സ്വന്തക്കാരാണെന്ന് പറഞ്ഞ് സ്നേഹം നടിച്ചുവന്നവരെ തിരിച്ചറിയാൻ വൈകി, ശ്രീജിത്ത് പണിക്കർക്കെതിരെ വീണ്ടും സുരേന്ദ്രൻ

Thursday 13 June 2024 4:15 PM IST

ശ്രീജിത്ത് പണിക്കർക്ക് മറുപടിയുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സ്വന്തക്കാരാണെന്ന് പറഞ്ഞ് സ്നേഹം നടിച്ചുവന്നവരെ തിരിച്ചറിയാൻ വൈകി എന്നാണ് മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് സുരേന്ദ്രൻ മറുപടി നൽകിയത്. ഏതൊരു യുദ്ധമുഖത്തും എതിരാളികളെ നേരിടാൻ സജ്ജരായി നിൽക്കുന്ന പടയാളികൾക്ക് സ്നേഹം നടിച്ചു വരുന്ന ഇത്തരം ആളുകളെ മനസിലാക്കിയെടുക്കാൻ അത്ര എളുപ്പമല്ല. ഇതു പ്രോത്സാഹിപ്പിച്ചാൽ ഭാവിയിൽ ദോഷം ചെയ്യുമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പ്രതികരിച്ചു.

കെ. സുരേന്ദ്രന്റെ വാക്കുകൾ-

''ഈ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് എതിരായിട്ട് ധാരാളം ആരോപണങ്ങളും ആക്രമണങ്ങളും പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു. പ്രത്യേകിച്ച് വിജയ സാദ്ധ്യതകളുള്ള സ്ഥലങ്ങളിലെല്ലാം. സുരേഷ് ഗോപിക്കെതിരെ ഒരു കൊല്ലം മുമ്പ് തന്നെ അത്തരം ആരോപണങ്ങൾ വന്നു. സുരേന്ദ്രൻ അദ്ദേഹത്തിന് സീറ്റു കൊടുക്കില്ല തുടങ്ങി സത്രീകൾക്കെതിരെയുള്ള ആക്രണം എന്നുവരെ സുരേഷ് ഗോപിക്കെതിരെ ആരോപണങ്ങൾ ഉണ്ടായിരുന്നു. അനിൽ ആന്റണി, ശോഭാ സുരേന്ദ്രൻ, രാജീവ് ചന്ദ്രശേഖർ തുടങ്ങിയവർക്കെതിരെയെല്ലാം ആരോപണങ്ങൾ വന്നു.

ഇത്തരം ആരോപണങ്ങളെയെല്ലാം പാർട്ടി പ്രവർത്തകർ അവരുടെ സർവശക്തിയുമെടുത്ത് പരാജയപ്പെടുത്തി. പക്ഷേ ഏറെ വേദനാജനകമായ കാര്യം, സ്വന്തക്കാരാണെന്ന് നടിക്കുന്ന ചിലർ നടത്തിയ ഏറ്റവും നീചമായിട്ടുള്ള പ്രചരണങ്ങളാണ്. ആ പ്രചാരണം, സുരേന്ദ്രൻ സുരേഷ് ഗോപിയേയും രാജീവ് ചന്ദ്രശേഖറിനെയും പരാജയപ്പെടുത്താൻ ശ്രമിക്കുന്നു എന്നതായിരുന്നു. ഏതൊരു യുദ്ധമുഖത്തും എതിരാളികളെ നേരിടാൻ സജ്ജരായി നിൽക്കുന്ന പടയാളികൾക്ക് സ്നേഹം നടിച്ചു വരുന്ന ഇത്തരം ആളുകളെ മനസിലാക്കിയെടുക്കാൻ അത്ര എളുപ്പമല്ല. ഇതു പ്രോത്സാഹിപ്പിച്ചാൽ ഭാവിയിൽ ദോഷം ചെയ്യും. ''

കഴിഞ്ഞ ആഴ്‌ചയാണ് പണിക്കർ- സുരേന്ദ്രൻ പ്രത്യക്ഷ പോരിന് തുടക്കം. കള്ളപ്പണിക്കർമാർ എന്നായിരുന്നു സുരേന്ദ്രന്റെ അഭിസംബോധന. തുടർന്ന് സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനവുമായി ശ്രീജിത്ത് രംഗത്തെത്തി. സുരേന്ദ്രനെ വ്യക്തിപരമായി ഉന്നംവച്ചുകൊണ്ടുള്ളതായിരുന്നു പണിക്കരുടെ കുറിപ്പ്.

