വന്ദേഭാരത് ആഴ്ചയിൽ മൂന്ന് ദിവസം മാത്രം; യാത്രക്കാരുടെ പ്രിയപ്പെട്ട റൂട്ടിൽ മാറ്റം, കാരണം വ്യക്തമാക്കി കൊങ്കൺ റെയിൽവെ

Thursday 13 June 2024 4:00 PM IST

മുംബയ്: വന്ദേഭാരത് എക്സ്‌പ്രസ് ട്രെയിനുകളുടെ സമയത്തിൽ മാറ്റംവരുത്തി കൊങ്കൺ റെയിൽവേ. മൺസൂൺ മഴ കാരണം ട്രാക്കുകളിൽ വെള്ളം കെട്ടിനിന്നും മറ്റും ഗതാഗതം തടസപ്പെടാൻ സാദ്ധ്യതയുള്ളതിനാലാണ് ഇതെന്നാണ് ഔദ്യോഗിക വിശദീകരണം. ജൂൺ പത്തിന് നിലവിൽവന്ന നിയന്ത്രണം ഒക്ടോബർ അവസാനംവരെ തുടരും. ഈ കാലയളവിൽ ആഴ്ചയിൽ മൂന്നുദിവസം മാത്രമായിരിക്കും വന്ദേഭാരത് സർവീസ് ഉണ്ടാവുക. കൊങ്കൺ പാതയിൽ സഞ്ചരിക്കുന്ന വന്ദേഭാരത് ട്രെയിനുകൾക്കും തേജ് എക്സ്‌പ്രസിനുമാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.

മുംബയ് CSMT- മഡ്ഗാവ് (22229/22230) , മുംബയ് CSMT-മഡ്ഗാവ് (22119/22120) എന്നീ രണ്ട് വന്ദേഭാരത് ട്രെയിനുകളുടെ സമയമാണ് മാറുന്നത്. ഏറെ യാത്രക്കാരുള്ള ട്രെയിനുകളാണിത്. തിങ്കൾ ബുധൻ വെള്ളി ദിവസങ്ങളിൽ മാത്രമാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. കൊങ്കണ്‍ മേഖലകളില്‍ കൂടി ഓടുന്ന ട്രെയിനുകള്‍ സുരക്ഷിതത്വത്തിന്റെ ഭാഗമായി വേഗത കുറച്ചാണ് സര്‍വീസ് നടത്തുന്നത്. കുന്നുകളും മലകളും കാരണമാണിത്. മണ്‍സൂണ്‍ കാലത്ത് ശരാശരി 75 കിലോമീറ്ററാണ് ഈ റൂട്ടിലെ വന്ദേഭാരത് സര്‍വീസുകളുടെ വേഗപരിധി നിജപ്പെടുത്തുന്നത്.

വേഗതയ്ക്ക് പേരുകേട്ട വന്ദേഭാരത് ട്രെനിയുകളുടെ വേഗത കേരളത്തിൽ കുറയുന്നു എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. വിവരാവകാശ രേഖപ്രകാരമുള്ള ചോദ്യത്തിന് മറുപടിയായിട്ടാണ് റെയില്‍വേ വേഗത കുറയുന്നകാര്യം തുറന്ന് സമ്മതിച്ചിരിക്കുന്നത്.

2020-21 കാലഘട്ടത്തില്‍ ശരാശരി 84.48 കിലോമീറ്റര്‍ വേഗത്തിലായിരുന്നു വന്ദേഭാരത് സഞ്ചരിച്ചിരുന്നത്. എന്നാല്‍ 2023-24 എത്തുമ്പോള്‍ 76.25 കിലോമീറ്ററിലേക്ക് വേഗത താഴ്ന്നു. വന്ദേഭാരത് മാത്രമല്ല മറ്റ് പല ട്രെയിനുകളുടെയും വേഗതയില്‍ കുറവു വന്നതായി റെയില്‍വേ അധികൃതര്‍ പറയുന്നു.

വന്ദേഭാരത് ഉള്‍പ്പെടെയുള്ള ട്രെയിനുകളുടെ വേഗത കുറയാനുള്ള കാരണവും റെയില്‍വേ തന്നെ വിശദീകരിക്കുന്നുണ്ട്. എന്നാല്‍ വന്ദേഭാരത് ട്രെയ്‌നിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളോ ട്രെയിനിന്റെ ക്ഷമതയുടെയോ പ്രശ്‌നമല്ല വേഗത കുറഞ്ഞതിന് പിന്നില്‍.


രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള റെയില്‍വേ പാളങ്ങളില്‍ വലിയതോതിലുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ഇതുമൂലം പലപ്പോഴും കൂടുതല്‍ വേഗത്തില്‍ പോകാന്‍ സാധിക്കില്ല. പുതിയ വന്ദേഭാരത് ട്രെയിനുകള്‍ കൂടുതല്‍ ദുഷ്‌കരമായ റെയില്‍വേ ലൈനുകളുള്ള റൂട്ടുകളില്‍ ഓടാന്‍ തുടങ്ങിയതും ശരാശരി വേഗതയില്‍ കുറവുണ്ടാകാന്‍ കാരണമായതായി റെയില്‍വേ പറയുന്നു.

Advertisement
Advertisement