സഹപ്രവർത്തകനെ വ്യാജ പോക്‌സോ കേസിൽ കുടുക്കിയത് രണ്ട് അദ്ധ്യാപികമാർ, അന്വേഷണത്തിൽ വ്യക്തമാകുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

Thursday 13 June 2024 4:30 PM IST

കാസർകോട്: അദ്ധ്യാപകനെ വ്യാജ പോക്‌സോ കേസിൽ കുടുക്കിയെന്ന ആരോപണം നേരിടുന്ന രണ്ട് അദ്ധ്യാപികമാർക്കെതിരെയും ഒരു സ്‌കൂൾ കൗൺസിലർക്കെതിരെയും പൊലീസ് അന്വേഷണം തുടങ്ങി. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ സർക്കാർ സ്‌കൂളിൽ പഠിപ്പിക്കുന്ന അദ്ധ്യാപികമാർക്കെതിരെയാണ് അന്വേഷണം.

അദ്ധ്യാപകനെതിരെ കുമ്പള പൊലീസ് എടുത്തിരുന്ന പോക്സോ ഹൈക്കോടതി റദ്ദാക്കിയതിനെ തുടർന്ന്, സസ്‌പെൻഡ് ചെയ്തിരുന്ന അദ്ധ്യാപകനെ കാസർകോട് വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടർ സർവ്വീസിൽ തിരിച്ചെടുത്തിട്ടുണ്ട്. പൊലീസിൽ പോക്‌സോ നിയമ പ്രകാരം പരാതി നൽകാൻ ടീച്ചർമാർ നിർബന്ധിച്ചുവെന്നും ഇവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാർത്ഥിനികളിൽ ഒരാളുടെ മാതാവ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്.

അദ്ധ്യാപകനെ പോക്‌സോ കേസിൽ അകപ്പെടുത്താൻ ഇതേ സ്‌കൂളിലെ രണ്ട് അദ്ധ്യാപികമാർ പത്താംതരത്തിൽ പഠിക്കുന്ന രണ്ട് പെൺകുട്ടികളെ നിർബന്ധിച്ചുവെന്ന് രക്ഷിതാക്കളും പി.ടി.എ ഭാരവാഹികളും നേരത്തെ ആരോപിച്ചിരുന്നു. പോക്‌സോ പരാതി തയ്യാറാക്കിയ ശേഷം വിദ്യാർത്ഥിനികളെ കൗൺസിലിംഗ് മുറിയിലേക്ക് വിളിച്ചുവരുത്തി നിർബന്ധിച്ച് പരാതിയിൽ ഒപ്പിടുവിക്കുകയായിരുന്നു.

എസ്.എസ്.എൽ.സി മാതൃകാ പരീക്ഷ നടക്കുന്ന സമയത്താണ് കുട്ടികളുടെ ഒപ്പ് വാങ്ങിയത്. ഒപ്പിട്ടില്ലെങ്കിൽ മാർക്ക് തരില്ലെന്നും തോൽപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയതായും ഇവർ പറയുന്നു. പരാതിയിൽ എന്താണ് എഴുതിയിരിക്കുന്നതെന്ന് വിദ്യാർത്ഥിനികൾ വായിച്ചു നോക്കിയിരുന്നില്ല. പിന്നീട് പൊലീസ് സ്റ്റേഷനിൽ നിന്നും ഫോൺ വിളിച്ചപ്പോഴാണ് അദ്ധ്യാപകനെതിരായ പരാതിയിലാണ് തങ്ങൾ ഒപ്പിട്ടതെന്ന് കുട്ടികൾ മനസ്സിലാക്കിയത്.

ഇതോടെ കുട്ടികൾ കടുത്ത മാനസിക സംഘർഷത്തിലായി. ഇക്കാരണത്താൽ ഇവർക്ക് എസ്.എസ്.എൽ.സി പരീക്ഷ നല്ല രീതിയിൽ എഴുതാനായില്ലെന്നും ഇത് കുട്ടികളുടെ ഭാവിയെ ബാധിക്കുമെന്ന ആശങ്കയുണ്ടെന്നും പരാതിയിൽ വ്യക്തമാക്കി. അദ്ധ്യാപികമാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി, ആരോഗ്യമന്ത്രി, ചൈൽഡ് ലൈൻ എന്നിവർക്കും പരാതി നൽകിയിരുന്നു.

കാസർകോട് ഡി.ഇ.ഒ ദിനേശ് നടത്തിയ അന്വേഷണത്തിലാണ് സത്യം പുറത്തുവന്നത്. ഡി.ഇ.ഒയുടെ അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് സസ്‌പെൻഷൻ കാലാവധി അവധിയായി കണക്കാക്കി അദ്ധ്യാപകനെ സർവ്വീസിൽ തിരിച്ചെടുത്തത്. അതേസമയം ക്രിമിനൽ നടപടികൾ ഹൈക്കോടതി റദ്ദാക്കിയെങ്കിലും സമൂഹത്തിന് മാതൃകയാകേണ്ടുന്ന അദ്ധ്യാപകനെതിരെ ഭാവിയിൽ ഇത്തരം പരാതികൾ ഉണ്ടായാൽ കർശന നടപടി എടുക്കുമെന്നും മുൻ ഡി.ഡി.ഇ എൻ. നന്ദികേശന്റെ ഉത്തരവിൽ പറയുന്നുണ്ട്.

Advertisement
Advertisement