ശ്രീജിത്ത് പണിക്കർ പറഞ്ഞത്-

'പ്രിയപ്പെട്ട ഗണപതിവട്ടജി,

നിങ്ങൾക്കെന്നോട് നല്ല കലിപ്പുണ്ടാകും. മകന്റെ കള്ളനിയമനം, തിരഞ്ഞെടുപ്പ് കാലത്തെ കുഴൽപ്പണം, തുപ്പൽ വിവാദം, സ്ഥലപ്പേര് വിവാദം ഇതിലൊക്കെ നിങ്ങളെ തള്ളിപ്പറഞ്ഞതിൽ നിങ്ങൾക്ക് നല്ല കലിപ്പുണ്ടാകും. സ്വാഭാവികം.

സ്വന്തം അധ്വാനത്തിന്റെ ബലത്തിൽ സുരേഷ് ഗോപി തൃശൂരിൽ ജയിച്ചപ്പോൾ അതിൽ പ്രത്യേകിച്ചൊരു പങ്കുമില്ലാത്ത നിങ്ങൾ എന്തിനാണ് എന്നോട് എട്ടുകാലി മമ്മൂഞ്ഞ് കളിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല.

സുരേഷ് ഗോപി തന്റെ മണ്ഡലത്തിൽ നടത്തിയ ഇടപെടലുകൾ, നേരിട്ട ആരോപണങ്ങളിലെ പൊള്ളത്തരങ്ങൾ ഇതേക്കുറിച്ചൊക്കെ ഞാൻ ചർച്ചകളിൽ പറഞ്ഞതിന്റെ പത്തിലൊന്ന് നിങ്ങൾ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ?

അനാവശ്യമായ ഒരു സ്ഥലനാമ വിവാദം കുത്തിപ്പൊക്കി, മറ്റ് സ്ഥാനാർഥികളുടെ കൂടി സാധ്യതകളെ അട്ടിമറിക്കാനാണ് നിങ്ങൾ ശ്രമിച്ചത്. അല്ലെങ്കിൽ ഒരു എംപിക്ക് എങ്ങനെ ഒരു സ്ഥലത്തെ പുനർനാമകരണം ചെയ്യാൻ കഴിയുമെന്ന എന്റെ ചോദ്യത്തിന് മറുപടി പറയൂ. കഴിഞ്ഞതവണ സാധ്യതകൾ ഇല്ലാതാക്കാൻ “മൂന്ന് ഡസൻ സീറ്റ്” എന്നതായിരുന്നു നിങ്ങളുടെ അവകാശവാദം.

പാർട്ടിയിൽ വരൂ പദവി തരാം, ഒപ്പം നിൽക്കൂ സീറ്റ് തരാം എന്നൊക്കെ പറഞ്ഞപ്പോൾ പണിക്കർ കള്ളപ്പണിക്കർ ആണെന്ന് അങ്ങേയ്ക്ക് തോന്നിയില്ലേ ആവോ? രണ്ടും നിഷേധിച്ചത് എന്റെ നിലപാട്. നിങ്ങളെയൊക്കെ മനസ്സിലാക്കാൻ രണ്ടാമതൊന്ന് നോക്കേണ്ടതില്ലല്ലോ.

മനുഷ്യരെ വെറുപ്പിക്കുന്ന കുത്തിത്തിരിപ്പ് മാറ്റിവച്ച് അവർക്ക് ഗുണമുള്ള കാര്യങ്ങൾ ചെയ്താൽ സുരേഷ് ഗോപിക്ക് കിട്ടിയ സ്വീകാര്യത നിങ്ങൾക്കും കിട്ടും. അല്ലെങ്കിൽ പതിവുപോലെ കെട്ടിവച്ച കാശു പോകും.

ഒരു കാര്യത്തിൽ നന്ദിയുണ്ട്. സോഷ്യൽ മീഡിയയിൽ ചിലർ എനിക്ക് ചാർത്തിത്തന്ന ആ ചാപ്പ നിങ്ങളായിട്ട് തിരുത്തിയല്ലോ. സന്തോഷം!

പണിക്കർ

Advertisement
Advertisement