കുപ്രസിദ്ധ മോഷ്ടാവ് ശ്രീനിവാസൻ അറസ്റ്റിൽ

Friday 14 June 2024 1:06 AM IST

കൊച്ചി: മോഷണവും പിടിച്ചുപറിയും ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് കർണാടക സ്വദേശി ശ്രീനിവാസൻ അറസ്റ്റിൽ. എറണാകുളം നോർത്ത് റെയിൽവ സ്റ്റേഷനിൽ നിന്ന് തിരുവനന്തപുരം ആർപിഎഫ് ക്രൈം ഇന്റലിജന്റ്‌സ് ബ്രാഞ്ച് ആണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലാകുന്ന സമയം 48,000 രൂപ വിലയുള്ള രണ്ട് സ്മാർട്ട് ഫോണുകൾ ഇയാളിൽ നിന്നും പിടിച്ചെടുത്തു. കഴിഞ്ഞദിവസം വൈകിട്ട് ആലുവ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തുനിന്ന യാത്രക്കാരിയുടെ ബാഗിൽ നിന്ന് കവർന്നതും എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ കയറുന്നതിനിടെ യാത്രക്കാരിയിൽ നിന്നും മോഷ്ടിച്ചതുമാണ് പിടിച്ചെടുത്ത ഫോണുകൾ. 27 കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ച ഇയാൾക്കെതിരെ പാലക്കാട്, ഷൊർണൂർ, തൃശൂർ, എറണാകുളം, കൊല്ലം തുടങ്ങിയ സ്ഥലങ്ങളിൽ കേസുകളുണ്ട്.തിരക്കുള്ള റെയിൽവേ സ്റ്റേഷനുകളിൽ ട്രെയിനിൽ കയറുന്ന സമയം യാത്രക്കാർ അറിയാതെ അവരുടെ പണവും ആഭരണവും മൊബൈൽ ഫോണുകളും മോഷ്ടിച്ചെടുത്ത് സ്ഥലം വിടുന്നതാണ് ഇയാളുടെ മോഷണശൈലി. മോഷണമുതലുകൾ വിറ്റ് പണമാക്കി അത് മദ്യപാനത്തിനും ലഹരി ഉപയോഗത്തിനുമാണ് ചിലവഴിച്ചിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് വിയ്യൂർ ജയിലേക്ക് മാറ്റി.

Advertisement
Advertisement