽ ഒവാഹിന്റെ നേതൃത്വത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവസ്ഥലം സന്ദർശിച്ച കുവൈറ്റ് ഇന്റീരിയർ മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസുഫ് കുവൈറ്റിലെ മറ്റു ലേബർ ക്യാമ്പുകളിലെ സ്ഥിതി പരിശോധിക്കുമെന്നും സുരക്ഷാവീഴ്ചയുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. അപകടമുണ്ടായ ബിൽഡിംഗിന്റെ ഉടമയെ പിടികൂടിയിട്ടുണ്ട്.

പരമാവധി ചെലവു ചുരുക്കുകയെന്ന ലക്ഷ്യത്തോടെ പരിമിതമായ സൗകര്യങ്ങളാണ് കമ്പനികൾ തൊഴിലാളികൾക്കു നൽകുന്നത്. ഇത്തരം ക്യാമ്പുകളിലെ അവസ്ഥ പരിഹരിക്കുന്ന കാര്യത്തിൽ അധികൃതരുടെ ഭാഗത്തു നിന്ന് നടപടികൾ പൊതുവെ ഉണ്ടാകാറില്ല.

ലോകത്തെ എണ്ണ ഉത്പാദനത്തിന്റെ ഏഴു ശതമാനവും കുവൈറ്റിൽ നിന്നാണ്. ഓയിൽ റിഗ്ഗുകളിലും മറ്റു നിർമ്മാണ മേഖലകളിലും ജോലി ചെയ്യുന്ന തൊഴിലാളികളിൽ നല്ലൊരു പങ്കും ഇത്തരം ലേബർ ക്യാമ്പുകളിലാണ് കഴിയുന്നത്.

Advertisement
Advertisement