വനിതാ ഓട്ടോ ഡ്രൈവറെ മർദ്ദിച്ചതിന് പിന്നിൽ ബന്ധുവിന്റെ ക്വട്ടേഷൻ
കൊച്ചി: ഓട്ടം വിളിച്ചുകൊണ്ടുപോയി വനിതാ ഓട്ടോ ഡ്രൈവറെ രാത്രി ക്രൂരമായി മർദ്ദിച്ച് വഴിയിൽ തള്ളിയ സംഭവത്തിനു പിന്നിൽ ബന്ധുവിന്റെ ക്വട്ടേഷൻ. കേസിൽ രണ്ട് പേരെ ഞാറയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. മർദ്ദനേറ്റ കുഴുപ്പിള്ളി പള്ളത്താംകുളങ്ങര വളവ് ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ ചെറുവൈപ്പ് തച്ചാട്ടുതറ ജയലക്ഷ്മിയുടെ (45) അടുത്ത ബന്ധു പ്രിയങ്ക (30), പ്രിയങ്കയുടെ രണ്ടാം ഭർത്താവ് കുമ്പളം സ്വദേശി സജീഷിന്റെ സുഹൃത്ത് വെളിയത്താംപറമ്പ് കിഴക്ക് മയ്യാറ്റിൽ വീട്ടിൽ വിഥുൻ ദേവ് (25) എന്നിവരാണ് പിടിയിലായത്. സജീഷാണ് (38) മുഖ്യപ്രതി. ഇയാളും ക്വട്ടേഷൻ ഏറ്റെടുത്ത ആലപ്പുഴ സംഘത്തിലെ മൂന്ന് പേരും ഒളിവിലാണ്. വാരിയെല്ല് ഒടിഞ്ഞ് കലൂരിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ജയയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. എഫ്.ഐ.ആറിൽ ഗൂഢാലോചനക്കുറ്റവും ചേർത്തു.
ജയയുടെ പിതൃസഹോദരന്റെ മകളാണ് പ്രിയങ്ക. അയൽവാസികളായ ഇവരുടെ കുടുംബങ്ങൾ സ്വരച്ചേർച്ചയിലല്ല. ട്രക്ക് ഡ്രൈവറായ സജീഷ് ഈയിടെ കാർ വാങ്ങിയിരുന്നു. വഴിത്തർക്കമുള്ളതിനാൽ കാർ പ്രിയങ്കയുടെ വീട്ടിലേക്ക് കൊണ്ടുപോകാനായിരുന്നില്ല. ഇതിന്റെ പേരിൽ പ്രിയങ്കയും ജയയും തമ്മിൽ കഴിഞ്ഞദിവസം വാക്കുതർക്കമുണ്ടായിരുന്നു. ഇതിൽ കലിപൂണ്ട സജീഷ് ജയയെ മർദ്ദിക്കാൻ ക്വട്ടേഷൻ കൊടുക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ ഗുണ്ടാ സംഘം മുനമ്പത്തെ ആർ.കെ ലോഡ്ജിലെത്തി പദ്ധതി തയ്യാറാക്കി.
വിശദമായ ആസൂത്രണത്തിനു ശേഷം രാത്രി ക്വട്ടേഷൻ സംഘം സ്റ്റാൻഡിലെത്തി ജയയുടെ ഓട്ടോ വിളിച്ചു. മുൻകൂട്ടി തയ്യാറാക്കിയ റൂട്ട് വഴിയായിരുന്നില്ല ജയ ഇവരെ കൊണ്ടുപോയത് എന്നതിനാൽ അന്ന് പദ്ധതി ഉപേക്ഷിച്ചു. പിന്നേറ്റ് രാത്രി ആസൂത്രണം ചെയ്തതുപോലെ പദ്ധതി നടപ്പാക്കുകയായിരുന്നു.
പ്രിയങ്കയെയും വിഥുൻദേവിനെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.